ടൈറ്റന്‍ കമ്പനിയിലെ ഓഹരികള്‍ വെട്ടിച്ചുരുക്കി ജുന്‍ജുന്‍വാല

രാകേഷ് ജുന്‍ജുന്‍വാല ടൈറ്റന്‍ ഹോള്‍ഡിംഗുകള്‍ ഈ പാദത്തിലും വെട്ടിക്കുറച്ചു. ഓഹരിവിലയില്‍ ഇത് പ്രതിഫലിച്ചോ? അറിയാം.

Update: 2021-07-15 08:39 GMT

Pic courtesy: Alchemy Capital

ജൂണ്‍ പാദത്തില്‍ രാകേഷ് ജുന്‍ജുന്‍വാല ടൈറ്റന്‍ കമ്പനിയിലെ തന്റെ ഓഹരി വെട്ടിച്ചുരുക്കിയതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്‌ക്കൊപ്പം ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ് സ്ഥാപനത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരികളുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മാത്രം 22.50 ലക്ഷം ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാല വിറ്റത്. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 384 കോടി രൂപയുടെ ടൈറ്റന്‍ കമ്പനി ഓഹരികള്‍ ആണ് രാകേഷ് ജുന്‍ജുന്‍വാല വിറ്റതെന്നും കണക്കുകള്‍.

രേഖ ജുന്‍ജുന്‍വാലയുടെ ഓഹരി മാറ്റമില്ലാതെ 96.40 ലക്ഷം ഓഹരികള്‍ ആയി തുടരുന്നു. 1.09 ശതമാണ് ഇത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇവരുടെ രണ്ട് പേരുടെയും കൂടി 4.81 ശതമാനം ഓഹരിയാണ് ഇപ്പോള്‍ ടൈറ്റനിലുള്ളത്. ഏയ്‌സ് ഇക്വിറ്റിയുടെ കണക്കുകള്‍ പ്രകാരം 2003 ജൂണ്‍ പാദത്തിനുശേഷം തനിഷ്‌ക് ബ്രാന്‍ഡിന് കീഴില്‍ ഈ ഇന്‍വെസ്റ്റര്‍ ദമ്പതിമാരുടെ ഏറ്റവും താഴ്ന്ന ഓഹരിയാണ് ഇത്.
ടൈറ്റന്‍ ഓഹരിയുടെ മുഖമുദ്രയായിരുന്ന ജുന്‍ജുന്‍വാല ഹോള്‍ഡിംഗുകളിലെ കുറവ് വിപണിയില്‍ ബ്രാന്‍ഡിന്റെ മുഖം മങ്ങാനിടയാക്കുമോ എന്നാണ് നിക്ഷേപകര്‍ നോക്കിക്കാണുന്നത്.
വിദേശ പോര്‍ട്ട് ഫോളിയൊ നിക്ഷേപകര്‍(എഫ്പിഐ) തങ്ങളുടെ ടൈറ്റന്‍ ഓഹരി 18.41 ശതമാനം അഥവാ 16.34 കോടി ഷെയറുകളായി ഉയര്‍ത്തിയതും ഓഹരിക്ക് ഗുണം ചെയ്തിട്ടുണ്ട്. എല്‍ഐസിയും ടൈറ്റന്‍ കമ്പനിയിലെ ഓഹരി 3.91 ശതമാനത്തില്‍ നിന്ന് 3.96 ശതമാനമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ടൈറ്റന്‍ കമ്പനിയിലെ തങ്ങളുടെ ഓഹരി 3.86 കോടി ഓഹരികളില്‍ നിന്ന് 4.03 ശതമാനമായി കുറച്ച് 3.57 കോടി ഓഹരികളാക്കി. റീറ്റെയ്ല്‍ നിക്ഷേപകര്‍ (വ്യക്തിഗത ഓഹരി മൂലധനം രണ്ട് ലക്ഷം രൂപ വരെ) 9.03 ശതമാനത്തില്‍ നിന്ന് 8.93 ശതമാനമായി കുറച്ചിട്ടുമുണ്ട്.
ജൂണ്‍ അവസാന വാരത്തില്‍ ടൈറ്റന്‍ കമ്പനി ഓഹരി റെക്കോര്‍ഡ് വിലയായ 1,800 രൂപയിലെത്തിയിരുന്നു. 91 ശതമാനത്തോളമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലെ വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ 1,693.65 രൂപയാണ് ഇപ്പോള്‍ ടൈറ്റന്‍ ഓഹരി വില.
തുടര്‍ച്ചയായ മൂന്നാം പാദമായിട്ട് ജുന്‍ജുന്‍വാല ടൈറ്റനിലെ ഓഹരി വെട്ടിക്കുറച്ചതോടെ ടൈറ്റന്‍ കമ്പനിയുടെ ഓഹരി വിലയിലും ഒരു ശതമാനം ഇടിവ് പ്രകടമാണെന്ന് ഓഹരി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മറ്റു ചിലര്‍ പറയുന്നത്, ഓഹരിയുടെ ദീര്‍ഘ കാല വളര്‍ച്ചാ സാധ്യതയെ ജുന്‍ജുന്‍വാലയുടെ പിന്മാറ്റം ബാധിക്കില്ല എന്നാണ്.


Tags:    

Similar News