Markets

ഇറങ്ങിക്കയറി ഓഹരി വിപണി; റിക്കാർഡ് നഷ്ടമെങ്കിലും ടാറ്റാ മോട്ടോഴ്സിൻ്റെ ഓഹരി വില മൂന്നു ശതമാനത്തിലേറെ ഉയർന്നു കാരണം ഇതാണ്

മിഡ്, സ്മോൾ ക്യാപ് സൂചികകൾ ഉയരത്തിലാണ്

T C Mathew

തിരുത്തൽ വാദം തള്ളിക്കളഞ്ഞ് കൂടുതൽ ഉയരങ്ങളിലേക്കു നീങ്ങാൻ ശ്രമിക്കുകയാണ് ഓഹരി വിപണി. പക്ഷേ, അത് എളുപ്പം നടക്കുകയില്ലെന്ന് ഇന്നത്തെ വ്യാപാര ഗതി കാണിക്കുന്നു. രാവിലെ വ്യാപാരത്തുടക്കത്തിൽ നിഫ്റ്റി 18,000 കടന്നെങ്കിലും പിന്നീടു താഴോട്ടു നീങ്ങി. ഒടുവിൽ നഷ്ടത്തിലുമായി. പിന്നീടു തിരിച്ചു കയറി. അമേരിക്കൻ സൂചികകളുടെ ഫ്യൂച്ചേഴ്സ് താഴാേട്ടു നീങ്ങിയതും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു.

ബാങ്ക് അടക്കം ഒട്ടുമിക്ക മേഖലകളും രാവിലെ നല്ല നേട്ടം കാണിച്ചു. പിന്നീട് മെറ്റൽ, ഫാർമ കമ്പനികൾ താഴോട്ടു നീങ്ങി. ബാങ്ക് നിഫ്റ്റിയും ഇടയ്ക്കു നഷ്ടത്തിലായി. മിഡ്, സ്മോൾ ക്യാപ് സൂചികകൾ ഉയരത്തിലാണ്.

റിക്കാർഡ് നഷ്ടവുമായി രണ്ടാം പാദ റിസൽട്ട് പുറത്തുവിട്ട ടാറ്റാ മോട്ടോഴ്സിൻ്റെ ഓഹരി വില മൂന്നു ശതമാനത്തിലേറെ ഉയർന്നു. കമ്പനിയുടെ വിൽപന സാധ്യതകൾ വർധിച്ച സാഹചര്യത്തിലാണ് ഓഹരി ഉയർന്നത്. പിന്നീടു വില അൽപം താണു.

ലോജിസ്റ്റിക്സ് കമ്പനികൾക്ക് ഇന്നു രാവിലെ നല്ല കുതിപ്പായിരുന്നു. വിആർഎൽ ലോജിസ്റ്റിക്സും ഓൾ കാർഗോ ലോജിസ്റ്റിക്സും രാവിലെ 11 ശതമാനം ഉയർന്നു.

സ്റ്റീൽ കമ്പനികൾക്ക് ഇന്നു ദൗർബല്യം. ടാറ്റാ സ്റ്റീലും ജെഎസ്ഡബ്ല്യു സ്റ്റീലും അടക്കം താഴാേട്ടു പോയി.

ലോക വിപണിയിൽ സ്വർണം 1793 ഡോളറിനു മുകളിലായി. കേരളത്തിൽ പവന് 80 രൂപ ഉയർന്ന് 35,840 രൂപയായി.

ഡോളറിനു എട്ടു പൈസ കുറഞ്ഞ് 74.78 രൂപയായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT