വീണ്ടും ഉയർന്നു വിപണി; ഡിഷ് ടിവിയിൽ പുതിയ ആരോപണം

ലാഭമെടുക്കൽ കുതിപ്പിന് തടസ്സം സൃഷ്ടിക്കുന്നു

Update:2021-09-16 10:58 IST

വിപണി ഉയരത്തിൽ നിന്ന് ഉയരത്തിലേക്കു നീങ്ങുന്നു. പക്ഷേ ലാഭമെടുക്കൽ കുതിപ്പിനു തടസങ്ങൾ സൃഷ്ടിക്കുന്നു. ഇന്നു രാവിലെയും സൂചികകളെ നല്ല ഉയരത്തിലെത്തിച്ചു കൊണ്ടാണ് ഓഹരികൾ വ്യാപാരം തുടങ്ങിയത്. സെൻസെക്സ് 58,900 നു മുകളിൽ എത്തിയ ശേഷം താണു. നിഫ്റ്റി രാവിലെ 17,576.9 ലെത്തിയിരുന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കു മുഖ്യസൂചികകൾ തുടക്കത്തിലെ നേട്ടം മുഴുവൻ തന്നെ നഷ്ടപ്പെടുത്തിയ നിലയിലായി. പക്ഷേ താമസിയാതെ തിരിച്ചു കയറി.

ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു നല്ല കുതിപ്പിലാണ്. ഐടി, മീഡിയ, മെറ്റൽ സൂചികകൾ താഴോട്ടാണ്.
ക്രൂഡ് ഓയിൽ വില കുതിക്കുന്നതിനിടെ ബിപിസിഎൽ ഓഹരിവില രാവിലെ 10 ശതമാനത്തിലേറെ താണതു ശ്രദ്ധേയമായി. കമ്പനി ഓഹരി ഇന്ന് എക്സ് ഡിവിഡൻഡ് ആയതാണു കാരണം. 35 രൂപയുടെ സ്പെഷൽ ലാഭവീതം അടക്കം 58 രൂപയാണു മേയ് മാസത്തിൽ പ്രഖ്യാപിച്ച ഡിവിഡൻഡ്.
ടെലികോം പാക്കേജിൻ്റെ പേരിൽ വോഡഫോൺ ഐഡിയ 15 ശതമാനത്തോളം ഉയർന്നു. ടവർ കമ്പനിയായ ഇൻഡസ് ടവേഴ്സ് ഒൻപതു ശതമാനം കയറി. ഭാരതി എയർടെലിൽ ലാഭമെടുക്കലുകാരുടെ വിൽപ്പന മൂലം ഓഹരി വില അൽപം താണു. ടെലികോം മേഖലയിൽ വലിയ വായ്പകൾ നൽകിയിട്ടുള്ള ഇൻഡസ് ഇൻഡ് ബാങ്ക് ഒൻപതു ശതമാനത്തോളം കയറി. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് രണ്ടര ശതമാനം നേട്ടമുണ്ടാക്കി.
ബെൽജിയത്തിലെ യൂറോഡൈ കമ്പനിയുടെ സ്പെഷാലിറ്റി കെമിക്കലുകളുടെ ഇന്ത്യയിലെ വിപണനം ഏറ്റെടുത്തത് ഫൈനോ ടെക്സ് കെമിക്കൽ കമ്പനിയുടെ ഓഹരി വില 15 ശതമാനം ഉയർത്തി. പരുത്തി - കൃത്രിമ - കമ്പിളി നൂലുകൾക്കും തുണികൾക്കും നിറം നൽകുന്നതും അവയുടെ സംസ്കരണത്തിന് ഉപയോഗിക്കുന്നതുമായ ചായങ്ങളും രാസവസ്തുക്കളുമാണ് യൂറോഡൈയുടെ ഉൽപന്നങ്ങൾ.
സീ ഗ്രൂപ്പിലെ ഡിഷ് ടിവി മാനേജ്മെൻറ് പണം ദുർവിനിയോഗം ചെയ്തെന്ന് യെസ് ബാങ്ക് സംശയിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഡിഷ് ടിവി ഓഹരി വില ആറു ശതമാനത്തിലേറെ ഇടിഞ്ഞു. ഈ മാസം കമ്പനിയുടെ എജിഎം നടക്കും.
കുറേ ദിവസങ്ങളായി വലിയ കുതിപ്പ് നടത്തിയിരുന്ന സെൻസാർ ടെക്നോളജീസ് ഇന്നു ലാഭമെടുക്കലിനെ തുടർന്ന് അഞ്ചു ശതമാനം ഇടിഞ്ഞു. ക്രിസാലിസ് കാപ്പിറ്റൽ എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തിൻ്റെ സാരഥി ആശിഷ് ധവാൻ വലിയ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനിയാണിത്. ഐടി തട്ടിപ്പുകൾ തടയാൻ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സോഫ്റ്റ് വേറുകൾ തയാറാക്കുകയും കൺസൾട്ടൻസി നൽകുകയും ചെയ്യുന്ന കമ്പനിയാണു സെൻസാർ.
ലോക വിപണിയിൽ സ്വർണം 1791 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 240 രൂപ കുറഞ്ഞ് 35,200 രൂപയായി.
ഡോളർ നിരക്ക് ഏഴു പൈസ താണ് 73.42 രൂപയായി.
ക്രൂഡ് ഓയിൽ വില 75.7 ഡോളറിലേക്കു കയറി.


Tags:    

Similar News