പതിനഞ്ചുമാസത്തിനിടെ ഓഹരി വിലയില്‍ അഞ്ച് മടങ്ങ് വര്‍ധന നേടിയ കേരള കമ്പനി ഇതാണ്!

2020 മാര്‍ച്ചില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് കേരള കമ്പനിയായ റബ്്ഫിലയുടെ ഓഹരി വില 20.28 രൂപ. ഇന്ന് 100 രൂപയ്ക്ക് മുകളില്‍

Update: 2021-06-16 12:22 GMT

വെറും പതിനഞ്ചുമാസത്തിനിടെ ഓഹരി വിലയില്‍ അഞ്ചുമടങ്ങോളം വര്‍ധന നേടി കേരള കമ്പനിയായ റബ്ഫില ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. 2020 മാര്‍ച്ച് 24ന് റബ്ഫിലയുടെ ഓഹരി വില 20.28 രൂപയായിരുന്നുവെങ്കില്‍ ഇന്ന് (2021 ജൂണ്‍ 16ന് ) വ്യാപാരത്തിനിടെ ഓഹരി വില 104.40 രൂപ തൊട്ടു. കഴിഞ്ഞ 52 ആഴ്ചകള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് മാത്രം റബ്ഫിലയുടെ ഓഹരി വിലയിലുണ്ടായിരിക്കുന്ന വര്‍ധന 11 ശതമാനത്തിലേറെയാണ്.
പ്രതിസന്ധികള്‍ അവസരമാക്കി, നിക്ഷേപകര്‍ക്ക് നേട്ടമായി
ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബര്‍ ത്രെഡ് നിര്‍മാതാക്കളാണ് റബ്ഫില. കോവിഡ് ഒന്നാംതരംഗത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ ലോക്ക്ഡൗണിന് ശേഷം വിപണികള്‍ തുറന്നപ്പോള്‍ ചടുലമായി നടത്തിയ നീക്കങ്ങളാണ് റബ്ഫിലയുടെ മുന്നേറ്റത്തിന് കരുത്തായിരിക്കുന്നത്.

ഗാര്‍മെന്റ്‌സ്, ടോയ്‌സ്, ഫിഷിംഗ്, കത്തീറ്റര്‍, മെഡിക്കല്‍ വെബ്ബിംഗ്, ഫുഡ് പാക്കേജിംഗ്, ബഞ്ചി ജംപിംഗ് കോഡ് തുടങ്ങിയ മേഖലയിലെല്ലാം റബ്ഫില നിര്‍മിക്കുന്ന റബ്ബര്‍ ത്രെഡുകള്‍ ഉപയോഗിക്കുന്നുണ്ട്.

''കോവിഡ് ഒന്നാംതരംഗം കഴിഞ്ഞ് വിപണികള്‍ തുറന്നുതുടങ്ങിയപ്പോള്‍ ആഭ്യന്തര വിപണിയില്‍ ചെറിയൊരു തളര്‍ച്ചയുണ്ടായി. ആ സമയത്ത് ഞങ്ങള്‍ വളരെ ചടുലമായി വിദേശ വിപണികളില്‍ സാന്നിധ്യം ശക്തമാക്കാന്‍ നീക്കങ്ങള്‍ നടത്തി. ഇതോടൊപ്പം കമ്പനിയുടെ ഉല്‍പ്പാദന ശേഷിയും കൂട്ടി. ഉദുമല്‍പേട്ടിന് സമീപം മടത്തുകുളത്തെ പ്ലാന്റില്‍ വ്യാവസായിക ഉല്‍പ്പാദനം തുടങ്ങി. ഉല്‍പ്പാദന ശേഷി കൂടിയതോടെ ഞങ്ങള്‍ ഇപ്പോള്‍ റബര്‍ ത്രെഡ് നിര്‍മാണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനി എന്ന തലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്,'' റബ്ഫില ഇന്റര്‍നാഷണല്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ജി. കൃഷ്ണകുമാര്‍ പറയുന്നു.

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ തളരാതെ ഉയര്‍ന്നുവന്ന പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ റബ്ഫില നടത്തിയ ശ്രമങ്ങള്‍ പാഴായില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവാണ് നേടിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസ്‌കും ഫേസ് ഷീല്‍ഡും ലോകമെമ്പാടും അവശ്യവസ്തുവായതും റബ്ഫിലയ്ക്ക് ഗുണമായി. മാസ്‌കുകളിലും ഫേസ്ഷീല്‍ഡിലുമെല്ലാം റബര്‍ ത്രെഡിന്റെ ഉപയോഗമുണ്ട്. ''മറ്റ് മേഖലകളില്‍ തളര്‍ച്ചയുണ്ടായപ്പോഴും ഈ രംഗത്തെ ഉപയോഗം കൂടിയത് കമ്പനിക്ക് താങ്ങായി. പക്ഷേ രാജ്യാന്തര വിപണികളില്‍ കൂടുതല്‍ ചടുലമായി കടന്നുചെന്നതാണ് കമ്പനിക്ക് ഏറെ ഗുണം ചെയ്തത്,'' കൃഷ്ണകുമാര്‍ വിശദീകരിക്കുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യാന്തരതലത്തില്‍ ഉയര്‍ന്ന ചൈനീസ് വിരുദ്ധ വികാരവും ഒരു പരിധി വരെ റബ്ഫിലയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. കൂടുതല്‍ ഗാര്‍മെന്റ് കമ്പനികള്‍ റബ്ഫിലയുടെ റബര്‍ ത്രെഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. സൗത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ വിപണി കൂടുതല്‍ വിശാലമാക്കി. ഇറ്റലി, ജപ്പാന്‍ പോലുള്ള വിപണികളില്‍ പുതുതായി ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ ഉല്‍പ്പാദന ക്ഷമത കൂടിയതും മത്സരാധിഷ്ഠിതമായ വില നിര്‍ണയവുമാണ് രാജ്യാന്തര വിപണിയില്‍ മുന്നേറാന്‍ റബ്ഫിലയെ സഹായിച്ചത്.


Tags:    

Similar News