Markets

അനിശ്ചിതത്വം മാറുന്നില്ല; വിദേശികൾ വീണ്ടും വാങ്ങലുകാരായി; മേക്ക് ഇൻ ഇന്ത്യക്കിടയിൽ ഫോഡും മടങ്ങുന്നു; വളർച്ച പ്രതീക്ഷകൾ മാറുന്നത് എങ്ങനെ?

അടുത്ത വാരം ഓഹരി വിപണി ഇടിവിന് സാക്ഷ്യം വഹിക്കുമോ? ആദായനികുതി റിട്ടേണും ഇൻഫോസിസും, നിക്ഷേപകരെ വഴിതെറ്റിക്കുന്ന വിശകലനങ്ങൾ

T C Mathew

അവസാന മണിക്കൂറിലെ വ്യാപാരത്തിൽ സൂചികകൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. നീണ്ട വാരാന്ത്യ അവധിക്കു മുമ്പേ വിപണി ദിശാബാേധം കൈവരിച്ചിട്ടില്ല എന്നാണ് ഇതു നൽകുന്ന സൂചന. ( ഗണേശ ചതുർഥി പ്രമാണിച്ച് വിപണിക്ക് ഇന്ന് അവധിയാണ്.) തിരുത്തലിൻ്റെ സമയം അതിക്രമിച്ചു എന്നു കരുതുന്ന നിക്ഷേപ വിദഗ്ധർ അടുത്തയാഴ്ച കൂടുതൽ ഇടിവ് പ്രവചിക്കുന്നുമുണ്ട്.

യൂറോപ്യൻ വിപണികൾ ഇന്നലെ മിശ്ര ചിത്രമാണു നൽകിയത്. യുഎസ് വിപണിയിൽ മൂന്നു പ്രമുഖ സൂചികകളും താഴോട്ടു പോയി. ഡൗ തുടർച്ചയായ നാലാം ദിവസമാണു താഴുന്നത്. എന്നാൽ യു എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം (Yield) മൂന്നു ദിവസം ഉയർന്നിട്ട് ഇന്നലെ താണു. വളർച്ച സംബസിച്ചു കൂടുതൽ പ്രതീക്ഷ ഉണ്ടെന്നാണ് ഇതു കാണിക്കുന്നത്.

ഇന്നു രാവിലെ ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് ഉയർന്നിട്ടുണ്ട്. ഏഷ്യൻ ഓഹരി വിപണികളും നല്ല ഉണർവിലാണ്. ജപ്പാനിൽ നിക്കൈ തുടക്കത്തിൽ അര ശതമാനത്തോളം ഉയർന്നു.

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,382 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,375 ലേക്കു താണു.

മുഖ്യസൂചികകളെ അപേക്ഷിച്ചു കൂടുതൽ മെച്ചപ്പെട്ട പ്രകടനമായിരുന്നു മിഡ്, സ്മോൾ ക്യാപ് ഓഹരികളുടേത്. മിഡ് ക്യാപ് സൂചിക 0.29 ശതമാനവും സ്മോൾ ക്യാപ്സൂചിക 0.64 ശതമാനവും നേട്ടമുണ്ടാക്കി..

റിയൽറ്റി, ബാങ്ക്, ധനകാര്യ കമ്പനികൾ തുടങ്ങിയവയാണു വിപണിയെ താഴോട്ടു വലിച്ചത്. മെറ്റൽ, ഊർജ, ഐടി ഓഹരികൾ നേട്ടമുണ്ടാക്കി.

ഇന്നലെ വിദേശികൾ മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഓഹരികൾ വാങ്ങി. 423.44 കോടിയാണ് അവർ ഇന്നലെ ഓഹരികളിൽ നിക്ഷേപിച്ചത്. സ്വദേശി ഫണ്ടുകൾ 704.21 കോടിയുടെ ഓഹരികൾ വാങ്ങി.

വളർച്ച സംബന്ധിച്ച പ്രതീക്ഷ മെച്ചപ്പെട്ടതു വ്യാവസായിക ലോഹങ്ങളുടെ വിലയിലും പ്രതിഫലിച്ചു. ചെമ്പ്, അലൂമിനിയം തുടങ്ങിയവ 1.6 ശതമാനം ഉയർന്നു. എന്നാൽ ഇരുമ്പയിരു വില ഇന്നലെയും ഇടിഞ്ഞു.

സ്വർണ വില രാജ്യാന്തര വിപണിയിൽ ചെറിയ മേഖലയിൽ കയറിയിറങ്ങി. ഇന്നു രാവിലെ 1795 ഡോളറിലാണു സ്വർണം.

ക്രൂഡ് ഓയിൽ വില അനിശ്ചിതത്വമാണു കാണിക്കുന്നത്. ബ്രെൻറ് ഇനം വീപ്പയ്ക്ക് 71.3 ഡോളറിലേക്കു താണു.

ആദായനികുതി റിട്ടേണും ഇൻഫോസിസും

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 31-ലേക്കു നീട്ടി. സെപ്റ്റംബർ 30 നായിരുന്നു പതിവു പരിധി. റിട്ടേൺ സമർപ്പിക്കേണ്ട പോർട്ടലിലെ തകരാർ ചില്ലറയല്ലെന്നാണ് മൂന്നു മാസത്തേക്കു കാലാവധി നീട്ടിയതിലെ സൂചന. ഇൻഫോസിസ് ടെക്നോളജീസാണു പോർട്ടലിൻ്റെ സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സെപ്റ്റംബർ 15-നകം തകരാർ പരിഹരിക്കാൻ കമ്പനി എംഡിയെ വിളിച്ചു വരുത്തി ധനമന്ത്രി അന്ത്യശാസനം നൽകിയിരുന്നു.

ഫോഡും ഇന്ത്യയിൽ നിന്നു മടങ്ങുന്നു

ഫോഡ് മോട്ടോർ കമ്പനി ഇന്ത്യയിലെ വാഹന നിർമാണം അവസാനിപ്പിച്ച് പിന്മാറുന്നു. ഗുജറാത്തിലും തമിഴ് നാട്ടിലുമാണ് കമ്പനി ഫാക്ടറികൾ. ഗുജറാത്തിൽ എൻജിനുകൾ നിർമിച്ചു കയറ്റുമതി ചെയ്യുന്നതു തുടർന്നേക്കും. ഫാക്ടറികളിലും മാർക്കറ്റിംഗിലുമായി നാലായിരം പേർക്കു തൊഴിൽ നഷ്ടമാകും. ഡീലർഷിപ്പുകളിൽ 40,000 ലധികം പേർക്കു പണി ഇല്ലാതാകും.

മേക്ക് ഇൻ ഇന്ത്യ, ആത്മ നിർഭർ ഭാരത് തുടങ്ങിയ മുദ്രാവാക്യങ്ങൾക്കിടയിൽ ഇതു നാലാമത്തെ അമേരിക്കൽ വാഹന കമ്പനിയാണ് ഇന്ത്യയിൽ നിന്നു മടങ്ങുന്നത്. 2017 അവസാനം ജനറൽ മോട്ടോഴ്സും 2019 -ൽ യുഎം മോട്ടാേർ സൈക്കിൾസും 2020-ൽ ഹാർലി - ഡേവിഡ്സണും ഇന്ത്യയിലെ വാഹന നിർമാണം നിർത്തി. പത്തു വർഷം കൊണ്ട്‌ ഫോഡ് ഇന്ത്യക്ക് 200 കോടിയിലേറെ ഡോളർ (15,000 കോടി രൂപ) പ്രവർത്തന നഷ്ടം വന്നു. വിൽപനയും കയറ്റുമതിയും പ്രതീക്ഷ പാേലെ വളർന്നില്ല. ശേഷിയുടെ 20 ശതമാനത്തിൽ താഴെയേ കഴിഞ്ഞ വർഷം ഉൽപാദനം നടത്തേണ്ടി വന്നുള്ളു.

നിക്ഷേപകരെ വഴിതെറ്റിക്കുന്ന വിശകലനങ്ങൾ

അമേരിക്കൻ വളർച്ച സംബന്ധിച്ചു പരസ്പര വിരുദ്ധമായ കണക്കുകൾ വരുന്നതു വിപണിഗതിയിൽ അവ്യക്തതയും അനിശ്ചിതത്വവും ജനിപ്പിക്കുന്നുണ്ട്. ഒപ്പം ഇവയുടെ വ്യാഖ്യാനങ്ങൾ നിക്ഷേപകരിൽ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു. കാർഷികേതര തൊഴിൽ വർധന പ്രതീക്ഷിച്ചതിലും വളരെ കുറവായെന്നു കഴിഞ്ഞയാഴ്ച കണക്കു വന്നു. ഇന്നലെ വന്ന കണക്കിലാകട്ടെ തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾ തേടുന്നവരുടെ സംഖ്യ മഹാമാരിക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയെന്നു കാണിച്ചു.ഒപ്പം പുതിയ തൊഴിലവസരങ്ങളുടെയത്ര തൊഴിലന്വേഷകർ ഇല്ലെന്ന കണക്കും വന്നു. മൂന്നും പൊരുത്തപ്പെടുത്താൻ പ്രയാസപ്പെടുകയാണു വിപണിയും പൊതു ധനകാര്യ വിദഗ്ധരും. ഒരു ദിവസം തളർച്ച എന്നും രണ്ടു ദിവസം കഴിയുമ്പോൾ നല്ല വളർച്ച എന്നും പറയുന്നതിൻ്റെ അർഥം മനസിലാക്കാൻ സാധാരണ നിക്ഷേപകർക്കു കഴിയുന്നില്ല.

പ്രധാന കാര്യം ഓരോ കണക്കു വരുന്നതിനോടും പ്രതികരിക്കുന്ന വിപണി സമീപനമാണ്. വിശാലചിത്രത്തോടു താരതമ്യപ്പെടുത്തി നിഗമനങ്ങളിൽ എത്തുന്നതിനു പകരം ഓരോ കണക്കും സ്വയം സമ്പൂർണം എന്നു കണക്കാക്കി പ്രതികരിക്കുകയാണു വിപണി. അതു കൊണ്ടു തന്നെ അനുദിനമെന്നോണം നിലപാടുകളും നിഗമനങ്ങളും തിരുത്തേണ്ടി വരുന്നു. വിശകലനക്കാർ കൂടും തോറും വിശകലന വൈവിധ്യവും കൂടും. നിക്ഷേപകർ തീരുമാനമെടുക്കാൻ വയ്യാതെ ഇരുട്ടിൽ തപ്പും.

This section is powered by Muthoot Finance

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT