വിൽപന സമ്മർദം; സൂചികകൾ താഴോട്ട്; ജുൻ ജുൻവാലക്ക് നിക്ഷേപമുള്ള റിയൽറ്റി കമ്പനി വില താണു
മിഡ്- സ്മോൾ ക്യാപ് ഓഹരികൾ പൊതുവേ നേട്ടത്തിലാണ്
ഉയർന്നു തുടങ്ങിയിട്ട് വലിയ ചാഞ്ചാട്ടം. വിൽപന സമ്മർദം വിപണിയെ ഉലയ്ക്കുന്നു. ബാങ്കുകൾ, ധനകാര്യ കമ്പനികൾ, വാഹന കമ്പനികൾ തുടങ്ങിയവ വിപണിയെ വലിച്ചു താഴ്ത്തുന്നതിനു മുന്നിൽ നിന്നു.
വ്യാപാരം തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ മുഖ്യ സൂചികകൾ പലവട്ടം നേട്ടത്തിലും നഷ്ടത്തിലുമായി ചാഞ്ചാടി. പിന്നീടു താഴ്ചയിൽ തുടർന്നു. സെൻസെക്സ് 58,450 നു താഴെ എത്തി. നിഫ്റ്റി 17,400 നു താഴോട്ടു നീങ്ങി.
മിഡ്- സ്മോൾ ക്യാപ് ഓഹരികൾ പൊതുവേ നേട്ടത്തിലാണ്.
നിഫ്റ്റി ഇന്ന് 17,500നു മുകളിൽ ക്ലോസ് ചെയ്യുന്നില്ലെങ്കിൽ താഴോട്ടുള്ള ഒരു ഹ്രസ്വകാല യാത്ര വേണ്ടി വരുമെന്നാണു നിഗമനം.
ബയോകോൺ തങ്ങളുടെ ബയാേസിമിലർ ബിസിനസ് അമേരിക്കൻ കമ്പനി മൈലാൻ്റെ ബയോസിമിലർ ബിസിനസുമായി ലയിപ്പിച്ച് പുതിയ കമ്പനി തുടങ്ങാൻ ശ്രമിക്കുന്നതായി മാധ്യമ റിപ്പോർട്ട്. ബയോകോണിൻ്റെ ഈ ബിസിനസ് ബയോകോൺ ബയോളജിക്സ് എന്ന ഉപകമ്പനിയിലാണ്. ഈ കമ്പനിക്ക് 500 കോടി ഡോളറാണ് ഇപ്പോഴത്തെ മൂല്യ നിർണയം. മൈലാൻ്റെ ബിസിനസ് ഏറ്റെടുക്കുന്നതോടെ മൂല്യം 1000 കോടി ഡോളർ കടന്നേക്കും. സംയുക്ത കമ്പനിയിൽ ഭൂരിപക്ഷ ഓഹരി നേടാനാണു ബയോകോൺ ശ്രമിക്കുന്നത്.
ഇൻസുലിൻ അടക്കം കുറേ ഉൽപന്നങ്ങളുടെ കാര്യത്തിൽ ബയോകാേണും മൈലാനും തമ്മിൽ ഇപ്പോൾ സഖ്യമുണ്ട്. മൈലാനും ഫൈസറും തങ്ങളുടെ ജനേറിക്സ് ബിസിനസ് വയാട്രിക്സ് എന്ന സംയുക്ത കമ്പനിയിലേക്കു മാറ്റിയിരുന്നു.
ലിസ്റ്റ് ചെയ്ത ശേഷം ഉയർന്ന നിലയിൽ വ്യാപാരം നടന്നു വന്ന ദേവയാനി ഇൻ്റർനാഷണൽ ഇന്നു വീണ്ടും ഉയർന്നു. മൂന്നു ദിവസം കൊണ്ട് 21 ശതമാനം ഉയർന്ന ഓഹരി ഇന്ന് അഞ്ചു ശതമാനം നേട്ടത്തിലാണ്. ലിസ്റ്റിംഗിനു ശേഷം ഓഹരി 50 ശതമാനം ഉയർന്നിട്ടുണ്ട്.
കുറച്ചു ദിവസമായി കയറ്റത്തിലായിരുന്ന അനന്ത് രാജ് ലിമിറ്റഡ് എന്ന റിയൽറ്റി കമ്പനി ഇന്നു രാവിലെ രണ്ടു ശതമാനത്തോളം താണു. ബിഗ് ബുൾ രാകേഷ് ജുൻ ജുൻ വാല ഈ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഒരു വർഷം മുൻപ് 22 രൂപയായിരുന്ന ഓഹരി വില ഈയിടെ 81 രൂപയിലെത്തി. ഇന്ന് 75 രൂപയ്ക്കടുത്ത്. ഏറ്റവും ഒടുവിലത്തെ പ്രതി ഓഹരി വരുമാനത്തിൻ്റെ 66 മടങ്ങാണ് ഓഹരിവില.
ഡോളർ വില ഉയർന്ന് 75.54 രൂപയിലെത്തി.