വിപണി താഴോട്ട്; ബാങ്ക്, ധനകാര്യ ഓഹരികൾക്കു ക്ഷീണം

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ചയിൽ

Update: 2021-12-24 05:48 GMT

ഉയർന്ന നിലയിൽ തുടങ്ങിയ വിപണി ബാങ്കിംഗ് - ധനകാര്യ ഓഹരികളുടെ ഇടിവിനെ തുടർന്ന് രാവിലെ താഴ്‌ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴ്ചയിലാണ്. ഐടി കമ്പനികൾ മാത്രമാണു പിടിച്ചു നിൽക്കുന്നത്. നിഫ്റ്റി 17,000-നും സെൻസെക്സ് 57,000 നും താഴെ എത്തിയിട്ട് ഉയർന്നു. വീണ്ടും കൂടുതൽ താഴ്ചയിലേക്കു വീണു.

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത് വിപണിയുടെ മനോഭാവം മാറാൻ കാരണമായി. ജനുവരിയോടെ രാജ്യത്തു കോവിഡിൻ്റെ മൂന്നാം തരംഗമാകും എന്നു ചിലർ മുന്നറിയിപ്പ് നൽകിയതും വിപണിയെ ഉലച്ചു.

എച്ച്സിഎൽ ടെക്നോളജിയുടെ 25.5 ലക്ഷം ഓഹരികൾ പ്രൊമോട്ടർമാർ ബ്ലോക്ക് ഡീലിൽ വാങ്ങി. 20 ലക്ഷം ഓഹരികൾ കൂടി വാങ്ങുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈയിടെ ഒരു ജർമൻ കമ്പനിയെ ഏറ്റെടുത്ത എച്ച്സിഎൽ കൂടുതൽ ഏറ്റെടുക്കലുകൾ ആലാേചിക്കുന്നുണ്ട്. ഓഹരി വില മൂന്നു ശതമാനം ഉയർന്നു.

മ്യൂച്വൽ ഫണ്ട് ബിസിനസ് വിറ്റതിനെ തുടർന്ന് എൽ ആൻഡ് ടി ഫിനാൻഷ്യൽ ഹോൾഡിംഗ്സിൻ്റെ ഓഹരി വില ആറു ശതമാനത്തിലധികം താണു.

ക്രൂഡ് ഓയിൽ വില ഒരു മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയെങ്കിലും ഓയിൽ - ഗ്യാസ് ഓഹരികൾ താഴോട്ടു പോയി. പിന്നീടു ക്രൂഡ് വില താണപ്പോൾ ഓയിൽ ഓഹരികൾ കൂടുതൽ താണു.

585 രൂപയ്ക്ക് ഇഷ്യു നടത്തിയ ഡാറ്റാ പാറ്റേൺസ് ഇന്ന് 47 ശതമാനം നേട്ടത്തിൽ 856 രൂപയ്ക്കു ലിസ്റ്റ് ചെയ്തു. 2021-ൽ ലിസ്റ്റ് ചെയ്യുന്ന 62 മത്തെ കമ്പനിയാണിത്. പ്രതിരോധ - എയ്റോസ്പേസ് മേഖലകൾക്കു വേണ്ട ഇലക്ട്രോണിക്സ് ആണു കമ്പനിയുടെ പ്രവർത്തനമേഖല. 

സ്വർണം ഇന്ന് ഏഷ്യൻ വിപണികളിൽ ഔൺസിന് 1822 ഡോളറിലേക്കു കയറി. എന്നാൽ കേരളത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു.

ഡോളറിൻ്റെ ഇടിവ് തുടരുകയാണ്. ഇന്ന് ഒൻപതു പൈസ നഷ്ടത്തിൽ 75.14 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. റിസർവ് ബാങ്ക് ഇടപെടലിലാണ് ഡോളർ താഴുന്നത്.

Tags:    

Similar News