അഞ്ച് ദിവസത്തിനിടെ ബിപിഎല്ലിന്റെ ഓഹരിവില ഉയര്‍ന്നത് 25 ശതമാനം, കാരണമിതാണ്

ഇന്ന് ബിപിഎല്ലിന്റെ ഓഹരി വിലയില്‍ 9.9 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്

Update:2021-08-30 15:46 IST

തുടര്‍ച്ചയായ മൂന്നാം ദിനവും ഓഹരി വിപണിയില്‍ മുന്നേറ്റവുമായി രാജ്യത്തെ ഇലക്ട്രോണിക്‌സ് കമ്പനിയായ ബിപിഎല്‍. അഞ്ച് ദിവസത്തിനിടെ ബിപിഎല്ലിന്റെ ഓഹരിവില 25 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഇന്ന് ബിപിഎല്ലിന്റെ ഓഹരി വിലയില്‍ 9.9 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 39.40 രൂപയാണ് ബിപിഎല്ലിന്റെ ഒരു ഓഹരിയുടെ ഇന്നത്തെ വില (1.00, 30-08-2021).

ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുമെന്ന കഴിഞ്ഞദിവസത്തെ റിപ്പോര്‍ട്ടാണ് ബിപിഎല്ലിന്റെ ഓഹരിവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള റിലയന്‍സ് റിറ്റെയ്ല്‍ ബിപിഎല്‍ ബ്രാന്‍ഡിന് കീഴിലുള്ള ഉപകരണങ്ങള്‍ നിര്‍മിച്ച് വില്‍ക്കുന്നതിനുള്ള അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ച കരാര്‍ കമ്പനി ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബിപിഎല്‍ ബ്രാന്‍ഡിന് കീഴില്‍ എസി, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ടെലിവിഷന്‍, ബള്‍ബ്, ഫാന്‍ തുടങ്ങിയ നിര്‍മിച്ച് വില്‍ക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കൂടാതെ, പുതിയ ഉല്‍പ്പന്നങ്ങളും ഈ ബ്രാന്‍ഡിന് കീഴില്‍ നിര്‍മിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്. റിലയന്‍സ് ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ തുടങ്ങിയവയിലൂടെയായിരിക്കും ഈ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. ബിപിഎല്ലിന് പുറമെ കെല്‍വിനേറ്റര്‍ ബ്രാന്‍ഡിന് കീഴിലും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിന് റിലയന്‍സ് ധാരണയാക്കിയിട്ടുണ്ട്.


Tags:    

Similar News