ഓഹരി വിപണിയിലേക്ക് ഗ്ലോബല്‍ സര്‍ഫേസസും, രേഖകള്‍ സമര്‍പ്പിച്ചു

പുതിയ ഓഹരികളുടെ കൈമാറ്റവും ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ

Update: 2022-06-29 05:00 GMT

പ്രകൃതിദത്ത കല്ലുകള്‍ സംസ്‌കരിക്കുന്നതിലും എഞ്ചിനീയേര്‍ഡ് ക്വാര്‍ട്സ് നിര്‍മാണ രംഗത്തും പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സര്‍ഫേസസ് ലിമിറ്റഡ് (Global Surfaces Limited) ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് (SEBI) മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചു.

ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം പുതിയ ഓഹരികളുടെ കൈമാറ്റവും ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതായിരിക്കും പ്രാഥമിക ഓഹരി വില്‍പ്പന. മായങ്ക് ഷായുടെയും ശ്വേതാ ഷായുടെയും 25.5 ലക്ഷം ഇക്വിറ്റി ഷെയറുകളാണ് ഓഫര്‍ ഫോര്‍ സെയ്‌ലിലൂടെ കൈമാറുക. പുതുതായി 85.20 ലക്ഷം ഇക്വിറ്റി ഷെയറുകളും ഐപിഒയിലൂടെ വില്‍ക്കും. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ദുബായില്‍ ഗ്ലോബല്‍ സര്‍ഫേസസിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിനിയോഗിക്കും.

2022 സാമ്പത്തിക വര്‍ഷത്തില്‍, 33.93 കോടി രൂപയാണ് കമ്പനിയുടെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ രേഖപ്പെടുത്തിയത്. 2021 ല്‍ ഇത് 33.93 കോടി രൂപയായിരുന്നു. മൊത്തം വരുമാനം 2021 ലെ 179 കോടി രൂപയില്‍ നിന്ന് 198.35 കോടി രൂപയായി.

യുണിസ്റ്റോണ്‍ ക്യാപിറ്റലാണ് ഐപിഒയുടെ ഏക ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.



Tags:    

Similar News