വിപണി കയറിയും ഇറങ്ങിയും തുടക്കമിട്ടു. വിപണിയിൽ അനിശ്ചിതത്വം വർധിച്ചു വരുന്നതിൻ്റെ ഫലമാണിത്. പിന്നീടു വിപണി കൂടുതൽ താഴ്ചയിലായി. ഒരു മണിക്കൂർ പിന്നിടുമ്പോൾ വിപണി അര ശതമാനം നഷ്ടത്തിലാണ്.'
ലോക വിപണിയിൽ വ്യാവസായിക ലോഹങ്ങളുടെ വില വീണ്ടും താഴുകയാണ്. നിഫ്റ്റി മെറ്റൽ സൂചിക തുടക്കത്തിൽ രണ്ടു ശതമാനത്തിലേറെ താഴ്ന്നു. ഹിൻഡാൽകോ, ജെഎസ്ഡബ്ള്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയവ ഇന്നും ഇടിഞ്ഞു.
ഐടി ഓഹരികൾ ഇന്നും നഷ്ടത്തിലായി. യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് താഴോട്ടു പോകുന്നതിൽ വലിയ പങ്ക് ടെക് ഓഹരികളുടേതാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങളും വലിയ തോതിൽ ഐടി ഓഹരികൾ വിറ്റു.
കഴിഞ്ഞ ദിവസം ആറു ശതമാനത്തിലേറെ കുതിച്ച മുത്തൂറ്റ് ഫിനാൻസ് ഇന്ന് മൂന്നു ശതമാനം ഉയർന്നു. മണപ്പുറം ഫിനാൻസും ഇന്ന് നേട്ടത്തിലാണ്.
റിലയൻസ് തുടക്കത്തിൽ ഗണ്യമായി താഴോട്ടു പോയിട്ട് പിന്നീടു നേട്ടത്തിലായി. പെട്രോളിയം ഉൽപന്നങ്ങൾക്കു ചുമത്തിയ അധിക നികുതി റിലയൻസിനു വലിയ ആഘാതമാകില്ല എന്നാണ് പുതിയ വിലയിരുത്തൽ.
ബാങ്ക്, എഫ്എംസിജി, മീഡിയ ഓഹരികൾ ഇന്നു നേട്ടത്തിലാണ്. വാഹന കമ്പനികൾ നഷ്ടത്തിലായി.
ഈയാഴ്ച ഒന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കാനിരിക്കുന്ന അവന്യു സൂപ്പർ മാർക്കറ്റ്സ് ഇന്ന് രണ്ടു ശതമാനത്തോളം ഉയർന്നു. ജൂണിൽ കൂടുതൽ സ്റ്റാേറുകൾ തുറന്നു എന്നതാണ് കയറ്റത്തിനു കാരണം.
ലോക വിപണിയിൽ സ്വർണം 1811-1812 ഡോളറിലേക്കു കയറി. കേരളത്തിൽ പവൻ വില 200 രൂപ വർധിച്ച് 38,400 രൂപയായി.
ഡോളർ ഇന്ന് 78.98 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 79.05 രൂപയിലേക്കു കയറി. രൂപ കൂടുതൽ താഴുമെന്നാണു സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine