പാശ്ചാത്യ ഉണർവിൽ പ്രതീക്ഷ; ഓഹരി സൂചിക താഴുമോ, ഉയരുമോ? ക്രൂഡ് ഓയിൽ വീണ്ടും ഉയരുന്നു, സ്വർണ്ണം താഴ്ചയിൽ

ഓഹരി വിപണിയുടെ തുടക്കം ഇന്നും താഴ്ചയോടെയോ? ക്രൂഡ് വില ഉയരുന്നു. സ്വർണ്ണം താഴ്ചയിൽ

Update: 2021-07-22 02:18 GMT

പ്രമുഖ കമ്പനികളുടെ മികച്ച റിസൽട്ടിൻ്റെ പിൻബലത്തിൽ പാശ്ചാത്യസൂചികകൾ രണ്ടു ദിവസം തുടർച്ചയായി ഉയർന്നു. ഈ ആവേശം ഇന്ന് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുമെന്ന വിശ്വാസത്തിലാണു ബ്രോക്കറേജുകൾ. സിംഗപ്പുരിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി 15,700നു മുകളിൽ എത്തിയതും ആവേശം പകരുന്നതാണ്. അതേ സമയം ക്രൂഡ് ഓയിൽ വില ഒറ്റ ദിവസം കൊണ്ട് നാലു ശതമാനം ഉയർന്ന് 72 ഡോളറിനു മുകളിൽ എത്തിയത് ഇന്ത്യക്കു നല്ല വാർത്തയല്ല.

ചൊവ്വാഴ്ചയും താഴോട്ടു പോയ ഇന്ത്യൻ വിപണി ഇന്നലെ അവധിയിലായിരുന്നു. ചൊവ്വാഴ്ച മുഖ്യസൂചികകളുടെ ഗതി വിപണി ഇനിയും ഗണ്യമായി താഴും എന്ന വിശകലനത്തിലേക്കാണു നയിക്കുക. നിഫ്റ്റി 15,450 മേഖലയിൽ എത്തിയിട്ടേ തിരിച്ചു കയറൂ എന്നു ചാർട്ടുകൾ വച്ച് സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച നിഫ്റ്റി 0.76 ശതമാനം താണ് 15,632.1 ലും സെൻസെക്സ് 0.68 ശതമാനം താണ് 52,198.51 ലും ക്ലോസ് ചെയ്തു.
എന്നാൽ ആഗോള വിപണികളുടെ ഗതി മാറ്റമാകും ഇന്ത്യൻ വിപണിയെ ഇന്നു നയിക്കുക എന്നാണു ബ്രോക്കറേജുകൾ വിശ്വസിക്കുന്നത്. യുഎസ് സൂചികകൾ ചൊവ്വാഴ്ച 1.5 ശതമാനവും ഇന്നലെ 0.83 ശതമാനവും ഉയർന്നു. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉണ്ടായ നഷ്ടത്തിൻ്റെ മുഖ്യഭാഗം വീണ്ടെടുത്തു. ഏഷ്യൻ വിപണികളും ഇതേ പാതയിലാണ് ബുധനാഴ്ച നീങ്ങിയത്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 15,711-ലേക്ക് കയറി. ഇന്ന് ഇന്ത്യൻ വിപണി ഉണർവോടെ തുടങ്ങുമെന്ന പ്രതീക്ഷയാണു ഡെറിവേറ്റീവ് വിപണി നൽകുന്നത്.

ക്രൂഡ് ഓയിൽ വില കുതിച്ചു

ക്രൂഡ് ഓയിൽ വിപണിയിൽ അപ്രതീക്ഷിത മാറ്റം. ഉൽപാദനം ഘട്ടം ഘട്ടമായി കൂട്ടാനുള്ള ഒപെക് പ്ലസ് തീരുമാനത്തെ തുടർന്ന് എട്ടു ശതമാനത്തോളം താണ വില ഇന്നലെ തിരിച്ചു കയറി. അമേരിക്കയിൽ ക്രൂഡ് സ്റ്റോക്ക് പ്രതീക്ഷയിലും വളരെ കൂടുതൽ വർധിച്ചിട്ടും വില നാലു ശതമാനം ഉയർന്നത് കണക്കു കൂട്ടലുകൾ തെറ്റിച്ചു. ക്രൂഡ് ഡിമാൻഡ് ഓഗസ്റ്റിൽ പ്രതിദിനം 996 ലക്ഷം വീപ്പയിലേക്ക് ഉയരുമെന്ന ജെപി മോർഗൻ വിലയിരുത്തൽ വിപണിയെ സ്വാധീനിച്ചു. ഏപ്രിലിലെ ആവശ്യത്തേക്കാൾ 5.4 ശതമാനം അധികമാണത്. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ഇന്നു രാവിലെ 72.24 ഡോളറിൽ എത്തി.
ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് 191 ശതമാനം ഉയർന്ന് 2470 കോടി ഡോളർ ആയി. 2020-ൽ കോവിഡ് ലോക്ക് ഡൗൺ മൂലം ഉപയോഗം കുത്തനെ ഇടിഞ്ഞതും ക്രൂഡ് വില റിക്കാർഡ് താഴ്ചയിലായതും ഇറക്കുമതിച്ചെലവ് കുറച്ചിരുന്നു. 2020-21 ലെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ശരാശരി ഇറക്കുമതി വില 30.4 ഡോളർ ആയിരുന്നത് ഇപ്പോൾ 68.6 ഡോളർ ആയിട്ടുണ്ട്.
കഴിഞ്ഞ ധനകാര്യ വർഷം മൊത്തം ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 12.7 ശതമാനം കുറഞ്ഞ് 1981 ലക്ഷം വീപ്പ ആയിരുന്നു. വിലക്കുറവു മൂലം ഇറക്കുമതിച്ചെലവ് 32.2 ശതമാനം താണ് 6270 കോടി ഡോളറിൽ എത്തി.

സ്വർണം താണു

സ്വർണ വിപണി താഴ്ചയിലാണ്. ബുധനാഴ്ച 1814 ഡോളർ വരെ കയറിയ സ്വർണം 1795 ഡോളർ വരെ താണു.പിന്നീട് 1802 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നലെ 1801 ഡോളറിലേക്കു സ്വർണം താണു. ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണ വിലയെ താഴോട്ടു നീക്കുന്നത്. കേരളത്തിൽ ബുധനാഴ്ച പവന് 280 രൂപ താണ് 35,920 രൂപയായി.
ഐപിഒ വിപണിയിൽ ഏറെ ആവേശമുയർത്തിയ സൊമാറ്റോയുടെ ഓഹരി നാളെ ലിസ്റ്റ് ചെയ്യും എന്നു റിപ്പോർട്ടുണ്ട്. 40 മടങ്ങ് അപേക്ഷകൾ ഉണ്ടായിരുന്നു ഐപിഒയ്ക്ക്.


Tags:    

Similar News