Markets

വാഹന ഓഹരികൾ ഫാസ്റ്റ് ട്രാക്കിൽ; വിപണി താഴ്ന്നു പിന്നെ ഉയർന്നു

താൻല പ്ലാറ്റ്ഫോംസും ടി വി ടുഡേയും മുന്നേറ്റത്തിൽ

T C Mathew

വീണ്ടും താഴ്ചയോടെ തുടക്കം. പിന്നീട് ഉണർവ്. വലിയ താഴ്ചയിൽ നിന്ന് കയറിയെങ്കിലും റിലയൻസും ബാങ്ക് - ധനകാര്യ കമ്പനികളും താഴ്ചയിൽ തുടർന്നു. പൊതുമേഖലാ ബാങ്കുകൾ രാവിലെ തന്നെ ഉയർന്നപ്പോൾ എച്ച് ഡി എഫ് സിയും സ്വകാര്യ ബാങ്കുകളും തുടക്കത്തിൽ ഏറെ താണു നിന്നു. ഫാർമ, റിയൽറ്റി സൂചികകളും ഇടിഞ്ഞു. കുറേ കഴിഞ്ഞ് ബാങ്ക് സൂചിക നേട്ടത്തിലായതോടെ മുഖ്യസൂചികകൾ ഉണർവിലായി.

വാഹന ഓഹരികൾ ഇന്നും നേട്ടത്തിലാണ്. ഉൽ‌പാദനവും വിൽപനയും കൂടുമെന്ന പ്രതീക്ഷയാണു മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവ അടക്കമുള്ള ഓഹരികളെ ഉയർത്തുന്നത്.

ചൊവ്വാഴ്ചയിലേതു പോലെ സ്മോൾ ക്യാപ് ഓഹരികൾ ഇന്നും ഉയർന്നു. മിഡ് ക്യാപ് താഴ്ചയിലാണ്.

റിലയൻസ് ഇൻഡസ്ടീസ് ഇന്നും താഴ്ചയിലാണ്. രാവിലെ ഓഹരി വില 2480 രൂപ വരെ താണു. രണ്ടു ദിവസം കൊണ്ട് ഓഹരിക്ക് 105 രൂപ കുറഞ്ഞു. റിലയൻസ് അവകാശ ഇഷ്യുവിലെ ഓഹരികളുടെ വിലയിൽ അവസാന ഗഡു ഈയാഴ്ചയാണ് അടയ്ക്കേണ്ടത്.

ടിവി ടുഡെയിൽ അബാക്കസ് അസറ്റ് മാനേജ്മെൻറ് വലിയ നിക്ഷേപം നടത്തിയത് കമ്പനി ഓഹരിക്കു വലിയ നേട്ടമായി.തിങ്കളാഴ്ച 345 രൂപയക്കടുത്തായിരുന്ന ഓഹരി ഇപ്പോൾ 420 രൂപയിലെത്തി. 18.2 ശതമാനം വർധന. 1.34 ശതമാനം ഓഹരി അബാക്കസ് വാങ്ങി.

പയനിയർ ഇൻവെസ്റ്റ്മെൻ്റ് താൻല പ്ലാറ്റ്ഫോംസിൻ്റെ ഒരു ശതമാനം ഓഹരി വാങ്ങി. താൻലയുടെ ഓഹരി വില ഇന്ന് രാവിലെ അഞ്ചു ശതമാനവും രണ്ടു ദിവസം കൊണ്ട് 19 ശതമാനവും ഉയർന്നു.

റേറ്റിംഗ് ഉയർത്താനുള്ള ഇന്ത്യയുടെ അഭ്യർഥന ഫിച്ച് റേറ്റിംഗ്സ് തള്ളി. ഏറ്റവും താഴ്ന്ന ട്രിപ്പിൾ ബി മൈനസ് റേറ്റിംഗ് തുടരും. പ്രതീക്ഷ നെഗറ്റീവ്. മൂഡീസ് ഈയിടെ പ്രതീക്ഷ ഭദ്രം (സ്റ്റേബിൾ) ആക്കിയിരുന്നു.

സ്വർണം ലോകവിപണിയിൽ 1853 ഡോളറിലേക്കു താണു. കേരളത്തിൽ ഇന്നലെ വർധിച്ച 200 രൂപ ഇന്നു കുറച്ചതാേടെ, പവന് 36,720 രൂപയായി.

ക്രൂഡ് ഓയിൽ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ബ്രെൻറ് ഇനത്തിനു വില 80.76 ഡാേളറിലേക്കു താണു.

ഡോളർ ഇന്നു 10 പൈസ നേട്ടത്തിൽ 74.47 രൂപയിലാണു വ്യാപാരം തുടങ്ങിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT