പ്രതീക്ഷ പോലെ നയം; വിപണി ഉയർന്നു
ബാങ്കുകളുടെ കരുതൽ പണ അനുപാതം വർധിപ്പിക്കാത്തത് വിപണിക്ക് ആശ്വാസമായി
വിപണി പ്രതീക്ഷിച്ചതു പോലെ പണനയം വന്നു. വിപണി സന്തോഷിച്ചു. ഓഹരികൾ ഉയർന്നു. കടപ്പത്ര വിലകൾ ഉയർന്നു, കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം കുറഞ്ഞു.
റീപോ നിരക്ക് 50 ബേസിസ് പോയിൻ്റ് വർധിപ്പിച്ച് 4.9 ശതമാനമാക്കി. ബാങ്ക് റേറ്റും മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയും 50 ബേസിസ് പോയിൻ്റ് വീതം വർധിപ്പിച്ച് 5.15 ശതമാനമാക്കി. ജിഡിപി വളർച്ച സംബന്ധിച്ച നിഗമനം 7.2 ശതമാനമായി നിലനിർത്തി. അതേ സമയം ചില്ലറ വിലക്കയറ്റത്തിൽ വലിയ വർധന കണക്കാക്കി. ഈ ധനകാര്യ വർഷം 5.7 ശതമാനം വിലക്കയറ്റം എന്ന നിഗമനം മാറ്റി 6.7 ശതമാനം ആക്കി.
ഇന്നു ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച റിസർവ് ബാങ്കിൻ്റെ പണനയത്തിലെ പ്രധാന തീരുമാനങ്ങളാണ് ഇവ. പൊതുവേ വിപണി പ്രതീക്ഷിച്ചതു പാേലെയാണു പ്രഖ്യാപനങ്ങൾ. ബാങ്കുകളുടെ കരുതൽ പണ അനുപാതം വർധിപ്പിക്കാത്തതും വിപണിക്ക് ആശ്വാസമായി.
റീപോ നിരക്ക് ക്രമമായി വർധിപ്പിക്കുക എന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് റീപോ 50 ബേസിസ് പോയിൻ്റ് കൂട്ടിയത്. ഇതേ സമയം റിവേഴ്സ് റീപോ നിരക്കു കൂട്ടാത്തത് ബാങ്കുകളെ വായ്പ നൽകുന്നതിനു ശക്തമായി പ്രേരിപ്പിക്കും.
ജിഡിപി വളർച്ച പ്രതീക്ഷയിൽ മാറ്റം വരുത്തിയില്ല.അതേസമയം വിലക്കയറ്റ പ്രതീക്ഷ ഗണ്യമായി ഉയർത്തി. ഇതിൽ ചില്ലറ യുക്തിഭംഗം ഉണ്ടെങ്കിലും വിലക്കയറ്റത്തിൽ സിംഹഭാഗവും ഭക്ഷ്യവിലക്കയറ്റം ആകുമെങ്കിൽ ജിഡിപി വളർച്ചയെ ബാധിക്കണമെന്നില്ല. റിസ്ക് ഉള്ള പ്രധാന കാര്യം കാലവർഷം മികച്ചതാകുമെന്ന നിഗമനമാണ്. കാലവർഷം തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും മഴമേഖല വർധിച്ചിട്ടില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമേ കാര്യമായി മഴ പെയ്തിട്ടുള്ളു.ചില്ലറ വിലക്കയറ്റം ഡിസംബറോടെയേ ആറു ശതമാനത്തിൽ താഴെയാകൂ എന്നാണു ഗവർണർ പറഞ്ഞത്.
നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന സൂചന രാവിലെ നൽകിയെങ്കിലും വ്യാപാരം തുടങ്ങിയപ്പോൾ മുഖ്യ സൂചികകൾ നഷ്ടത്തിലായി. റിസർവ് ബാങ്ക് നടപടിയെപ്പറ്റി കൂടുതൽ ആശങ്കകൾ ഉടലെടുത്തതാണു കാരണം.
റിസർവ് ബാങ്ക് ഗവർണർ പണനയ പ്രഖ്യാപനം തുടങ്ങും മുമ്പേ സെൻസെക്സ് 55,000-നു താഴെയായിരുന്നു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞപ്പോൾ സൂചികകൾ അര ശതമാനം ഉയർന്നു. നിഫ്റ്റി 16,500 നും സെൻസെക്സ് 55,400 നും ബാങ്ക് നിഫ്റ്റി 35,400 നും മുകളിൽ കടന്നു.
പത്തു വർഷ സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 7.53 ശതമാനത്തിലേക്കു രാവിലെ കയറിയിരുന്നു. നയപ്രഖ്യാപനത്തിനു ശേഷം അത് 7.44 ശതമാനത്തിലേക്കു താണു.
സ്വർണം രാജ്യാന്തര വിപണിയിൽ 1851-18526 ഡാേളറിലായി. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 38,160 രൂപയായി.
ഡോളർ ഇന്നു മൂന്നു പൈസ നഷ്ടത്തിൽ 77.68 രൂപയിൽ ഓപ്പൺ ചെയ്തു.