ഈ ടെക്ക് സര്‍വീസ് കമ്പനിയും ലിസ്റ്റിങ്ങിനൊരുങ്ങുന്നു, സമാഹരിക്കുന്നത് 1,000 കോടി
30-ലധികം ആഗോള ടെക്ക് ബ്രാന്‍ഡുകളുമായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്
എഎംഡി, ജെബിഎല്‍, എന്‍വിഡിയ, ഡെല്‍, ലെനോവോ, ഫിറ്റ്ബിറ്റ് എന്നിവയുടെ പാന്‍-ഇന്ത്യ വിതരണക്കാരായ ആര്‍പി ടെക്ക് (റാഷി പെരിഫറല്‍സ് പ്രൈവറ്റ് ലിമിറ്റഡ്) ഓഹരി വിപണിയില്‍ ലിസ്റ്റിങ്ങിനൊരുങ്ങുന്നു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1,000 കോടി രൂപയാണ് സമാഹരിക്കാന്‍ ലഭ്യമിടുന്നത്.
1989ല്‍ കൃഷ്ണ ചൗധരിയും സുരേഷ് പന്‍സാരിയും ചേര്‍ന്ന് സ്ഥാപിച്ച് ആര്‍പി ടെക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച് ഐടി വിതരണക്കാരിലൊന്നാണ്. 30-ലധികം ആഗോള സാങ്കേതിക ബ്രാന്‍ഡുകളുമായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള 9,000 ഡീലര്‍മാര്‍ക്ക് സേവനം നല്‍കുന്ന 50 ശാഖകളുടെയും 50 സേവന കേന്ദ്രങ്ങളുടെയും ശൃംഖലയും കമ്പനിക്കുണ്ട്. പുതിയ ഓഹരികളുടെ കൈമാറ്റവും ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതായിരിക്കും പ്രാഥമിക ഓഹരി വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ട്.
2021 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബി ടെക്ക് 5,865.59 കോടി രൂപയുടെ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 3,918.42 കോടി രൂപയായിരുന്നു. ഇന്ത്യയില്‍ അതിവേഗം വളരുന്ന ബിസിനസ് ടു ബിസിനസ് ടെക്‌നോളജി സൊലൂഷന്‍ ദാതാവാണ് ആര്‍പി ടെക്ക്.