അദാനി വിഷയത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആര്‍ബിഐയും, ബാങ്കുകള്‍ നല്‍കിയത് 80,000 കോടി

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയോ അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് നിയമിക്കുന്ന കമ്മിറ്റിയോ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഓഹരികള്‍ കുത്തനെ ഇടിഞ്ഞിട്ടും അദാനി കമ്പനിയിലെ നിക്ഷേപങ്ങള്‍ എല്‍ഐസി വിറ്റിട്ടില്ല

Update:2023-02-04 10:01 IST

Pic Courtesy : Gautam Adani / Instagram

കേന്ദ്ര ധനമന്ത്രിക്ക് പിന്നാലെ, അദാനി വിഷയത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആവര്‍ത്തിച്ച് ആര്‍ബിഐയും. ബാങ്കുകള്‍ക്ക് കമ്പനികളുമായു്ള്ള സാമ്പത്തിക ഇടപാടുകള്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നാണ് ആര്‍ബിഐ അറിയിച്ചത്. അദാനി ഗ്രൂപ്പിനെ പേരെടുത്ത് പറയാതെയാണ് വിഷയത്തില്‍ ആര്‍ബിഐയുടെ പരാമര്‍ശം.

അദാനി ഗ്രൂപ്പിലെ ഓഹരികള്‍ ഇടിയുന്നത് ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തെ ബാധിക്കില്ലെന്നാണ് ഒരു അഭിമുഖത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ  പറഞ്ഞത്. ബാങ്കുകളില്‍ നിന്ന് ഏകദേശം 80,000 കോടി രൂപയോളം അദാനി ഗ്രൂപ്പ് വായ്പ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 27,000 കോടിയുമായി വായ്പാ ദാതാക്കളില്‍ എസ്ബിഐ ആണ് മുമ്പില്‍.

50 ശതമാനവും പൊതുമേഖല ബാങ്കുകളില്‍ നിന്ന്

അദാനിയുടെ ആകെ വായ്പകളുടെ 50 ശതമാനവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നാണ്. വിഷയത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ചൂണ്ടിക്കാട്ടി എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, എല്‍ഐസി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഓഹരികള്‍ കുത്തനെ ഇടിഞ്ഞിട്ടും അദാനി കമ്പനിയിലെ നിക്ഷേപങ്ങള്‍ എല്‍ഐസി വിറ്റിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 35,319.31 കോടിയുടെ നിക്ഷേപമാണ് അദാനി കമ്പനികളില്‍ എല്‍ഐസിക്കുള്ളത്.

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയോ അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് നിയമിക്കുന്ന കമ്മിറ്റിയോ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. അതേ കേന്ദ്രം വിഷയത്തില്‍ ഇന്ത്യന്‍ കമ്പനീസ് ആക്ടിന്റെ സെക്ഷന്‍ 206 പ്രകാരം അന്വേഷണം ആരംഭിച്ചതായാണ് വിരവം.

Tags:    

Similar News