ക്രൂഡോയില്‍ കുതിപ്പില്‍ ഇടിഞ്ഞ് നിഫ്റ്റിയും സെന്‍സെക്‌സും; ബി.എസ്.ഇക്ക് നഷ്ടം ₹2.95 ലക്ഷം കോടി
ഐ.ടി, ഓട്ടോ, പൊതുമേഖലാ ബാങ്ക് ഓഹരികളില്‍ വന്‍ വീഴ്ച; പണപ്പെരുപ്പഭീതി വീണ്ടും ശക്തം
ക്രൂഡോയില്‍ വില വര്‍ദ്ധന, പണപ്പെരുപ്പ ഭീതി, ആഗോള ഓഹരി വിപണികളിലെ വീഴ്ച, വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക് എന്നിങ്ങനെ ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്ന് വെല്ലുവിളികള്‍ ഒട്ടേറെ ആഞ്ഞടിക്കുകയും നിക്ഷേപകര്‍ വില്‍പന സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്ന് നേരിട്ടത് കനത്ത നഷ്ടം. സെന്‍സെക്‌സ് 610.37 പോയിന്റ് (0.92%) ഇടിഞ്ഞ് 65,508.32ലും നിഫ്റ്റി 192.90 പോയിന്റ് (0.98%) താഴ്ന്ന് 19,523.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നൊരുവേള നിഫ്റ്റി 19,492 വരെയും സെന്‍സെക്‌സ് 65,423 വരെയും ഇടിഞ്ഞിരുന്നു. ഇന്നത്തെ ദിവസമുടനീളം ഇന്ത്യന്‍ സൂചികകള്‍ നഷ്ടത്തിലായിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ വിറ്റൊഴിയല്‍ മഹാമഹം കനത്തതോടെ നഷ്ടം കൂടുകയും ചെയ്തു.
സെന്‍സെക്‌സില്‍ 1,613 ഓഹരികളാണ് ഇന്ന് നേട്ടത്തിലേറിയത്. 2,050 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 127 ഓഹരികളുടെ വില മാറിയില്ല. 202 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരംകണ്ടെങ്കിലും വന്‍കിട ഓഹരികളുടെ തകര്‍ച്ചമൂലം ഓഹരി സൂചികകള്‍ നഷ്ടത്തില്‍ തന്നെ തുടര്‍ന്നു. 24 ഓഹരികള്‍ 52-ആഴ്ചത്തെ താഴ്ചയിലായിരുന്നു. 5 ഓഹരികള്‍ അപ്പര്‍-സര്‍കീട്ടിലും 6 എണ്ണം ലോവര്‍-സര്‍കീട്ടിലും വ്യാപാരം ചെയ്യപ്പെട്ടു.
ബി.എസ്.ഇയുടെ നിക്ഷേപക മൂല്യത്തില്‍ നിന്ന് ഇന്ന് ഒറ്റദിവസം 2.95 ലക്ഷം കോടി രൂപ കൊഴിഞ്ഞുപോയി. 319.61 ലക്ഷം കോടി രൂപയില്‍ നിന്ന് 316.65 ലക്ഷം കോടി രൂപയായാണ് മൂല്യം ഇടിഞ്ഞത്.
ഇന്ത്യന്‍ റുപ്പി ഇന്ന് ഡോളറിനെതിരെ മൂന്ന് പൈസ മെച്ചപ്പെട്ട് 83.19ലെത്തി. ആറ് പ്രമുഖ രാജ്യാന്തര കറന്‍സികള്‍ക്കെതിരെ ഡോളര്‍ ഇന്‍ഡെക്‌സ് 0.29 ശതമാനം താഴ്ന്ന് 106.36ല്‍ എത്തിയതും റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് നേട്ടമായി.
നിരാശപ്പെടുത്തിയവര്‍
എല്ലാ ഓഹരി വിഭാഗങ്ങളും ഇന്ന് നഷ്ടത്തിലായിരുന്നു. നിഫ്റ്റി ഐ.ടി സൂചിക 2.19 ശതമാനവും എഫ്.എം.സി.ജി 1.91 ശതമാനവും മീഡിയ 1.40 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി ഓട്ടോ 1.17 ശതമാനം, പി.എസ്.യു ബാങ്ക് 1.13 ശതമാനം. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.12 ശതമാനം എന്നിങ്ങനെയും നഷ്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍, ഫാര്‍മ, സ്വകാര്യബാങ്ക്, ധനകാര്യ സേവനം എന്നിവയും 0.49-0.96 ശതമാനം നഷ്ടത്തിലേക്ക് വീണു.
ബാങ്ക് നിഫ്റ്റി 0.64 ശതമാനം താഴ്ന്ന് 44,300ലെത്തി. നിഫ്റ്റി മിഡ്ക്യാപ്പ് 1.32 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.41 ശതമാനവും നഷ്ടം കുറിച്ചു. 2-4 ശതമാനം ഇടിവുമായി ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, വിപ്രോ എന്നിവയാണ് സെന്‍സെക്‌സില്‍ കൂടുതല്‍ നഷ്ടം നേരിട്ടത്. ബജാജ് ഫിന്‍സെര്‍വ്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ.ടി.സി, ഇന്‍ഫോസിസ് എന്നിവയും ചുവന്നു. ബെര്‍ജര്‍ പെയിന്റ്‌സ്, ഇന്ത്യന്‍ ബാങ്ക്, ഹിന്ദുസ്ഥാന്‍ ബാങ്ക്, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍, ടെക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ഇടിവിന് പിന്നില്‍
ക്രൂഡോയില്‍ വില ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും 100 ഡോളറിലേക്ക് അടുക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ കരിനിഴലായിട്ടുണ്ട്.
പണപ്പെരുപ്പം കുത്തനെ കൂടാനും അതുവഴി പലിശഭാരം വര്‍ദ്ധിക്കാനും ക്രൂഡോയില്‍ വിലക്കയറ്റം വഴിവയ്ക്കുമെന്നതാണ് മുഖ്യ ആശങ്ക. ഇന്ത്യയും ചൈനയുമടക്കം ക്രൂഡോയില്‍ ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന നിരവധി രാജ്യങ്ങളില്‍ പണപ്പെരുപ്പം നിയന്ത്രണാതീതമായി ഉയരും.
അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡുകളുടെ വളര്‍ച്ച, ഡോളറിന്റെ മുന്നേറ്റം എന്നിവയെല്ലാം വ്യക്തമാക്കുന്നത് അടിസ്ഥാന പലിശനിരക്ക് ഏറെക്കാലത്തേക്ക് ഉയര്‍ന്ന തലത്തില്‍ തന്നെ തുടരുമെന്നാണ്.
പ്രമുഖ ഏഷ്യന്‍ ഓഹരി സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലായിരുന്നു എന്നതും ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ സ്വാധീനിച്ചു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 96 ഡോളറിനടുത്താണുള്ളത്. ഡബ്ല്യു.ടി.ഐ ക്രൂഡ് 93 ഡോളറും കടന്നു.
സൗദിയും റഷ്യയും ക്രൂഡോയില്‍ ഉത്പാദനം വെട്ടിക്കുറച്ചതും അമേരിക്കയില്‍ ക്രൂഡ് സ്റ്റോക്ക് കുത്തനെ ഇടിഞ്ഞതുമാണ് ക്രൂഡ് വില കുതിക്കാന്‍ ഇടവരുത്തിയത്. ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഭീമനായ എവര്‍ഗ്രാന്‍ഡെയുടെ വീഴ്ചയും ഓഹരി നിക്ഷേപകരെ വലച്ചേക്കും (Click here to read more).
പിടിച്ചുനിന്നവര്‍
ഓഹരികളില്‍ നിരാശയുടെ പുഴയൊഴുകിയിട്ടും ഒഴുക്കിനെതിരെ നീന്തി പിടിച്ചുനിന്ന പ്രമുഖ കമ്പനികളുമുണ്ട്. എസ്.ബി.ഐ., ഭാരതി എയര്‍ടെല്‍, എല്‍ ആന്‍ഡ് ടി., ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ് എന്നിവ സെന്‍സെക്‌സില്‍ നേട്ടം കുറിച്ചവയാണ്.
എഫ്.എസ്.എന്‍ ഇ-കൊമേഴ്‌സ് (നൈക), ക്രോംപ്ടണ്‍ ഗ്രീവ്‌സ്, പി.ബി. ഫിന്‍ടെക് (പോളിസിബസാര്‍), ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി), ടാറ്റാ ടെലി (മഹാരാഷ്ട്ര) എന്നിവയാണ് നിഫ്റ്റി 200ല്‍ ഏറ്റവുമധികം നേട്ടം രേഖപ്പെടുത്തിയത്.
കേരള കമ്പനികള്‍ സമ്മിശ്രം
കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികള്‍ ഇന്ന് പൊതുവേ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ബി.പി.എല്‍ 6.73 ശതമാനം, സഫ സിസ്റ്റംസ് 5.02 ശതമാനം, കേരള ആയുര്‍വേദ 5 ശതമാനം, സി.എസ്.ബി ബാങ്ക് 3.24 ശതമാനം എന്നിങ്ങനെ നേട്ടം കുറിച്ചു. എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാറിനെതിരെ ഇ.ഡിയെടുത്ത കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടി മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ക്കും നേട്ടമായി; ഓഹരി വില ഇന്ന് 0.95 ശതമാനം നേട്ടത്തിലാണ് (Click here to read more)
അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, വണ്ടര്‍ല, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ 1-4 ശതമാനം നഷ്ടത്തിലാണ്.