ടാറ്റ പ്ലേ ഐപിഒ; ഡിസ്‌നി 10 ശതമാനം ഓഹരികള്‍ വിറ്റേക്കും
റൂപര്‍ട്ട് മര്‍ഡോക്കില്‍ നിന്ന് 21 ഫോക്‌സ് സെഞ്ച്വറിയെ ഏറ്റെടുത്തപ്പോഴാണ് ഓഹരികള്‍ ഡിസ്‌നിക്ക് ലഭിച്ചത്
ഡയറക്ട്-ടു-ഹോം സേവനമായ ടാറ്റ പ്ലേയുടെ പ്രാരംഭ ഓഹരി വില്‍ുപ്പനയില്‍ ഡിസ്‌നി 10 ശതമാനം ഓഹരികള്‍ വിറ്റേക്കും. ഐപിഒയിലൂടെ 3,200 കോടി രൂപയോളമാണ് ടാറ്റ പ്ലേ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഈ മാസം അവസാനത്തോടെ ഐപിഒയ്ക്കുള്ള ഡ്രാഫ്റ്റ് പേപ്പറുകള്‍ കമ്പനി സമര്‍പ്പിക്കും.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഡിടിഎച്ച് ശൃംഖലയായ ടാറ്റ പ്ലേയില്‍ 29.8 ശതമാനം ഓഹരികളാണ് ഡിസ്‌നിക്ക് ഉള്ളത്. ടിവി ചാനല്‍ വിതരണത്തില്‍ ഡിസ്‌നിക്ക് നിക്ഷേപം ഉള്ളത് ഇന്ത്യയില്‍ മാത്രമാണ്. റൂപര്‍ട്ട് മര്‍ഡോക്കില്‍ നിന്ന് 21 ഫോക്‌സ് സെഞ്ച്വറിയെ ഏറ്റെടുത്തപ്പോഴാണ് 2019ല്‍ ടാറ്റ പ്ലേയിലെ ഓഹരികള്‍ ഡിസ്‌നിക്ക് ലഭിച്ചത്. നിക്ഷേപത്തിന്റെ 20 ശതമാനം നേരിട്ടുള്ളതാണ്.
ഡിടിഎച്ച് കമ്പനിയില്‍ ടാറ്റ ഗ്രൂപ്പിന് 60 ശതമാനം ഓഹരികളാണ് ഉള്ളത്. 10 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനമായ ടീംസെക്കിനും ടാറ്റ പ്ലേയിലുണ്ട്. ഭാവിയില്‍ കമ്പനിയിലെ ഓഹരി വിഹിതം 20 ശതമാനമായി ടാറ്റ ഗ്രൂപ്പ് കുറച്ചേക്കും. മാര്‍ച്ച് 2022ലെ കണക്ക് അനുസരിച്ച് 33.23 മില്യണ്‍ ഉപഭോക്താക്കളാണ് ടാറ്റ പ്ലേയ്ക്ക് ഉള്ളത്. 43 മില്യണ്‍ വരിക്കാരുള്ള പ്രസാര്‍ഭാരതിയുടെ സൗജന്യ ഡിടിഎച്ച് സേവനമായ ഡിഡി ഫ്രീ ഡിഷാണ് മേഖലയില്‍ ഒന്നാമത്. കേന്ദ്രം 100 ശതമാനം വിദേശ നിക്ഷേപവും അനുവദിച്ചിട്ടുള്ള വിഭാഗമാണ് ഡിടിഎച്ച്.