വിപണി നേട്ടത്തോടെ തുടങ്ങി; പിന്നെ താഴ്ച; വീണ്ടും ചാഞ്ചാട്ടം

ഒ എൻ ജി സിയുടെയും ഓയിൽ ഇന്ത്യയുടെയും ഓഹരിവില രണ്ടര ശതമാനത്തോളം ഉയർന്നു

Update: 2022-04-13 05:50 GMT

ഉയർന്നു തുടങ്ങി; വീണ്ടും കയറി. പിന്നീടു താണു. ഇന്ത്യൻ ഓഹരി വിപണി ഇന്നു രാവിലെ ചാഞ്ചാട്ടത്തിലാണ്. നിഫ്റ്റി 17,600നു മുകളിൽ വ്യാപാരം തുടങ്ങി. സെൻസെക്സ് 58,900- നു മുകളിലുമെത്തി. മുക്കാൽ ശതമാനത്തോളം ഉയർന്ന ശേഷം നേട്ടം നഷ്ടമാക്കി. ബാങ്ക്, ഐടി മേഖലകൾ നഷ്ടത്തിലേക്കു വിപണിയെ നയിച്ചു. പിന്നീടു മുഖ്യസൂചികകൾ കയറ്റവും ഇറക്കുമായി.

ആനന്ദ് റതി വെൽത്ത് ലിമിറ്റഡിൻ്റെ നാലാംപാദ ലാഭം പ്രതീക്ഷയിലും മെച്ചമായതോടെ ഓഹരിവില 14 ശതമാനത്തോളം ഉയർന്നു.

മിസിസ് ബെക്റ്റേഴ്സ് ഫുഡ് സ്പെഷാലിറ്റീസിലെ ഒരു വലിയ നിക്ഷേപകൻ 16.4 ശതമാനം ഓഹരി ഇന്നലെ കൈമാറി. ഓഹരിവില ഇന്ന് എട്ടു ശതമാനത്തിലധികം ഇടിഞ്ഞു. പിന്നീട് അൽപം കയറി.

ഹൈഡൽബർഗ് സിമൻ്റ് മധ്യപ്രദേശിൽ സൗരോർജ പ്ലാൻ്റ് കമ്മീഷൻ ചെയ്ത വാർത്ത ഓഹരിവില അഞ്ചു ശതമാനത്തോളം ഉയർത്തി.

ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളറിനു മുകളിൽ കയറിയത് ഒഎൻജിസിയുടെയും ഓയിൽ ഇന്ത്യയുടെയും ഓഹരിവില രണ്ടര ശതമാനത്തോളം ഉയർത്തി. പ്രകൃതിവാതക വില ഉയർത്തിയത് ഗ്യാസ് കമ്പനികളുടെ ഓഹരിവില കൂട്ടി.

രൂപ വീണ്ടും താണു. ഡോളർ നാലു പൈസ നേട്ടത്തിൽ 76.17 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 76.22 രൂപയിലേക്കു കയറി.

പലിശവർധന കണക്കാക്കി കടപ്പത്ര വിലകൾ താണു. 10 വർഷ കടപ്പത്രത്തിലെ നിക്ഷേപ നേട്ടം 7.25 ശതമാനത്തിലേക്കു കയറി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. 2031-ൽ കാലാവധിയാകുന്ന കടപ്പത്രങ്ങൾ 7.28 ശതമാനം നിക്ഷേപനേട്ടം നൽകുന്ന വിധം താണു.

സ്വർണം ലോക വിപണിയിൽ 1968 ഡാേളറിലായി. കേരളത്തിൽ പവന് 280 രൂപ കൂടി 39,480 രൂപയായി.

Tags:    

Similar News