ഓഹരി വിപണിയിൽ ചാഞ്ചാട്ടം, പൊതുമേഖലാ ബാങ്ക് ഓഹരികൾ നേട്ടത്തിൽ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നാലു ശതമാനം ഉയരത്തിൽ;

Update:2023-09-18 12:05 IST

Representational Image From Pixabay

വിപണി ഇന്നു താഴ്‌ന്നു തുടങ്ങി. വീണ്ടും താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു. പൊതുമേഖലാ ബാങ്ക് ഓഹരികൾ ഇന്നു ഗണ്യമായ നേട്ടം കാണിച്ചു. പി.എസ്.യു ബാങ്ക് സൂചിക 2.75 ശതമാനം കയറി. പ്രെെവറ്റ് ബാങ്ക് സൂചിക 0.45 ശതമാനം താഴ്ചയിലായി. പിന്നീട് നഷ്ടം കുറച്ചു.

ഐടി, ധനകാര്യ സേവന, റിയൽറ്റി മേഖലകളും തുടക്കത്തിൽ ഇടിവിലായി.

സ്വതന്ത്ര ഡയറക്ടറുടെ രാജിയെ തുടർന്ന് ധനലക്ഷ്മി ബാങ്ക് ഓഹരി രാവിലെ ഏഴു ശതമാനം ഇടിഞ്ഞു. ബാങ്ക് നടത്തിപ്പിനെ പറ്റി പല ആക്ഷേപങ്ങളും ഉയർത്തിക്കൊണ്ടാണ് ഡയറക്ടർ രാജിവച്ചത്.

സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്ന് നാലു ശതമാനത്തിലധികം ഉയർന്ന് 25.75 രൂപ വരെ കയറി. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്.

മധ്യപ്രദേശ് സർക്കാരിൽ നിന്ന് 1078 കോടിയുടെ ഒരു കരാർ ലഭിച്ചത് എച്ച്എഫ്സിഎൽ ഓഹരിയെ അഞ്ചു ശതമാനം ഉയർത്തി.

കൊച്ചിൻ ഷിപ്പ് യാർഡിൽ നിന്നുള്ള 2100 കോടിയുടെ അടക്കം 2900 കോടി രൂപയുടെ പുതിയ ഓർഡറുകൾ ലഭിച്ചത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനെ നാലു ശതമാനം ഉയരത്തിലാക്കി.

735 രൂപയിൽ ഐപിഒ നടത്തിയ ജൂപ്പിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റൽ 32 ശതമാനം ഉയർന്ന് 973 രൂപയിൽ ലിസ്റ്റ് ചെയ്തു. പിന്നീട് ഓഹരി 1012 രൂപ വരെ കയറി.

രൂപ ഇന്നു നേട്ടത്തോടെ തുടങ്ങി. ഡോളർ ഒൻപതു പൈസ താണ് 83.09 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 83.13 രൂപയായി.

സ്വർണം ലോകവിപണിയിൽ 192 9 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 120 രൂപ കൂടി 44,040 രൂപയായി.

ഗണേശ ചതുർഥി ദിനമായ നാളെ ഇന്ത്യൻ ഓഹരി വിപണിക്ക് അവധിയാണ്.


Tags:    

Similar News