വന്‍ വിലയുള്ള ഓഹരികള്‍ ഇനി കഷ്ണങ്ങളായി വാങ്ങാം; 'അമേരിക്കന്‍' മാതൃക നടപ്പാക്കാന്‍ സെബി
ചെറുകിട നിക്ഷേപകര്‍ക്ക് ഉയര്‍ന്ന വിലയുള്ള ഓഹരികളിലെ നിക്ഷേപം എളുപ്പമാകും
ഒറ്റ ഓഹരിക്ക് വില ഒരുലക്ഷം രൂപ! എം.ആര്‍.എഫിന്റെ കാര്യമാണിത്. ചെറുകിട നിക്ഷേപകര്‍ക്ക് അപ്രാപ്യമായ വില. പക്ഷേ, ഇനി ഈ ആശങ്ക അധികകാലം നീളില്ല. വന്‍ വിലയുള്ള ഇത്തരം ഓഹരികള്‍ അമേരിക്കയിലും മറ്റും നിലവിലുള്ളതുപോലെ കഷ്ണങ്ങളാക്കി (fractional shares) ചെറിയ വിലയ്ക്ക് വാങ്ങാവുന്ന സൗകര്യം ഇന്ത്യയിലും അവതരിപ്പിക്കാന്‍ ആലോചിക്കുകയാണ് സെബി.
കഴിഞ്ഞ വര്‍ഷം കമ്പനി ലോ കമ്മിറ്റിയാണ് ഫ്രാക്ഷണല്‍ ഷെയര്‍ നിര്‍ദേശം മുന്നോട്ട് വച്ചത്. ഇതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും നികുതി ഘടന പരിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. കമ്പനികാര്യ മന്ത്രാലയവും (എം.സി.എ) സെബിയും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്കും ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ക്കും ഒരുപോലെയാകും നിയമം ഭേദഗതി ചെയ്യുന്നത്.
ചെറുകിട നിക്ഷേപകര്‍ക്ക് വലിയ ഓഹരികളിലെ നിക്ഷേപം എളുപ്പമാക്കുന്നതാണ് ഓഹരികള്‍ ഭാഗങ്ങളായി വ്യാപാരം ചെയ്യുന്നത് അനുവദിക്കാനുള്ള നീക്കം. കാനഡ, ജപ്പാന്‍ എന്നിവയും ഫ്രാക്ഷണല്‍ ഓഹരി വ്യാപാരം അനുവദിക്കുന്നുണ്ട്.
എന്താണ് ഗുണം
പേജ് ഇന്‍ഡസ്ട്രീസ്, ഹണിവെല്‍, ശ്രീ സിമന്റ്‌സ്, അബോട്ട് ഇന്ത്യ എന്നിങ്ങനെ 10,000ത്തിനും 50,000ത്തിനും ഇടിയില്‍ വില വരുന്ന നിരവധി ഓഹരികള്‍ രാജ്യത്ത് വ്യാപാരം ചെയ്യുന്നുണ്ട്.
പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാം
ചെറിയ തുകകള്‍ വീതം വലിയ കമ്പനികളുടെ ഓഹരികളിലായി നിക്ഷേപിച്ച് പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും നിക്ഷേപകര്‍ക്ക് സാധിക്കും. ഉയര്‍ന്ന ഓഹരികളിലെ നിക്ഷേപം വര്‍ധിക്കാനും ഇത് ഗുണകരമാകും. പുതുതായി ഓഹരി വിപണിയിലേക്ക് വരുന്ന ചെറുകിട നിക്ഷേപകര്‍ വില കൂടിയ ഓഹരികളില്‍ നിക്ഷേപിക്കാന്‍ താത്പര്യം കാണിക്കാറില്ല. അതിന് ഒരു മാറ്റം വരുത്താനും പുതിയ നീക്കം സഹായകമാകുമെന്ന് നിക്ഷേപവിദഗ്ധര്‍ പറയുന്നു.