ആറ് മാസത്തിനിടെ ഓഹരി വില ഉയര്‍ന്നത് 1,100 ശതമാനത്തോളം, അത്ഭുതകരമായ നേട്ടം സമ്മാനിച്ച ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിതാ
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,561 ശതമാനത്തോളമാണ് ഓഹരി വില വര്‍ധിച്ചത്
ആറ് മാസം മുമ്പ് ഓഹരി വിപണിയില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ 11 ലക്ഷമായി വര്‍ധിച്ചാലോ? അതൊരു അത്ഭുതകരമായ നേട്ടമായിരിക്കുമല്ലേ... എങ്കിലിതാ നിക്ഷേപകര്‍ക്ക് ആറ് മാസം കൊണ്ട് അത്ഭുതകരമായ നേട്ടം സമ്മാനിച്ചിരിക്കുകയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് കമ്പനിയായ ബ്രൈറ്റ്‌കോം ഗ്രൂപ്പ്. ആറ് മാസത്തിനിടെ ഓഹരി വിലയില്‍ 1,108 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കമ്പനി നേടിയത്. ഏപ്രില്‍ 22ന് 6.16 രൂപയുണ്ടായിരുന്ന ഓഹരി വില ഇന്ന് (21-10-2021, 9.47) 73.25 രൂപയിലാണ് എത്തിനില്‍ക്കുന്നത്. അതായത് ഒരു വര്‍ഷത്തിനിടെ ഓഹരി വില ഉയര്‍ന്നത് 68.29 രൂപയോളം.
കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 63 ശതമാനമുയര്‍ന്നപ്പോള്‍ ഒരു വര്‍ഷം കൊണ്ട് ഓഹരി വിലയിലുണ്ടായ നേട്ടം 1,561 ശതമാനത്തോളമാണ്. ഒക്ടോബര്‍ 12 ലെ 85.85 രൂപയാണ് ഈ കമ്പനിയുടെ ഓഹരിയുടെ 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന ഓഹരി വില. ബ്രൈറ്റ്‌കോം ഗ്രൂപ്പിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയും ഇതാണ്.
അതേസമയം ഓഹരി വില കുതിച്ചുയര്‍ന്നതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സൊല്യൂഷന്‍സ് കമ്പനിയായ ബ്രൈറ്റ്‌കോം കഴിഞ്ഞ ആഴ്ച 1 ബില്യണ്‍ മാര്‍ക്കറ്റ് ക്യാപ് മാര്‍ക്ക് മറികടക്കുകയും ചെയ്തു. ഓഹരി വില 78.25 രൂപ തൊട്ടതോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ വിപണി മൂല്യം 8,150 കോടി രൂപയിലെത്തി.
നേരത്തെ, വൈബ്രന്റ് ഡിജിറ്റല്‍ എന്നറിയപ്പെട്ടിരുന്ന സ്ഥാപനം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏഴ് ഏറ്റെടുക്കലുകള്‍ നടത്താന്‍ നാല് റൗണ്ടിലൂടെ ഏകദേശം 100 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു.