വാങ്ങാം, തെക്കേ ഇന്ത്യയിലെ ഈ പ്രമുഖ സിമന്റ് കമ്പനിയുടെ ഓഹരികള്‍

അത്യാധുനിക നിര്‍മാണ കേന്ദ്രങ്ങള്‍ ഉള്ള ഇന്ത്യയിലെ 5-ാമത്തെ വലിയ സിമന്റ് കമ്പനിയാണ് രാംകോ സിമന്റ്‌സ്

Update:2022-04-11 10:30 IST

എട്ട് അത്യാധുനിക സിമന്റ് നിര്‍മാണ കേന്ദ്രങ്ങള്‍ ഉള്ള തെക്കേ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉള്ള കമ്പനിയാണ് രാംകോ സിമന്റ്‌സ് (Ramco Cements Ltd). കിഴക്കേ ഇന്ത്യന്‍ വിപണിയിലും ക്രമേണ മുന്നേറ്റം നടത്താനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പുതിയ ഉല്‍പാദന കേന്ദ്രങ്ങള്‍ ആരംഭിച്ചതും രാംകോ സൂപ്പര്‍ ക്രീറ്റ് എന്ന പുതിയ സിമന്റ് ബ്രാന്‍ഡ് പുറത്തിറക്കിയതും കാര്യമായ വരുമാന വളര്‍ച്ച നേടാന്‍ സഹായകരമായിരിക്കും.

2021-22 ലെ മൂന്നാം പാദത്തില്‍ വരുമാനം 15.5 % വര്‍ധിച്ച് 1552 കോടി രൂപയായി. അറ്റാദായം 63.4 % ഇടിഞ്ഞ് 75.6 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ് കാരണമാണ് ലാഭത്തില്‍ കുറവുണ്ടായത്. ചെലവ് കുറഞ്ഞ ഭവനങ്ങളുടെ ഡിമാന്റ് വര്‍ധിക്കുന്നതും അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നതും സിമെന്റ് കമ്പനികള്‍ക്ക് അനുകൂലമാണ്.
രാംകോ യുടെ മൊത്തം ഉല്‍പാദന ശേഷി 19.69 ദശലക്ഷം ടണ്ണാണ്. ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിന് 1380 കോടി രൂപയുടെ മൂലധന നിക്ഷേപം 2021 22 ല്‍ 9 മാസങ്ങളില്‍ നടത്തിയിട്ടുണ്ട്. ആന്ധ്ര പ്രദേശില്‍ കുര്‍ണൂലില്‍ ക്ലിങ്കറിങ് യൂണിറ്റ് ഫെബ്രുവരിയില്‍ സ്ഥാപിച്ചു.
ഇതേ സ്ഥലത്ത് 2022-23 ല്‍ സിമെന്റ് മില്ല് ആരംഭിക്കുന്നുണ്ട്. രാംകോയുടെ വരുമാനത്തിന്റെ 75 ശതമാനം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ നിന്നാണ് ലഭിക്കുന്നത്. മഹാരാഷ്ട്ര, ഒറീസ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വിപണി ക്രമേണ വ്യാപിപ്പിക്കുന്നുണ്ട്.
വൈദ്യുതി ആവശ്യങ്ങള്‍ക്കായി സ്വന്തമായി താപ വൈദ്യുത നിലയം ഉണ്ട്. കാറ്റില്‍ നിന്ന് 166 മെഗാ വാട്ട് വൈദ്യുതിയും ഉല്പാദിപ്പിക്കുന്നുണ്ട്. പെറ്റ് കോക്ക്, കല്‍ക്കരി എന്നിവയുടെ വില വര്‍ധനവ് നേരിടാന്‍ ഇതര ഇന്ധനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 2023-24 ല്‍ 1200 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും.
സിമന്റ് ഡിമാന്റ് വര്‍ധനവും, ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതും, പ്രീമിയം ബ്രാന്‍ഡുകളില്‍ നിന്ന് മെച്ചപ്പെട്ട മാര്‍ജിന്‍ ലഭിക്കുമെന്നതും രാംകോ സിമെന്റ്‌സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില -960 രൂപ
നിലവിലെ വില 813 രൂപ
(Stock Recommendation by Touch by Acumen Capital)


Tags:    

Similar News