സംഭവബഹുലമായിരുന്നു ഇന്ന് ഓഹരി വിപണിയിലെ വ്യാപാരം. രാവിലെ ഒന്‍പതയോടെ നിഫ്റ്റി 10 ശതമാനം ഇടിഞ്ഞതോടെ 2008 മെയിന് ശേഷം ഇതാദ്യമായി ഓഹരി വ്യാപാരം നിര്‍ത്തിവെച്ചു. ഇന്ത്യയില്‍ മാത്രമല്ല ഇതര ഏഷ്യന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലെ ഓഹരി വിപണികളും കോവിഡ് 19 നെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ കനത്ത തിരിച്ചടി നേരിട്ടു.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ട്രേഡിംഗ് പുനഃരാരംഭിച്ച ഉടന്‍ കുത്തനെയുള്ള തിരിച്ചുകയറ്റവും പ്രകടമായിരുന്നു. ഓഹരി വിപണിയുടെ പ്രവചനാതീതമായ ഈ കയറ്റിറക്കങ്ങള്‍ സമ്പന്നര്‍ക്കൊപ്പം സാധാരണക്കാര്‍ക്കും കനത്ത നഷ്ടമാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. ഇന്നലെ അവസാനിച്ച രണ്ടാഴ്ച കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവ് ഏകദേശം 15 ശതമാനമാണ്. ഇന്നലെ ഒരു ദിവസം കൊണ്ട് നിക്ഷേപകരുടെ നഷ്ടം 10.9 ലക്ഷം കോടി രൂപയായിരുന്നു. രാജ്യത്തെ അതിസമ്പന്നര്‍ക്കും ഇതുമൂലം ആസ്തിയില്‍ വന്‍ ഇടിവുണ്ടായി. വ്യാഴാഴ്ച മാത്രം റിലന്‍സ് സാരഥി മുകേഷ് അംബാനിക്കുണ്ടായത് 13,363 കോടി രൂപയുടെ നഷ്ടമായിരുന്നു.
ഇന്ത്യന്‍ ഓഹരി വിപണിയിലെ നഷ്ടങ്ങള്‍ അതിസമ്പന്നര്‍ക്കുമാത്രമല്ല, സാധാരണക്കാര്‍ക്കു കൂടി ഇപ്പോള്‍ ആഘാതമായിരിക്കുകയാണ്. മുന്‍പെന്നത്തേക്കാളും തീവ്രമായി ഓഹരി വിപണിയിലെ ഇടിവുകള്‍ ഇപ്പോള്‍ സാധാരണക്കാരെ ബാധിക്കുന്നുണ്ട്. മാര്‍ക്കറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് മുതല്‍ എസ് ഐ പിയ്ക്ക് ഇന്ന് സാധാരണക്കാര്‍ക്കിടയില്‍ ശക്തമായ വേരോട്ടമുണ്ട്.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നാഷണല്‍ പെന്‍ഷന്‍ സ്‌കീം സ്വീകരിച്ചിട്ടുണ്ട്. സാധാരണക്കാരായ ജീവനക്കാരുടെ ശിഷ്ടജീവിതത്തിന്റെ അത്താണിയാണിത്. മുകേഷ് അംബാനിയുടെ ആസ്തി ഒലിച്ചുപോകുന്നതിനൊപ്പം എന്‍ പി എസ് ഫണ്ടുകള്‍ക്കും ക്ഷീണമുണ്ടാകുന്നുണ്ട്. ഇത് തികച്ചും സാധാരണക്കാര്‍ക്കാണ് നഷ്ടമുണ്ടാക്കുക. ഇത് കൂടാതെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി ആയിരക്കണക്കിന് കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ ലക്ഷക്കണക്കിന് സാധാരണക്കാരുടെയും പണമുണ്ട്. മുന്‍പെന്നത്തേക്കാള്‍ ഓഹരി വിപണിയുമായി സാധാരണക്കാര്‍ക്ക് ബന്ധമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ ഇതായിരുന്നില്ല സ്ഥിതി.
മാത്രമല്ല, വിപണിയുടെ ചാഞ്ചാട്ടങ്ങളെ കുറിച്ച് ബോധ്യമുള്ള, അറിവുള്ള നിക്ഷേപകര്‍ അനുയോജ്യമായ സമയത്ത് നിക്ഷേപം പിന്‍വലിച്ച് നേട്ടമുറപ്പാക്കും. സാധാരണക്കാര്‍ക്ക് അത് സാധിക്കുന്നുമില്ല. അതുകൊണ്ട് കൂടുതല്‍ കൈപൊള്ളുന്നത് സാധാരണക്കാര്‍ക്കാണ്.
വിപണിയിലേക്ക് എടുത്തുചാടണ്ട
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടാകുന്ന ഈ സാഹചര്യത്തില്‍ ഇതാണ് ഓഹരികള്‍ വാങ്ങാന്‍ നല്ല സമയമെന്ന ധാരണയും ചിലരിലുണ്ടാകാം. എന്നാല്‍ നാം നേരിടാന്‍ പോവുന്നത് ഇതുവരെ ലോകം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയാണെന്ന നിരീക്ഷണമാണ് വിദഗ്ധരുടേത്. കൊറോണ അതിന്റെ തുടക്കം മാത്രമാണെന്നാണ് ഇവരുടെ അഭിപ്രായം. അതുകൊണ്ട് വിപണി ഇനിയും ഇടിയാന്‍ തന്നെയാണിട.
ഓഹരി വിപണിയില്‍ ഇടിവ് തുടര്‍ക്കഥയാവുമ്പോള്‍ പല കമ്പനികളും പാപ്പരാകാനും തകര്‍ന്നടിയാനും സാധ്യതയുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് മാത്രം മതി നിക്ഷേപം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline