സ്വര്‍ണം, ഓഹരി, റിയല്‍ എസ്‌റ്റേറ്റ്; പുതുവര്‍ഷത്തില്‍ എവിടെ നിക്ഷേപിക്കണം ?
ഇപ്പോഴുള്ള വിപണി സാധ്യതകളും വളര്‍ച്ചാ അനുമാനങ്ങളും അനുസരിച്ച് നിക്ഷേപകര്‍ എങ്ങനെയാണ് ആസ്തി വിഭജനം നടത്തേണ്ടത്?
നിക്ഷേപം എവിടെയാണ് സുരക്ഷിതമാക്കാന്‍ കഴിയുക? എവിടെ നിക്ഷേപിച്ചാല്‍ ആയിരിക്കും ഇപ്പോഴുള്ള വിപണി സാഹചര്യത്തില്‍ കൈപൊള്ളാതെയിരിക്കുക? പുതുവര്‍ഷത്തില്‍ ഏതൊക്കെ മേഖലകള്‍ക്കാണ് വളര്‍ച്ചാ സാധ്യത ഉള്ളത്? 2023 എത്തുമ്പോള്‍ പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നവര്‍ക്ക് മുന്നില്‍ ഇത്തരം ആശയക്കുഴപ്പങ്ങളും ഉയരും. നിക്ഷേപം ശരിയായ രീതിയില്‍ തെരഞ്ഞെടുത്ത് അതിന് അനുസരിച്ച് പണം വിനിയോഗിച്ചാല്‍ പരമാവധി വരുമാനം നേടാം. മികച്ച നിക്ഷേപം ഏതാണെന്ന് ഒറ്റകാഴ്ചയില്‍ ഒരാള്‍ക്ക് ചൂണ്ടിക്കാട്ടാന്‍ സാധിക്കില്ല. ഓരോരുത്തരുടെയും നിക്ഷേപ ലക്ഷ്യം, അനുയോജ്യമായ റിസ്‌ക് തുടങ്ങിയ തുടങ്ങിയ അനുസരിച്ച് ഓരോരുത്തര്‍ക്കും ചേരുന്ന നിക്ഷേപങ്ങള്‍ വ്യത്യസ്തമാകും.
സാധാരണക്കാര്‍ ദീര്‍ഘകാല നിക്ഷേപം പരിഗണിക്കുന്ന സമയത്ത് സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്, ബാങ്ക് എഫ്ഡികള്‍ എന്നിവിടങ്ങളിലേക്കാണ് ആദ്യം മനസ്സ് ചെന്നെത്തുക. ഓഹരിവിപണിയെക്കുറിച്ചുള്ള ആശങ്കകളാണ് നേരിട്ട് ഇതിലേക്കുള്ള നിക്ഷേപത്തില്‍ നിന്നും പലരെയും പിന്നോട്ട് വലിക്കുന്നത്. ഈ സാഹചര്യത്തില്‍ നേട്ടസാധ്യതകളെ പഠിച്ച് വേണം ആസ്തിവിഭജനം നടത്താന്‍. ഓരോ മേഖലയിലുമുള്ള നിക്ഷേപ സാധ്യതകള്‍ വിപണി വിദഗ്ധനും ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്റ്ററുമായ പ്രിന്‍സ് ജോര്‍ജ് വിശദമാക്കുന്നു.
വിപണി സാഹചര്യങ്ങളും ഘടകങ്ങളും
കോവിഡ് കാലത്ത് പല വികസിത രാജ്യങ്ങളും കറന്‍സികള്‍ വന്‍തോതില്‍ പ്രിന്റ് ചെയ്യുകയും രാജ്യങ്ങള്‍ക്ക് മോണിറ്ററി സപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം പല രാജ്യങ്ങളിലും പണപ്പെരുപ്പവും വര്‍ധിച്ചുവരുകയാണ്. അമേരിക്കയില്‍ 10 ശതമാനം പണപ്പെരുപ്പമെന്നത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഉയര്‍ന്ന നിരക്കാണ്. അമേരിക്കയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും മാന്ദ്യത്തിലേക്ക് കടക്കുമെന്നാണ് വിദഗ്ധ പഠനങ്ങള്‍ പറയുന്നത്.
സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ കൂട്ടുന്നതോടെ അസറ്റ് പ്രൈസുകളുടെ വില്‍പ്പന വര്‍ധിക്കുകയും ഗവണ്‍മെന്റ് ബോണ്ടുകളിലേക്ക് പണമൊഴുക്ക് ഉണ്ടാകുകയും ചെയ്യും. അമേരിക്കന്‍ ഫിക്‌സ്ഡ് ഇന്‍കം ഒഴുക്ക് കൂടിയതോടെ ഡോളറിന്റെ മൂല്യവും ഉയരത്തിലായി. ഡിമാന്റും വര്‍ധിച്ചു. ആഗോള വിപണിയില്‍ ഈ ട്രെന്‍ഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ നിക്ഷേപകര്‍ വളരെ ശ്രദ്ധയോടെ മാത്രം നിക്ഷേപങ്ങള്‍ നടത്തണം.
സ്വര്‍ണവും റിയല്‍ എസ്‌റ്റേറ്റും
സ്വര്‍ണം റഷ്യ- ഉക്രെയ്ന്‍ യുദ്ധസമയത്തുള്ള 2000 ഡോളറിന് മുകളിലുള്ള സ്ഥിതി മാറി 1650 ഡോളര്‍ വരെ താണ് ഇപ്പോള്‍ 1800 ലെവലുകളില്‍ ആണ് നില്‍ക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണം വലിയൊരു താഴ്ച നേരിട്ടിട്ടില്ല എന്നു കണക്കാക്കാം. റിയല്‍ എസ്‌റ്റേറ്റ് രംഗത്തും പോസിറ്റീവ് സൂചനകളാണ് കാണുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഉയര്‍ച്ചയില്‍ തന്നെ നില്‍ക്കുന്ന സാഹചര്യമാണിപ്പോഴുള്ളതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ ആഗോള നിക്ഷേപകരടക്കമുള്ളവര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുള്‍പ്പെടെ രാജ്യത്തെ നിക്ഷേപ ഓപ്ഷനുകളോട് വലിയ അളവില്‍ ശുഭാപ്തി പുലര്‍ത്തുകയാണ് ഇപ്പോള്‍. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വളര്‍ച്ച തന്നെയാണ് കാണാന്‍ കഴിയുന്നത്. ആഗോള സാമ്പത്തിക സൂചകങ്ങള്‍ നല്‍കുന്നത് ഇന്ത്യ, ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് മേഖല വളരുമെന്ന് തന്നെയാണ്.
ആസ്തിവിഭജനം എങ്ങനെ?
ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് ഇന്ത്യന്‍ ഓഹരിവിപണി, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് മേഖല എന്നിവയും ബോണ്ടുകളും ഫിക്‌സ് ഇന്‍കം പ്രോഡക്റ്റുകളും ആകര്‍ഷകമാണ്. വലിയ ഒരു വളര്‍ച്ചയില്ലെങ്കിലും റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വിലയിടിവിനുള്ള സാധ്യത കാണുന്നില്ല. റെറ പോലുള്ളവ ശക്തമായപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ്് രംഗത്തെ നിക്ഷേപകര്‍ക്ക് സുരക്ഷിതത്വവും കൂടി. അതിനാല്‍ തന്നെ ഈ രംഗത്തെ ഒരു മികച്ച നിക്ഷേപ സാധ്യതയായി പരിഗണിക്കാം.
ഫിക്‌സ്ഡ് ഇന്‍കം പ്രോഡക്റ്റ്‌സ് നിക്ഷേപകര്‍ക്ക് പരിഗണിക്കാം. മികച്ച കമ്പനികളുടെ ബോണ്ടുകള്‍ 9-9.9 ശതമാനം വരെ റിട്ടേണ്‍ ലഭിക്കും. സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് 7.5 ശതമാനം പലിശ ലഭിക്കും. പിപിഎഫ്, എന്‍പിഎസ് എന്നിവയും പരിഗണിക്കാം.
മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് 10-12 ശതമാനം റിട്ടേണ്‍ പുതുവര്‍ഷത്തിലും പ്രതീക്ഷിക്കാം. ഇടിഎഫ് വഴി നിക്ഷേപിക്കുന്നവര്‍ക്കും നേട്ടസാധ്യയുണ്ട്.
പുതുവര്‍ഷത്തില്‍ എവിടെ നിക്ഷേപിക്കണം?
സാമ്പത്തിക വര്‍ഷാംരംഭം അല്ലെങ്കില്‍ പോലും പുതുവര്‍ഷത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അടുത്ത മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ പരിഗണിക്കാം. 2024 ഇലക്ഷന്റെ വളരെ ചുരുങ്ങിയ കാലഘട്ടത്തിലേക്കുള്ള ഒരു അസ്ഥിരത ഒഴിവാക്കിയാല്‍ ഓഹരിവിപണിയിലും ബോണ്ടുകളിലും റിയല്‍ എസ്‌റ്റേറ്റിലും നിക്ഷേപങ്ങള്‍ നടത്താന്‍ ഭയക്കേണ്ടതില്ല.
50 വയസ്സില്‍ താഴെയുള്ള റിസ്‌ക് എടുക്കാന്‍ കഴിയുന്ന പ്രായക്കാര്‍ 50 ശതമാനത്തോളം ഓഹരിവിപണിയില്‍ നിക്ഷേപം നടത്താം. ഇന്ത്യന്‍ കമ്പനികളില്‍ നിന്നു മികച്ച വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളില്‍ നിക്ഷേപിക്കാം.
റിയല്‍ എസ്റ്റേറ്റ് ലിക്വിഡിറ്റി കുറഞ്ഞ നിക്ഷേപമാര്‍ഗമാണെങ്കിലും നഷ്ടസാധ്യത കുറവാണെന്നതിനാല്‍ നിക്ഷേപം നടത്തുന്നതില്‍ തെറ്റില്ല. 25-30 ശതമാനം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാം.
10 ശതമാനം സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. അടിയന്തരാമായ സാമ്പത്തിക ആവശ്യമുണ്ടാകുമ്പോള്‍ വേഗത്തില്‍ പണമാക്കി മാറ്റാനാകുന്നതാണ് സാധാരണ നിക്ഷേപകരെ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഇതോടൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തെ മറികടക്കുന്ന മാന്യമായ വരുമാനം നല്‍കാനും സ്വര്‍ണത്തിന് സാധിക്കും. എന്നാല്‍ ആഭരണങ്ങളായി നിക്ഷേപിക്കരുത്.
15 ശതമാനത്തോളം ബോണ്ടുകളിലോ ഫിക്‌സഡ് ഇന്‍കം ഡെപ്പോസിറ്റുകളിലോ നിക്ഷേപിക്കാം.