തുടക്കത്തിലെ നേട്ടം നഷ്ടപ്പെടുത്തി; ഐടിയും പഞ്ചസാരയും തിരിച്ചടിയായി

ബാങ്ക് ഓഹരികളാണ് ഇന്നു സുസ്ഥിരമായ നേട്ടം കാഴ്ചവച്ചത്

Update: 2022-05-25 05:30 GMT

പ്രതീക്ഷിച്ചതു പോലെ ചെറിയ നേട്ടത്തിൽ ഇന്നു വിപണി തുടങ്ങി. പിന്നീട് അൽപം ഉയർന്നെങ്കിലും ഐടി മുതൽ പല മേഖലകളുടെയും തളർച്ച സൂചികകളെ താഴ്ത്തി. സെൻസെക്സ് 54,379.6 വരെയും നിഫ്റ്റി 16223.35 വരെയും കയറിയിട്ടു നേട്ടങ്ങൾ മുഴുവൻ നഷ്ടപ്പെടുത്തുന്ന വിധം താഴ്ന്നു. പിന്നീടു കയറി. ബാങ്ക് ഓഹരികളാണ് ഇന്നു സുസ്ഥിരമായ നേട്ടം കാഴ്ചവച്ചത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഇന്നു തകർച്ചയിലായി.

അമേരിക്കൻ വിപണിയിൽ ടെക് ഓഹരികൾക്കുണ്ടായ തകർച്ച ഇന്ത്യയിലും തുടരുന്നു. തുടക്കത്തിൽ നിഫ്റ്റി ഐടി സൂചിക 2.4 ശതമാനം ഇടിഞ്ഞു. സൂചികയിലെ 10 ഓഹരികളും താഴ്ചയിലായി. മൈൻഡ് ട്രീ (4.31%), എംഫസിസ് (4.25%), എൽ ആൻഡ് ടി ഇൻഫോ (3.65%), ടെക് മഹീന്ദ്ര (3.06%), എൽ ആൻഡ് ടി ടെക് (2.7%), കോ ഫോർജ് (2.6%), ടിസിഎസ് (2.82) എന്നിവയ്ക്കാണു,, കൂടുതൽ ഇടിവ്.
പഞ്ചസാര കയറ്റുമതിക്കു പരിധി വച്ചതും നിയന്ത്രണം ഏർപ്പെടുത്തിയതും മൂലം പഞ്ചസാരകമ്പനി ഓഹരികൾ ഇന്നും താഴോട്ടു പോയി. രണ്ടു ദിവസം കൊണ്ടു പല കമ്പനികളും പത്തു ശതമാനത്തിലധികം ഇടിവിലായി. ബൽറാംപുർ ചീനിയും ദ്വാരികേഷ് ഷുഗറും ഇന്ന് ഒൻപതു ശതമാനത്തിലധികം താഴ്ന്നു.
നാലാം പാദത്തിൽ വരുമാനം 14 ശതമാനം കൂട്ടുകയും ലാഭ മാർജിൻ 13-ൽ നിന്നു 17 ശതമാനത്തിലേക്ക് ഉയർത്തുകയും ചെയ്ത ആസ്റ്റർ ഡിഎം ഓഹരിവില ഇന്നു 12 ശതമാനം നേട്ടമുണ്ടാക്കി.
അഡാനി പോർട്സ്, ഏഷ്യൻ പെയിൻ്റ്സ്, ചoബൽ ഫെർട്ടിലൈസേഴ്സ്, ഐഷർ മോട്ടാേഴ്‌സ് തുടങ്ങിയവ വ്യാപാരത്തിൽ ഗണ്യമായി താണു.
സ്വർണത്തിൻ്റെ രാജ്യാന്തര വില 1862 ഡോളറായി. കേരളത്തിൽ പവനു 120 രൂപ വർധിച്ച് 38,320 രൂപയായി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്.
ഡോളർ ഇന്ന് അഞ്ചു പൈസ നഷ്ടത്തിൽ 77.53 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 77.45 രൂപയിലേക്കു താണു.
കടപ്പത്രവിലകൾ അൽപം ഉയർന്നു. 10 വർഷ സർക്കാർ കടപ്പത്രത്തിൻ്റെ നിക്ഷേപനേട്ടം (Yield) 7.317 ശതമാനമായി കുറഞ്ഞു.
Tags:    

Similar News