ടെസ്ല ഓഹരി ഇടിവ്, മസ്‌കിന് തിരിച്ചടിയാകുമോ?
മസ്‌ക് ടെസ്ല ഓഹരികള്‍ വില്‍ക്കുമോ എന്ന ആശങ്കയില്‍ ടെസ്ല ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞത്;
ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയതിന് പിന്നാലെ ആഗോളതലത്തില്‍ പല ആശങ്കകളും ഉയരുന്നുണ്ട്. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുമ്പോള്‍ ഇതിനുള്ള പണം മസ്‌ക് എങ്ങനെ കണ്ടെത്തുമെന്നായിരുന്നു ഏവരും ചിന്തിച്ചത്. 50 കാരനായ മസ്‌കിന് ട്വിറ്റര്‍ സെക്യൂരിറ്റിയില്‍ ലഭിക്കുന്ന 13 ബില്യണ്‍ ഡോളര്‍ ബാങ്ക് വായ്പയും 170 ബില്യണ്‍ ഡോളറിന്റെ ടെസ്ല ഓഹരികള്‍ പ്ലെഡ്ജ് ചെയ്യുന്നതിലൂടെ നേടിയേക്കാവുന്ന 12.5 ബില്യണ്‍ ഡോളറുമാണ് എടുത്തുപറയാവുന്നത്. അതിനാല്‍ തന്നെ ഇടപാടില്‍ വ്യക്തിപരമായി ഗ്യാരണ്ടി നല്‍കുന്ന ഇടപാടിന്റെ 21 ബില്യണ്‍ ഡോളര്‍ ഇക്വിറ്റി ഭാഗം എങ്ങനെ കവര്‍ ചെയ്യുമെന്നാണ് ഏവരും നോക്കികാണുന്നതും.
എന്നാല്‍, ട്വിറ്റര്‍ മസ്‌ക് ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല തന്നെയാണ്. ഇലോണ്‍ മസ്‌ക് ടെസ്ല ഓഹരികള്‍ വില്‍ക്കുമോ എന്ന ആശങ്കയില്‍ ടെസ്ല ഓഹരികള്‍ 12 ശതമാനമാണ് ഇടിഞ്ഞത്. കമ്പനിയുടെ വിപണിമൂല്യം 12,600 കോടി ഡോളറായി (9.45 ലക്ഷം കോടി രൂപ) കുറയുകയും ചെയ്തു. ഈ തകര്‍ച്ച തുടര്‍ന്നാല്‍ ഓഹരി പണയം വച്ച് വായ്പ എടുത്തവയ്ക്കു കൂടുതല്‍ മാര്‍ജിന്‍ കണ്ടെത്തേണ്ടി വരും. ടെസ്ല ഓഹരി പണയം വച്ചാണ് ട്വിറ്റര്‍ പിടിക്കാനുള്ള പണത്തിന്റെ നാലിലൊന്നു സമാഹരിക്കുന്നത്. ഓഹരി വിലത്തകര്‍ച്ചയെ മസ്‌ക് എങ്ങനെ മറികടക്കും എന്നാണ് വിപണി ഉറ്റുനോക്കുന്നത്.
അതേസമയം ടെസ്ലയുടെ ഓഹരികളിലെ കുത്തനെയുള്ള ഇടിവ്, ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിക്ക് ട്വിറ്റര്‍ ഇടപാടിനെക്കുറിച്ച് വീണ്ടും ചിന്തിപ്പിക്കുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.