ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ 250 രൂപയില്‍ താഴെയുള്ള നാല് ഓഹരികള്‍
രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ഈ കമ്പനികളില്‍ കോടിക്കണക്കിനു രൂപയുടെ ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. വിദഗ്ധരുടെ അഭിപ്രായത്തില്‍ നിക്ഷേപകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവ നേട്ടം നല്‍കിയേക്കും.
രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ പോര്‍ട്ട്‌പോളിയോയില്‍ നിന്നും തെരഞ്ഞെടുപ്പു നടത്തുന്ന ചില നിക്ഷേപകര്‍ക്ക് ഉപകാരപ്പെടുന്ന വിധം ചില ഓഹരികളാണ് ഇവിടെ നല്‍കുന്നത്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മികച്ച ഓപ്ഷനെന്ന് അടുത്തിടെ വിദഗ്ധര്‍ വിശകലനം നടത്തിയവയാണ് ഇവ എങ്കിലും ഓഹരി വിദഗ്ധരുടെ അഭിപ്രായത്തോടെ തെരഞ്ഞെടുക്കുക. 250 രൂപയില്‍ താഴെയുള്ള ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ കറുത്ത കുതിരകളെ കാണാം.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ - 234.70 രൂപ
ആതുര സേവന രംഗത്ത് പ്രമുഖരായ ഈ ഹെല്‍ത്ത് കെയര്‍ കമ്പനിയില്‍ നെറ്റ് ഓഹരികളില്‍ 4.31 ശതമാനം രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുണ്ട്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ ഓഹരി വില അടുത്തിടെ ബ്രേക്ക് ഔട്ട് നല്‍കിയെന്നും സ്റ്റോക്ക് കൂടുതല്‍ നേട്ടത്തിലേക്ക് നീങ്ങുമെന്നും സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഡെല്‍റ്റ കോര്‍പ്പ് - 175.70 രൂപ
മുമ്പ് ഹീറോ വെബ്ടെക്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ഡെല്‍റ്റ കോര്‍പ്പ് ലിമിറ്റഡ് ഒരു ഇന്ത്യന്‍ ഗെയിമിംഗ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി കോര്‍പ്പറേഷനാണ്, നിരവധി ബ്രാന്‍ഡുകളില്‍ കാസിനോകളും ഹോട്ടലുകളും സ്വന്തമാക്കി പ്രവര്‍ത്തിക്കുന്നു. കാസിനോ ഗെയിമിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഏക ലിസ്റ്റുചെയ്ത കമ്പനിയാണിത്. 349.7 കോടിയുടെ ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഈ കമ്പനിയില്‍ ഉള്ളത്.
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎല്‍)- 133.60 രൂപ
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ജംഗിള്‍ സഫാരികള്‍, കൊട്ടാരങ്ങള്‍, സ്പാകള്‍, ഇന്‍-ഫ്‌ലൈറ്റ് കാറ്ററിംഗ് സേവനങ്ങള്‍ എന്നിവയുടെ ഒരു പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്. ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണിത്. 1868 ല്‍ ജംഷെട്്ജി ടാറ്റ സ്ഥാപിച്ച ഐഎച്ച്സിഎല്‍ ആസ്ഥാനം മഹാരാഷ്ട്രയിലെ മുംബൈയിലാണ്. 332.3 കോടി രൂപയുടെ ഷെയറുകളാണ് ജുന്‍ജുന്‍വാല ദമ്പതികള്‍ക്ക് ഈ ഗ്രൂപ്പിലുള്ളത്. ജുന്‍ജുന്‍വാല ഏറ്റവും അധികം നിക്ഷേപം നടത്തിയിട്ടുള്ള രണ്ടാമത്തെ കമ്പനി ടാറ്റയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതും കൂടെ ഉള്‍പ്പെടുന്നതാണ് ജുന്‍ജുന്‍വാലയുടെ ടാറ്റ നിക്ഷേപങ്ങള്‍.
നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി (എന്‍സിസി ലിമിറ്റഡ്)- 84.00 രൂപ
നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി അഥവാ എന്‍സിസിയില്‍ 663.9 കോടിയുടെ ഷെയറുകളാണ് രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്കുമായി ഉള്ളത്.