പെട്രോളിയം നികുതി വർധനയിൽ ഞെട്ടി വിപണി; ഇറക്കുമതി ചുങ്കം കൂട്ടി; ജൂവൽറികൾക്ക് അപ്രതീക്ഷിത ആഘാതം
ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന റിലയൻസിൻ്റെ ഓഹരി വില ഏഴു ശതമാനത്തോളം ഇടിഞ്ഞു;
വിദേശ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഇന്നു താഴ്ചയോടെ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ താഴ്ചയിലേക്കു നീങ്ങി. റിഫൈനറികളുടെയും ക്രൂഡ് ഓയിൽ ഉൽപാദകരുടെയും കയറ്റുമതിയിലെ അമിത ലാഭത്തിനു നികുതി ചുമത്തിയത് സൂചികകളെ താഴോട്ടു വലിച്ചു. രാജ്യത്തു വിൽക്കുന്ന ഇന്ധനത്തിന് നികുതി വർധിപ്പിച്ചത് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കു ക്ഷീണമായി. സ്വർണത്തിന് ഇറക്കുമതിച്ചുങ്കം കൂട്ടിയത് ജ്വല്ലറികൾക്കു അപ്രതീക്ഷിത ആഘാതമായി.
ക്രൂഡ് ഓയിലിൻ്റെയും ഉൽപന്നങ്ങളുടെയും വില വർധന മൂലം റിഫൈനറികൾക്കുണ്ടായ അപ്രതീക്ഷിത ലാഭത്തിനു നികുതി ചുമത്തി കേന്ദ്രം. കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കു മാത്രമാണ് അധിക നികുതി. ഡീസൽ ലിറ്ററിനു 13 രൂപയും പെട്രോളിനും വിമാന ഇന്ധനത്തിനും ആറു രൂപ വീതവുമാണ് ഈടാക്കുന്നത്. രാവിലെ ലാഭത്തിലായിരുന്ന ഒഎൻജിസിയും ഓയിൽ ഇന്ത്യയും റിലയൻസും നാലു മുതൽ പത്തു വരെ ശതമാനം നഷ്ടത്തിലായി. മുഴുവൻ ഉൽപന്നങ്ങൾക്കും അധിക നികുതി ചുമത്തിയിട്ടില്ലെന്നും കുറേ ലാഭം റിഫൈനറികൾക്കു വിട്ടുകൊടുത്തിരിക്കുകയാണെന്നും ധനമന്ത്രാലയം പറഞ്ഞു. ഇതോടൊപ്പം രാജ്യത്തു ഖനനം ചെയ്തെടുത്തു കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനു ടണ്ണിന്മേൽ 294 രൂപയുടെ അധിക നികുതിയും ചുമത്തി. റിലയൻസും ഒഎൻജിസിയും ഓയിലും ചെന്നൈ പെട്രോയും വേദാന്ത ഗ്രൂപ്പും ഒക്കെ ഈ നികുതികളുടെ ഭാരം വഹിക്കണം. ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന റിലയൻസിൻ്റെ ഓഹരി വില ഏഴു ശതമാനത്തോളം ഇടിഞ്ഞു. ഒഎൻജിസിയുടെ കീഴിലുള്ള എംആർപിഎൽ ഓഹരി ഏഴു ശതമാനത്തോളം തകർച്ചയിലായി.ചെന്നൈ പെട്രോ ഓഹരി പത്തു ശതമാനത്തോളം താഴ്ന്നു. ഒഎൻജിസി ഓഹരിയും എഴരശതമാനത്തോളം ഇടിഞ്ഞു. നിഫ്റ്റി 50 സൂചികയുടെ ഇടിവിൽ പകുതിയോളം റിലയൻസിന്റെ ഇടിവ് മൂലമായിരുന്നു. ഐഒസി ഓഹരിയും മറ്റും നേട്ടത്തിൽ നിന്നു നഷ്ടത്തിലേക്കു മാറി.
കമ്പനികൾ ഒന്നും ചെയ്യാതെ വെറുതേ അമിതലാഭം കിട്ടുമ്പോൾ അധിക നികുതി ചുമത്തുന്നതിനു വിൻഡ്ഫോൾ ഗെയിൻസ് (കാറ്റത്തു മാമ്പഴം വീഴുമ്പോലെയുള്ള ലാഭം) നികുതി എന്നാണു പറയുക. അമേരിക്കയും മറ്റും എണ്ണക്കമ്പനികൾക്ക് ഈ നികുതി ചുമത്തിയിട്ടുണ്ട്.
പെട്രോൾ ലിറ്ററിന് അഞ്ചു രൂപയും ഡീസലിനും വിമാന ഇന്ധനത്തിനും ആറു രൂപയും സ്പെഷൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി ചുമത്തി. ഇതു മൂലം വിൽപനവില വർധിപ്പിക്കില്ല. എണ്ണക്കമ്പനികൾ വഹിക്കണം.
ഒപെക് പ്ലസ് ഉൽപാദന വർധന തുടരുമെന്ന പ്രഖ്യാപനം ക്രൂഡ് ഓയിൽ വില ഗണ്യമായി ഇടിച്ചു വീപ്പയ്ക്ക് 114.8 ഡോളറിൽ നിന്നു 109 ഡോളറിലേക്കു വില താണു. ഇന്ത്യ പോലുള്ള ക്രൂഡ് ഇറക്കുമതി രാജ്യങ്ങൾക്ക് ആശ്വാസകരമാണ് ഈ ചലനം.
സ്വർണത്തിൻ്റെ ഇറക്കുമതിച്ചുങ്കം ഏഴര ശതമാനത്തിൽ നിന്ന് 12.5 ശതമാനത്തിലേക്കു കയറ്റിയത് അപ്രതീക്ഷിതമായി. കേരളത്തിൽ പവനു 960 രൂപയാണ് ഇന്നു രാവിലെ കുതിച്ചു കയറിയത്. ലോകവിപണിയിൽ സ്വർണം 1802 ഡോളറിലേക്കു താണതിനാൽ വില കുറയാനിരുന്നപ്പോഴാണ് ചുങ്കം വർധിപ്പിച്ചത്. സ്വർണവില 90 ഡോളർ കണ്ടു വർധിക്കുന്നതിനു തുല്യമായി ചുങ്കം വർധന
രാജ്യത്തിൻ്റെ ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യമാണ് ചുങ്കം വർധിപ്പിച്ചതിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപയോക്താക്കളാണ് ഇന്ത്യക്കാർ.
രൂപ ഇന്നു കൂടുതൽ ദുർബലമായി. ഡോളർ വ്യാപാരം തുടങ്ങിയതു തന്നെ 79 രൂപയ്ക്കു മുകളിലാണ്. പിന്നീട് 79.09 രൂപയായി.