ഐപിഓകളില്‍ പങ്കെടുക്കാതെ എന്ത് കൊണ്ട് മാറി നില്‍ക്കുന്നു; കാരണം പങ്കുവച്ച് നിഖില്‍ കാമത്ത്

സൊമാറ്റോയും സ്വിഗ്ഗിയും പേടിഎമ്മും ഐപിഓയുമായി രംഗത്തെത്തിയിട്ടും 'ഫോമോ'യില്‍ കുടുങ്ങാതെ സെറോധ സാരഥി.

Update:2021-11-08 18:00 IST

Image : File

2021 സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലെത്തിയ കാലം മാത്രമല്ല, ഓഹരിവിപണിയില്‍ ഐപിഓകളുടെ ചാകരക്കാലം കൂടിയായിരുന്നു. ഇന്ത്യ കാണുന്ന ഏറ്റവും വലിയ ഐപിഒ ആയ പേടിഎമ്മിന്റേതുള്‍പ്പെടെ ഇപ്പോഴും ഐപിഒ മഹാമഹം തുടരുകയാണ്. ഇനി വരുന്ന മാസങ്ങളിലും ഇന്ത്യയില്‍ ഐപിഒകളുടെ പൂരമാണ് വരാനൊരുങ്ങുന്നത്. എന്നാല്‍ ഈ ഐപിഓകളിലൊന്നും യാതൊരു 'ഫോമോ'യുമില്ലാതെ ഇരിക്കുന്ന ഒരു നിക്ഷേപകനുണ്ട്, സെറോധയുടെ സഹസ്ഥാപകനായ നിഖില്‍ കാമത്ത്.

ഫോമോ അഥവാ 'ഫിയര്‍ ഓഫ് മിസ്സിംഗ് ഔട്ട്' കൊണ്ട് പുറത്തിറങ്ങുന്ന ഇഷ്യുവിലെല്ലാം പങ്കെടുത്തേ മതിയാകൂ എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഓഹരിവിപണിയില്‍ വൈകാരികമായി ഇടപെടാതെ മാറി നില്‍ക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ റീറ്റെയ്ല്‍ ബ്രോക്കിംഗ് കമ്പനിയുടെ സാരഥികളിലൊരാള്‍. കൗമാരപ്രായത്തില്‍ ട്രേഡിംഗ് തുടങ്ങി ഓഹരിവിപണിയിലെ വിദഗ്ധരെ പോലും അതിശയിപ്പിച്ച കാമത്ത് സഹോദരന്മാരിലെ നിഖില്‍ കാമത്ത് പറയുന്നത് ഐപിഓകളില്‍ താന്‍ പങ്കെടുക്കാറില്ലെന്നാണ്.
ഓഹരിവിപണിയില്‍ ശുഭാപ്തി വിശ്വാസത്തോടെയുള്ള സമീപനം നല്ലതാണ്. എന്നാല്‍ ഓഹരി വിപണിയിലെ പെട്ടെന്നുള്ള പ്രകടനമോ സാധ്യതകളോ മാത്രം നോക്കി താന്‍ നിക്ഷേപിക്കാറില്ലെന്ന് കാമത്ത് സഹോദരന്‍ പറയുന്നു. പൊടുന്നനെയുള്ള ലാഭം നേടിത്തരുന്ന കമ്പനികളില്‍ വിശ്വാമര്‍പ്പിക്കാന്‍ കഴിയാറില്ലെന്നും അതിനാല്‍ തന്നെ ഏറെക്കാലം ഓഹരിയില്‍ നിന്ന ചരിത്രവും മൂല്യനിര്‍ണയവും താന്‍ പരിശോധിക്കാറുണ്ടെന്നാണ് നിഖില്‍ കാമത്ത് സൂചിപ്പിച്ചത്.
'പരമ്പരാഗത രീതിയില്‍ വിശ്വാസം'
ഐപിഓകളില്‍ താന്‍ അശുഭാപ്തി വച്ചുപുലര്‍ത്തുന്നു, എന്നാല്‍ ''ഐപിഒകള്‍ നടക്കുമ്പോള്‍ ഒരു പ്രത്യേക രീതിയില്‍ റീറ്റെയ്ല്‍ മണിയിലേക്ക് ഓഫ്ലോഡ് ചെയ്യുന്ന 'സ്മാര്‍ട്ട് മണി' എന്ന ആശയം എനിക്ക് ഇഷ്ടമല്ല.'' ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില്‍ ഐപിഓകളോടുള്ള തന്റെ വിമുഖത വ്യക്തമാക്കിയത്.
നിക്ഷേപത്തില്‍ താന്‍ പരമ്പരാഗതമായ രീതിയാണ് പിന്തുടരുന്നതെന്നും കാമത്ത് പറയുന്നു. പണമൊഴുക്കും ലാഭവും മൂല്യവുമുള്ള കമ്പനികളെ മനസ്സിലാക്കി തെരഞ്ഞെടുപ്പു നടത്താനും ശരിയായ സമയത്ത് നിക്ഷേപിക്കാനും ആണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് നിഖില്‍ കാമത്ത് വ്യക്തമാക്കി.


Tags:    

Similar News