ടാറ്റാ ടെക്‌നോളജീസും ഓഹരി വിപണിയിലേക്ക്

ടാറ്റയില്‍ നിന്ന് രണ്ട് ദശാബ്ദത്തിന് ശേഷം വീണ്ടുമൊരു ഐ.പി.ഒ

Update:2023-03-10 15:29 IST

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റയില്‍ നിന്ന് പുതിയൊരു സ്ഥാപനം കൂടി ഓഹരിവിപണിയിലെത്തുന്നു. ടാറ്റാ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനമായ പൂനെ ആസ്ഥാനമായുള്ള ടാറ്റാ ടെക്‌നോളജീസാണ് (ടാറ്റാ ടെക്) പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള (ഐ.പി.ഒ) അപേക്ഷ (ഡി.ആര്‍.എച്ച്.പി) സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) സമര്‍പ്പിച്ചത്.

പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍
ടാറ്റാ ടെക്കിന്റെ ഐ.പി.ഒയില്‍ നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികള്‍ മാത്രമാണ് വിറ്റഴിക്കുന്നത് (ഓഫര്‍ ഫോര്‍ സെയില്‍/ഒ.എഫ്.എസ്). പുതിയ (ഫ്രഷ്) ഓഹരികളില്ല.
ആകെ 9.57 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഇതില്‍ 8.11 കോടിയും ടാറ്റാ മോട്ടോഴ്‌സാണ് വില്‍ക്കുന്നത്. ബാക്കി ആല്‍ഫ ടി.സി ഹോള്‍ഡിംഗ്‌സും ടാറ്റാ കാപ്പിറ്റല്‍ ഗ്രോത്ത് ഫണ്ടും. നിലവില്‍ ടാറ്റാ ടെക്കില്‍ 74.69 ശതമാനം ഓഹരി പങ്കാളിത്തവും ടാറ്റാ മോട്ടോഴ്‌സിനാണ്. ആല്‍ഫയ്ക്ക് 7.26 ശതമാനവും ടാറ്റാ കാപ്പിറ്റലിന് 3.63 ശതമാനവുമാണ് പങ്കാളിത്തം.

2004ന് ശേഷം വീണ്ടും ഐ.പി.ഒ
ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ഇതിന് മുമ്പൊരു സ്ഥാപനം ഐ.പി.ഒ നടത്തിയത് 2004ല്‍ ടി.സി.എസാണ്. കഴിഞ്ഞ ഡിസംബറില്‍ ടാറ്റാ ഗ്രൂപ്പിലെ തന്നെ ടാറ്റാ പ്‌ളേയും ഡി.ആര്‍.എച്ച്.പി സമര്‍പ്പിച്ചിരുന്നെങ്കിലും തുടര്‍നടപടികളായിട്ടില്ല.
എന്‍ജിനിയറിംഗ്, ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടാറ്റാ ടെക്. ഡി.ആര്‍.എച്ച്.പി പ്രകാരം 2022 ഡിസംബര്‍ 31ന് അവസാനിച്ച 9 മാസക്കാലയളവില്‍ 3011.7 കോടി രൂപയുടെ പ്രവര്‍ത്തന വരുമാനം നേടിയ കമ്പനിയാണിത്. 407.4 കോടി രൂപയായിരുന്നു ഇക്കാലയളവിലെ ലാഭം.


Tags:    

Similar News