Markets

പുതിയ ഉയരങ്ങളില്‍നിന്ന് താഴ്ന്ന് റിലയന്‍സ്, കാരണമറിയണോ?

അഞ്ച് ദിവസത്തിനിടെ ഓഹരി വില ഒന്‍പത് ശതമാനത്തോളമാണ് കുറഞ്ഞത്‌

Dhanam News Desk

ഓഹരി വിപണിയില്‍ അഞ്ച് ദിവസത്തിനിടെ ഒന്‍പത് ശതമാനത്തോളം ഇടിവ് നേരിട്ട് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഓയില്‍-ടു-കെമിക്കല്‍സ് (O2C) കമ്പനിയായ റിലയന്‍സ്. കമ്പനിയുടെ അറ്റാദായം പ്രതീക്ഷിച്ച പോലെ ഉയരാത്തതാണ് ഓഹരി വിപണിയില്‍ തിരിച്ചടിയുണ്ടാകാന്‍ കാരണം. ഇന്ന് (09-05-2022, 12.15) 3.24 ശതമാനം ഇടിവോടെ 2,537.40 രൂപ എന്ന തോതിലാണ് റിലയന്‍സ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.

2021 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 16,203 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.5 ശതമാനം വര്‍ധനവുണ്ടായെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ കുറവായിരുന്നു ഇത്. നേരത്തെ, 2022 ഏപ്രില്‍ 29-ന് റിലയന്‍സിന്റെ ഓഹരി വില 2,855 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2.07 ട്രില്യണ്‍ രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. നേരത്തെ, മികച്ച പ്രവര്‍ത്തന ഫലമായിരിക്കുമെന്ന പ്രതീക്ഷകളാണ് റിലയന്‍സിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചത്. റിലയന്‍സിന്റെ ജനുവരി-മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനലാഭം 66 ശതമാനത്തിലധികം വര്‍ധിക്കുമെന്നാണ് ബ്രോക്കറേജുകള്‍ വിലയിരുത്തിയിരുന്നത്.

അതേസമയം, ഒരു വര്‍ഷത്തിനിടെ 32 ശതമാനത്തിന്റെ നേട്ടമാണ് റിലയന്‍സ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ഇക്കാലയളവില്‍ ഓഹരി വില ഉയര്‍ന്നത് 609 രൂപയോളം. എന്നാല്‍ ആറ് മാസത്തിനിടെ വെറും 0.56 ശതമാനമാണ് ഈ ഓഹരി നല്‍കിയ നേട്ടം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT