ഇപ്പോള്‍ നിക്ഷേപിക്കാം ഈ ഓട്ടോ കമ്പനിയില്‍

ഈയാഴ്ചയില്‍ നേട്ട സാധ്യതയുള്ള ഓഹരി നിര്‍ദേശിക്കുന്നത് ജിയോജിത് റിസര്‍ച്ച് ടീം

Update:2021-06-30 12:56 IST

ഈയാഴ്ച ഓട്ടോ രംഗത്തെ ഒരു കമ്പനിയെയാണ് നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡാണ് ഈയാഴ്ച നിര്‍ദേശിക്കുന്ന കമ്പനി. ട്രക്ക് വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമാണ് അശോക് ലെയ്‌ലാന്‍ഡിന് ഉള്ളത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഈ മേഖലയില്‍ 29 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ടായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ തൊട്ടുമുന്‍ ത്രൈമാസത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 45 ശതമാനം വര്‍ധന കമ്പനിക്ക് നേടാന്‍ സാധിച്ചിരുന്നു. രാജ്യത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉണര്‍വുണ്ടായതും ഇ കോമേഴ്‌സ് ബിസിനസ് ശക്തിപ്പെട്ടതുമാണ് ഇതിന് കമ്പനിയെ സഹായിച്ച ഘടകങ്ങള്‍.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറുമാസത്തില്‍ കമ്പനി മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ട്രക്ക് സെഗ്മെന്റില്‍ വിപണി വിഹിതം കൂടുന്നുണ്ടെങ്കിലും കോവിഡ് വ്യാപനം ചെറുക്കാനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വന്നാല്‍ മാത്രമേ ബസ് സെഗ്മെന്റില്‍ ഉണര്‍വ് വരാനിടയുള്ളൂ.

2021 മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് അശോക് ലെയ്‌ലാന്‍ഡിന്റെ ഇന്‍വെന്ററി 3,400 യൂണിറ്റാണ്. റീറ്റെയ്ല്‍ ശൃംഖല വഴി വിറ്റഴിക്കാനുള്ളത്ര നെറ്റ് വര്‍ക്ക് ഇന്‍വെന്ററിയാണ് കമ്പനിക്കുള്ളത്. ഡിമാന്റ് കൂടുന്നതോടെ ഡിസ്‌കൗണ്ട് നല്‍കുന്നത് കമ്പനി കുറയ്ക്കാനിടയുണ്ട്. അതുപോലെ തന്നെ ഇന്‍വെന്ററിയില്‍ തിരുത്തലുകളും സംഭവിക്കും.

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജനമേകുന്ന പരിഷ്‌കരണ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. അതും ഈ കമ്പനിക്ക് ഗുണകരമാകും. കമ്പനിയുടെ കീഴിലുള്ള എല്ലാ ഇലക്ട്രിക് വാഹനങ്ങളെയും യുകെയിലെ ഉപകമ്പനിയായ സ്വിച്ചിന് കീഴിലാക്കാനുള്ള നീക്കവും കമ്പനിക്ക് മെച്ചമാകും. അധികം വൈകാതെ അശോക് ലെയ്‌ലാന്‍ഡിന്റെ മൊത്തം ഇലക്ട്രിക് വാഹന ബിസിനസുകളും സ്വിച്ചിന് കീഴിലാകുകയും ഇലക്ട്രിക് എല്‍ സി വി, ബസുകള്‍ക്കുള്ള സവിശേഷമായ ഇലക്ട്രിക് പ്ലാറ്റ്‌ഫോം ഒരുക്കല്‍ എന്നിവ വികസിപ്പിക്കാനും സാധ്യതയുണ്ട്.

സ്‌ക്രാപ്പേജ് പോളിസി, ഇന്‍ഫ്രാ പ്രോജക്ടുകളുടെ അതിവേഗമുള്ള നിര്‍വഹണം എന്നിവയെ ആശ്രയിച്ചിരിക്കും ആഭ്യന്തര ട്രക്ക് വിപണിയുടെ തിരിച്ചുവരവ്. ഉയര്‍ന്ന സ്റ്റീല്‍ വിലയും സെമി കണ്ടക്ടര്‍ ദൗര്‍ലഭ്യവും കമ്പനിയുടെ മാര്‍ജിനെ സ്വാധീനിക്കാനിടയുണ്ട്.

ദോസ്ത്, അതിന്റെ വകഭേദമായ ബഡാ ദോസ്ത് എന്നിവയെല്ലാം തന്നെ അശോക് ലെയ്‌ലാന്‍ഡിന് വിപണിയില്‍ മേല്‍ക്കൈ നല്‍കുന്ന ഉല്‍പ്പന്നങ്ങളാണ്. ഓരോ വാഹനത്തിനുള്ള പാര്‍ട്‌സുകളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയുള്ള കമ്പനിയുടെ മോഡുലാര്‍ പ്ലാറ്റ്‌ഫോം സ്ട്രാറ്റജിയും ഗുണകരമാകുന്ന ഒരു ഘടകമാണ്. ഇത് മൂലം വാഹനത്തിന്റെ വില കുറയുക മാത്രമല്ല ഉല്‍പ്പാദന വര്‍ധനയ്ക്കും പ്ലാനിംഗിനും സ്‌പ്ലെ ചെയ്ന്‍ മാനേജ്‌മെന്റിനുമെല്ലാം ഈ മോഡല്‍ മെച്ചമാകുന്നുണ്ട്.

ഹ്രസ്വകാലത്തേക്ക് അശോക് ലെയ്‌ലാന്‍ഡ് ഓഹരി വിലയില്‍ ചാഞ്ചാട്ടമുണ്ടാകാമെങ്കിലും വലിയൊരു ഇടിവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഞങ്ങളുടെ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ ബൈ റേറ്റിംഗാണ് ഞങ്ങള്‍ ഈ ഓഹരിക്ക് നല്‍കുന്നത്. ടാര്‍ഗറ്റ് പ്രൈസ് 145 രൂപ.

Tags:    

Similar News