ചാഞ്ചാട്ടത്തില്‍ വിപണി, ഒഎന്‍ജിസി ഓഹരി വില താഴ്ന്നു
വിശാല വിപണിയില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വരെ ഉയര്‍ന്നു;
ഇന്നലെ ഓഹരി വിപണി രക്തച്ചൊരിച്ചിലിന് സാക്ഷിയായെങ്കിലും ഇന്ന് വ്യാപാരം ആരംഭിച്ചത് നേരിയ നഷ്ടത്തോടെ. ബഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സ് 52,430 പോയ്ന്റിലും നിഫ്റ്റി 15,747 പോയ്ന്റിലുമാണ് വ്യാപാരത്തിന് തുടക്കമിട്ടത്. ഐടി ഓഹരികളാണ് വിപണിയെ ഇന്ന് മുന്നോട്ടേക്ക് നയിച്ചത്. ഇന്നലെ ഒരു ഘട്ടത്തില്‍ പോലും വിപണി പച്ച തൊട്ടില്ലെങ്കിലും സൈന്‍സെക്‌സും നിഫ്റ്റിയും ഇന്ന് പച്ചയിലും ചുവപ്പിലുമായി ചാഞ്ചാടുകയാണ്. ഐടി രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസ്, ടിസിഎസ്, ടെക് എം, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇവയുടെ ഓഹരികള്‍ മൂന്നുശതമാനം വരെ ഉയര്‍ന്നു.
വിശാലമായ വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനം വരെയാണ് ഉയര്‍ന്നത്. മേഖലകളില്‍ ഐടി, ഹെല്‍ത്ത്കെയര്‍, പിഎസ്യു, മീഡിയ സൂചികകള്‍ വിപണിയെ ശക്തമായി മറികടക്കുകയും ഒരു ശതമാനത്തിലധികം ഉയരുകയും ചെയ്തു. നിഫ്റ്റി ബാങ്ക്, മെറ്റല്‍സ്, ഓട്ടോ, ഫിനാന്‍ഷ്യല്‍സ് നെഗറ്റീവിലാണ് തുടരുന്നത്. നിഫ്റ്റി മെറ്റലിനാണ് ഏറ്റവും കൂടുതല്‍ നഷ്ടം, രണ്ട് ശതമാനം ഇടിവ്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ പര്യവേക്ഷണ, ഉല്‍പ്പാദന കമ്പനിയായ ഒഎന്‍ജിസിയുടെ ഓഹരി വില നാല് ശതമാനത്തോളമാണ് ഇടിഞ്ഞത്.