ഇടിവ് തുടര്‍ന്ന് ഓഹരി; നിഫ്റ്റി 17,000ന് താഴെ
ഇന്ന് നേട്ടമുണ്ടാക്കിയത് നാല് കേരള കമ്പനി ഓഹരികള്‍ മാത്രം
തുടര്‍ച്ചയായ രണ്ടാം സെഷനിലും ഓഹരി വിപണിയില്‍ ഇടിവ്. സെന്‍സെക്സ് 398.18 പോയിന്റ് ഇടിഞ്ഞ് 57527.10ലും നിഫ്റ്റി 131.90 പോയിന്റ് കുറഞ്ഞ്് 16945ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
1037 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 2454 ഓഹരികളുടെ വില ഇടിഞ്ഞു. 139 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് ഇടിവ് നേരിട്ട മുന്‍നിര ഓഹരികള്‍.
സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കി. എല്ലാ സെക്ടറല്‍ സൂചികകളും ഇടിവ് രേഖപ്പെടുത്തി. പി.എസ്.യു ബാങ്ക്, മെറ്റല്‍, റിയല്‍റ്റി എന്നിവ 2 ശതമാനവും കാപിറ്റല്‍ ഗുഡ്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ ഒരു ശതമാനം വീതവും ഇടിഞ്ഞു. ബി.എസ.്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകളും ഒരു ശതമാനം വീതം താഴ്ന്നു.
ഇടിവിന് പിന്നില്‍
ആഗോള ബാങ്കിംഗ് പ്രതിസന്ധിയുടെ നിഴല്‍, പലിശനിരക്ക് കൂട്ടിയ അമേരിക്കന്‍, യൂറോപ്യന്‍ കേന്ദ്രബാങ്കുകളുടെ നടപടി, അമേരിക്കന്‍, യൂറോപ്യന്‍ ഓഹരികളിലുണ്ടായ വില്പന സമ്മര്‍ദ്ദം എന്നിവയാണ് ഇന്ത്യന്‍ ഓഹരികളെയും നഷ്ടത്തിലേക്ക് വീഴ്ത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഓഹരി ഇടപാടിന്മേലുള്ള നികുതി (എസ്.ടി.ടി) കൂട്ടിയതും മ്യൂച്വല്‍ഫണ്ടുകളില്‍ നിന്നുള്ള മൂലധന നേട്ടത്തിന് എഫ്.ഡികളെപ്പോലെ നികുതി ഈടാക്കുമെന്ന തീരുമാനവും നിക്ഷേപകരെ ആശങ്കപ്പെടുത്തി.
നിരാശപ്പെടുത്തി കേരള ഓഹരികളും
നാല് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (4.95 ശതമാനം), നിറ്റ ജലാറ്റിന്‍ (3.31 ശതമാനം), കെ.എസ്.ഇ (0.02 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് (0.01 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഈസ്റ്റേണ്‍ ട്രെഡ്സിന്റെ ഓഹരി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.
അതേസമയം എഫ്.എ.സി.ടി, കിറ്റെക്സ്, കേരള ആയുര്‍വേദ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, മണപ്പുറം ഫിനാന്‍സ്, സി.എസ്.ബി ബാങ്ക്, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, ധനലക്ഷ്മി ബാങ്ക്, എ.വി.റ്റി നാച്ചുറല്‍, ഇന്‍ഡിട്രേഡ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം, വണ്ടര്‍ലാ ഹോളിഡേയ്സ് തുടങ്ങി 24 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.