Markets

ഓഹരി വ്യാപാരം ഉയർന്നു തുടങ്ങി; പിന്നീടു പിന്മാറ്റം

ലാഭമെടുക്കാനുള്ള വിൽപ്പന സമ്മർദ്ദം സൂചികകളെ താഴ്ത്തി

T C Mathew

ഏഷ്യൻ വിപണികളിലെ ഉണർവിൻ്റെ ചുവടുപിടിച്ചാണ് ഇന്ന് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്. പിന്നീട് അൽപം താണു. ലാഭമെടുക്കാനുള്ള വിൽപന സമ്മർദമാണു സൂചികകളെ താഴ്ത്തിയത്.

തുടക്കത്തിലെ ഉയർച്ച എല്ലാ ബിസിനസ് മേഖലകളിലും ഉണ്ടായി. ബാങ്ക്, ധനകാര്യ, മെറ്റൽ ഓഹരികൾ നല്ല നേട്ടമുണ്ടാക്കി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും കുതിപ്പിൻ്റെ ഭാഗമായി. പക്ഷേ പിന്നീട് സ്മോൾ ക്യാപ് സൂചിക നഷ്ടത്തിലായി. മിഡ് ക്യാപ് സൂചികയും നേട്ടങ്ങൾ കൈവിട്ടു.

തുടക്കത്തിൽ ഫെഡറൽ ബാങ്കിൻ്റെയും സി എസ് ബി ബാങ്കിൻ്റെയും ഓഹരി വില വർധിച്ചപ്പോൾ സൗത്ത് ഇന്ത്യൻ ബാങ്കിനും ധനലക്ഷ്മി ബാങ്കിനും വില കുറഞ്ഞു. പിന്നീടു ഫെഡറൽ ബാങ്ക് ഓഹരിയും താഴ്ചയിലായി. 

അദാനി വിൽമർ ഐപിഒ സ്റ്റേയിലായത് മാതൃകമ്പനിയായ അഡാനി എൻ്റർപ്രൈസസിൻ്റെ വില നാലു ശതമാനം താഴ്ത്തി.

കഴിഞ്ഞയാഴ്ച 570 രൂപയ്ക്ക് ഐപിഒ നടത്തിയ നൂവോകോ വിസ്താസ് ഇന്നു ലിസ്റ്റ് ചെയ്തത് 17 ശതമാനം നഷ്ടത്തിലാണ്. പിന്നീടു നഷ്ടം കുറച്ചു.

ടിസിഎസ്, ടെക് മഹീന്ദ്ര, മൈൻഡ് ട്രീ, ഹാവൽസ് തുടങ്ങിയവയുടെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലായി.

സിമൻറ്, ഹോട്ടൽ, വ്യോമയാന ഓഹരികൾ ഇന്നു താഴ്ചയിലാണ്.

ഡിമാൻഡ് വർധന ക്രൂഡ് ഓയിൽ വില ഉയർത്തി. ഇന്നു രാവിലെ ബ്രെൻ്റ് ഇനം ക്രൂഡിന് 1.86 ശതമാനം വർധിച്ച് 66.4 ഡോളർ ആയി. ഇനിയും കൂടുമെന്നാണു സൂചന.

സ്വർണവും രാവിലെ ഉയർന്നു. ഔൺസിന് 1788 ഡോളറിനു മുകളിലായി വില. കേരളത്തിൽ ഇന്നു പവന് 80 രൂപ വർധിച്ച് 35,400 രൂപയായി.

ഡോളറിൻ്റെ വിനിമയ നിരക്ക് താണു.12 പൈസ താണ് 74.26 രൂപയിലാണു വ്യാപരം തുടങ്ങിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT