വളർച്ചയെപ്പറ്റി ആശങ്ക കൂടി; ഓഹരി വിപണിയിൽ വീണ്ടും താഴ്ച

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ മൂന്നു ശതമാനത്തിലധികം താണു

Update:2021-12-20 11:17 IST

ആഗോള പ്രവണതകളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണിയും ഇന്നു കുത്തനേ താണു. തുടക്കം തന്നെ ഒരു ശതമാനം താഴ്ചയിലായിരുന്നു.15 മിനിറ്റിനകം മുഖ്യസൂചികകളുടെ ഇടിവ് രണ്ടു ശതമാനത്തിലെത്തി. പിന്നീടു സെൻസെക്സ് 55,800 നു താഴെയും നിഫ്റ്റി 16,600 നു താഴെയുമെത്തി. ബാങ്ക് നിഫ്റ്റി മൂന്നു ശതമാനത്തിലേറെ ഇടിഞ്ഞു.

കോവിഡ് വ്യാപനം നിയന്ത്രണാതീതമാകും, വീണ്ടും നിയന്ത്രണങ്ങൾ വരും, പലിശ കൂടും, പണലഭ്യത കുറയും, വിദേശികൾ വിറ്റു മാറും, ഇന്ത്യയിലും വിദേശത്തും ജിഡിപി വളർച്ച കുറയും- വിപണിയുടെ ആശങ്കകൾ ഈ ദിശയിലാണ്. ഒരു ഓഹരി ഉയരുമ്പോൾ 10 ഓഹരികൾ താഴുന്ന നിലയാണു രാവിലെ കണ്ടത്. സെൻസെക്സ് ഓഹരികളിൽ സൺ ഫാർമ മാത്രമാണ് അൽപമെങ്കിലും ഉയർന്നു നിന്നത്.

ബാങ്ക് - ധനകാര്യ - വാഹന ഓഹരികൾ കുത്തനേ താണു. ഐടി കമ്പനികളും ആദ്യം താഴോട്ടു പോയി. പിന്നീട് അൽപം നേട്ടത്തിലായി. ഫിൻടെക്കുകൾ അടക്കം പുതുതലമുറ ഓഹരികൾ വലിയ താഴ്ചയിലാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ മൂന്നു ശതമാനത്തിലധികം താണു.

ആമസോണുമായുള്ള കരാർ കോംപറ്റീഷൻ കമ്മീഷൻ സസ്പെൻഡ് ചെയ്തതിനെ തുടർന്നു ഫ്യൂച്ചർ റീട്ടെയിലിൻ്റെ ഓഹരി വില 20 ശതമാനത്തോളം ഉയർന്നു. റിലയൻസുമായുള്ള ഇടപാട് നടപ്പാക്കാൻ വഴിതെളിയുന്നു എന്നാണു വിപണി കണക്കാക്കുന്നത്. ഗ്രൂപ്പിലെ മറ്റു കമ്പനികളും നേട്ടത്തിലാണ്. എന്നാൽ റിലയൻസ് താഴ്ചയിലാണ്.

കമ്പനിയുടെ ഒരു മരുന്നിന് അമേരിക്കൻ എഫ്ഡിഎയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് സിപ്ലയുടെ ഓഹരി വില മൂന്നു ശതമാനത്തിലേറെ ഉയർന്നു.

വിലക്കയറ്റം പിടിച്ചു നിർത്താൻ ഏഴു കാർഷികോൽപ്പന്നങ്ങളുടെ അവധി വ്യാപാരം ധനമന്ത്രാലയം നിരോധിച്ചു. സാധാരണ നെല്ല്, ഗോതമ്പ്, കടല, കടുക്, സോയാബീൻസ്, ചെറുപയർ, ശുദ്ധീകരിക്കാത്ത പാമോയിൽ എന്നിവയ്ക്കാണു വിലക്ക്.

ക്രൂഡ് ഓയിൽ വില ലോകവിപണിയിൽ കുത്തനേ താണത് ഒഎൻജിസി, ഓയിൽ, എച്ച്ഒഇസി തുടങ്ങിയ കമ്പനികളെ താഴോട്ടു വലിച്ചു. ഓയിൽ മാർക്കറ്റിംഗ് കമ്പനികളും ഇടിഞ്ഞു. ബ്രെൻ്റ് ഇനം ക്രൂഡ് 71.56 ഡാേളറിലേക്കു താണു.

118 രൂപയ്ക്ക് ഇഷ്യു നടത്തിയ ശ്രീറാം പ്രോപ്പർട്ടീസ് 20 ശതമാനം താണ് 94 രൂപയിലാണ് ഇന്നു ലിസ്റ്റ് ചെയ്തത്.

ഡോളർ ആറു പൈസ നേട്ടത്തിൽ 76.14 രൂപയിലെത്തി.

ലോക വിപണിയിൽ സ്വർണം 1801-1803 ഡോളറിലാണ്.കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു.  

Tags:    

Similar News