വീണ്ടും റിലയന്‍സ്, ഇത്തവണ ഏറ്റെടുക്കുന്നത് യുഎസ് കമ്പനിയുടെ ഓഹരികള്‍
12 മില്യണ്‍ ഡോളറാണ് ഇടപാട് മൂല്യം
യുഎസ് കമ്പനിയിലെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (Reliance Industries Limited) പൂര്‍ണ ഉടമസ്ഥതയിലുള്ള റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ് (ആര്‍എന്‍ഇഎല്‍). കാലിഫോര്‍ണിയയിലെ പസഡേന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെയ്ലക്‌സ് കോര്‍പ്പറേഷന്റെ ഓഹരികളാണ് റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ് ഏറ്റെടുക്കുന്നത്. 12 മില്യണ്‍ ഡോളറാണ് ഇടപാട് മൂല്യം. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. പെറോവ്സ്‌കൈറ്റ് അടിസ്ഥാനമാക്കിയുള്ള സോളാര്‍ സാങ്കേതികവിദ്യയില്‍ ഗവേഷണവും വികസനവും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കെയ്ലക്‌സ് കോര്‍പ്പറേഷന്‍.
ലോകോത്തര പ്രതിഭകളുടെ പിന്തുണയോടെ,ഏറ്റവും നൂതനമായ ഹരിത ഊര്‍ജ ഉല്‍പ്പാദന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ തന്ത്രവുമായി കെയ്ലക്സിലെ നിക്ഷേപം ഒത്തുചേരുന്നുവെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.
ഞങ്ങളുടെ വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ റിലയന്‍സ് ഒരു മുന്‍നിര നിക്ഷേപകനായതില്‍ കേലക്സിന് അഭിമാനമുണ്ടെന്ന് കെയ്ലക്സ് കോര്‍പ്പറേഷന്റെ സിഇഒ സ്‌കോട്ട് ഗ്രേബീല്‍ പറഞ്ഞു. റിലയന്‍സുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതല്‍ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍മാണ ശേഷി വികസിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.