ഇമാജിന്‍ മാര്‍ക്കറ്റിംഗ് ഓഹരി വിപണിയിലേക്ക്, സെബി അനുമതി നല്‍കി

ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 2000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

Update: 2022-05-19 13:00 GMT

ബോട്ട് വയര്‍ലെസ് ഇയര്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് ബ്രാന്‍ഡിന്റെ ഉടമസ്ഥരായ ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്തുന്നു. ഇതിനുമുന്നോടിയായി പ്രാഥമിക ഓഹരി വില്‍പനയ്ക്കുള്ള (ഐപിഒ) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ അംഗീകാരം ലഭിച്ചു.

ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 2000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 900 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 1,100 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ. 1.5 കോടി ഇക്വിറ്റി ഓഹരികള്‍ ജീവനക്കാര്‍ക്കായി നീക്കിവച്ചിട്ടുണ്ട്.
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുകയില്‍ 700 കോടി രൂപ വായ്പകളുടെ തിരിച്ചടവിന് വേണ്ടിയാണ് വിനിയോഗിക്കുന്നത്. ബാക്കി തുക കമ്പനിയുടെ പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. ആക്‌സിസ് ക്യാപിറ്റല്‍, ബൊഫെ സെക്യൂരിറ്റീസ് ഇന്ത്യ, ക്രെഡിറ്റ് സ്യൂസ് സെക്യൂരിറ്റീസ് (ഇന്ത്യ), ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.


Tags:    

Similar News