രാവിലെ പത്തുമണിക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് പറയുന്നത് എന്താണെന്നു കാത്തിരിക്കുകയാണ് വിപണികള്‍. പണനയ കമ്മിറ്റി (എംപിസി) രണ്ടു ദിവസം ചര്‍ച്ച നടത്തി എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ദാസ് വെളിപ്പെടുത്തും.
അടിസ്ഥാന പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണു വിലയിരുത്തല്‍. ചില്ലറ വിലക്കയറ്റം ഏഴു ശതമാനത്തിനു മുകളിലായിരിക്കുന്നതാണ് പലിശ കുറയ്ക്കാനുള്ള തടസം. റീപോ നിരക്ക് നാലു ശതമാനത്തിലും റിവേഴ്‌സ് റീപോ 3.35 ശതമാനത്തിലും തുടരും. കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) മൂന്നു ശതമാനത്തിലും സ്റ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ 18 ശതമാനത്തിലുമാണ്. അവയിലും മാറ്റം പ്രതീക്ഷിക്കുന്നില്ല.
* * * * * * * *
എല്ലാവരും ഉറ്റുനോക്കുന്നത് ജിഡിപി, വിലക്കയറ്റം എന്നിവയെപ്പറ്റിയുള്ള റിസര്‍വ് ബാങ്കിന്റെ വിലയിരുത്തലാണ്. 2020 - 21ല്‍ ജിഡിപി യില്‍ 9.6 ശതമാനം താഴ്ചയാണു കഴിഞ്ഞ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചത്. രണ്ടാം പാദ ജിഡിപി പ്രതീക്ഷയിലും മെച്ചമായതിനാല്‍ വാര്‍ഷിക പ്രതീക്ഷയും മെച്ചമാകണം. മൂന്നാം പാദത്തില്‍ അഞ്ചു ശതമാനം താഴുമെന്ന നിഗമനം എങ്ങനെയാകും മാറ്റുക എന്നും വിപണി നോക്കുന്നു. മൂന്നാം പാദത്തില്‍ ഒന്നോ രണ്ടോ ശതമാനം താഴ്ച, നാലാംപാദത്തില്‍ ജിഡിപി വളര്‍ച്ച, വാര്‍ഷികമായി 8-9 ശതമാനം താഴ്ച എന്നാണു നിരീക്ഷകരുടെ നിഗമനം. ആര്‍ബിഐ വിലയിരുത്തല്‍ ഇതിലും മെച്ചമായാല്‍ വിപണിക്ക് അതു വലിയ ആവേശം പകരും.
ചില്ലറ വിലക്കയറ്റം ഉച്ച നില കഴിഞ്ഞെന്നും ഭക്ഷ്യ വില താഴുമെന്നും ആണു ധനമന്ത്രാലയം ഇന്നലെ അവകാശപ്പെട്ടത്. ആര്‍ബിഐക്ക് ഇതേപ്പറ്റിയുള്ള കാഴ്ചപ്പാട് ഇന്നറിയാം. ഇന്ധനവില കൂടുന്നതും ഭക്ഷ്യ എണ്ണ, പയര്‍വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില താഴാന്‍ മടിക്കുന്നതും വിലക്കയറ്റം കുറയാന്‍ തടസമാണ്.
* * * * * * * *
റിസര്‍വ് ബാങ്കിന്റെ പണനയം, ക്രൂഡ് ഉല്‍പാദനം ചെറിയ തോതില്‍ കൂട്ടാനുള്ള ഒപെക് പ്ലസ് തീരുമാനം, ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ ബി ജെ പി പ്രകടനം, കാര്‍ ഉല്‍പാദനം കൂട്ടാനുള്ള മാരുതിയുടെയും ഹ്യൂണ്ടായിയുടെയും നീക്കം, ബാങ്കുകളുടെ ഡിജിറ്റല്‍ സേവനങ്ങളിലെ അപാകതകള്‍ക്കെതിരായ റിസര്‍വ് ബാങ്ക് നടപടി: ഇന്ന് ഓഹരി വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്.
വ്യാഴാഴ്ച അനിശ്ചിതത്വം പ്രകടിപ്പിച്ച വിപണിക്കു പാശ്ചാത്യ വിപണികളുടെ പ്രകടനം വലിയ ആവേശം പകരുന്നതല്ല. ഏഷ്യന്‍ വിപണികള്‍ രാവിലെ ചെറിയ താഴ്ചയിലാണ്.
ഡോളര്‍ വിദേശത്തു താഴോട്ടു പോവുകയാണ്. രൂപ ഇന്നലെ നേട്ടമുണ്ടാക്കി. 16 പൈസ താണ് ഡോളര്‍ 73.93 രൂപയായി.
* * * * * * * *
നവംബര്‍ അവസാനം ഏറ്റ തിരിച്ചടി മറികടന്നു മുന്നേറാനാണു സ്വര്‍ണ വിപണി ശ്രമിക്കുന്നത്. ചില ചെറിയ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വിറ്റത് ഒരു പ്രവണതയുടെ തുടക്കമല്ലെന്നു ബോധ്യമായി. ഏറ്റവും വലിയ സ്വര്‍ണ വിപണിയായ ഇന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായും സൂചനയുണ്ട്. ഇന്നു രാവിലെ ഔണ്‍സിന് 1842 ഡോളറിലാണു സ്വര്‍ണം.
* * * * * * * *
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഒപെക് (എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന) മറ്റു പ്രമുഖ എണ്ണ ഉല്‍പാദകരുമായി ധാരണയിലെത്തി. ജനുവരിയില്‍ പ്രതിദിന ഉല്‍പാദനം അഞ്ചുലക്ഷം വീപ്പ വര്‍ധിപ്പിക്കും. ഒരു മാസത്തിനു ശേഷം വിലയിരുത്തിയിട്ട് തുടര്‍ നടപടി. ഈ ഒത്തുതീര്‍പ്പ് വില ക്രമേണ കൂട്ടാന്‍ സഹായിക്കും. വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയാകും വിലയെ പ്രധാനമായി സ്വാധീനിക്കുക.
* * * * * * * *
നവംബറില്‍ രാജ്യത്തെ സേവന മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കുറഞ്ഞു. ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ സര്‍വീസസ് ബിസിനസ് ആക്റ്റിവിറ്റി സൂചികയിലാണ് ഈ കണ്ടെത്തല്‍.
ഒക്ടോബറില്‍ 54.1 ആയിരുന്ന സൂചിക നവംബറില്‍ 53.7 ആയി താണു. നവംബറില്‍ ഫാക്ടറി ഉല്‍പാദന പിഎംഐയും ഇതേ പോലെ താണിരുന്നു .
എന്നാല്‍ ഒന്‍പതു മാസത്തിനിടയിലെ ഏറ്റവും മികച്ച തൊഴില്‍ വര്‍ധന നവംബറില്‍ ഉണ്ടായെന്നു സര്‍വേ കാണിച്ചു.
ഫാക്ടറി ഉല്‍പാദനവും സേവനവും ചേര്‍ത്തുള്ള കോംപസിറ്റ് പിഎംഐ ഒക്ടോബറിലെ58ല്‍ നിന്ന് 56.3 ആയി നവംബറില്‍ താണു.
ഫാക്ടറി ഉല്‍പാദന മേഖലയില്‍ വിലക്കയറ്റത്തെപ്പറ്റി ആശങ്ക കൂടുകയാണ്. വിലക്കയറ്റം ക്രമേണ ഡിമാന്‍ഡ് കുറയ്ക്കുമെന്നു കമ്പനികള്‍ ഭയപ്പെടുന്നു. എന്നാല്‍ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ വളര്‍ച്ച തുടരുമെന്നു കരുതുന്നു.
* * * * * * * *
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങളിലെ പോരായ്മകള്‍ക്കു നേരേ വിരല്‍ ചൂണ്ടി റിസര്‍വ് ബാങ്ക്. പോരായ്മകള്‍ തീര്‍ക്കും വരെ പുതിയ ക്രെഡിറ്റ് കാര്‍ഡ് വരിക്കാരെ ചേര്‍ക്കാന്‍ പാടില്ല, പുതിയ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യരുത്. രണ്ടു വര്‍ഷത്തിനുള്ളില്‍ മൂന്നാം തവണയും ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെട്ട തിനു പിന്നാലെയാണ് ഈ നടപടി.
നവംബര്‍ 21നായിരുന്നു മൂന്നാമത്തെ സംഭവം. ബാങ്കിന്റെ ഡാറ്റാ കേന്ദ്രത്തില്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്നാണു ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെട്ടത്. മണിക്കൂറുകളോളം എടിഎം, ക്രെഡിറ്റ് കാര്‍ഡ്, ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ഇതേപ്പറ്റി വിശദീകരണം തേടിയ ശേഷമാണ് വിലക്ക്. പ്രശ്‌നം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് പരിശോധിച്ചു സത്വര പരിഹാര നടപടികള്‍ എടുക്കണമെന്നു റിസര്‍വ് ബാങ്ക് കര്‍ശനമായി നിര്‍ദേശിച്ചു.
2018ല്‍ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനു തകരാര്‍ ഉണ്ടായി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബാങ്കിന്റെ നെറ്റ് മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ രണ്ടു ദിവസത്തേക്ക് പ്രവര്‍ത്തനരഹിതമായി.
* * * * * * * *
എച്ച്ഡിഎഫ്‌സി ബാങ്ക് ഡിജിറ്റല്‍ 2.0 എന്ന പേരില്‍ ടെക്‌നോളജി കമ്പനികളോടും ഫിന്‍ടെക് കമ്പനികളോടും ചേര്‍ന്ന് ഡിജിറ്റല്‍ സേവനം പുതിയ തലത്തിലേക്ക് ഉയര്‍ത്താന്‍ നടപടി എടുത്തു വരികയായിരുന്നു. വര്‍ച്വല്‍ ബാങ്കിംഗ് സേവനം തുടങ്ങാനും ഡിജിറ്റല്‍ 2.0 വഴി ഉദ്ദേശിക്കുന്നു.
രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിനോടു ഡിജിറ്റല്‍ 2.0 യുടെ നടപടികള്‍ നിര്‍ത്തിവച്ച് എല്ലാം പുന:പരിശോധിക്കാനാണു പ്രയോഗത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെഷീന്‍ ലേണിംഗ്, നിര്‍മിത ബുദ്ധി, റോബട്ട് സേവനം, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിയാണു ഡിജിറ്റല്‍ 2.0 ഉദ്ദേശിച്ചത്.
ഈ നടപടികള്‍ വൈകാന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ കാരണമാകുമോ? വൈകിയാല്‍ ബാങ്കിന്റെ എതിരാളികളാകും സന്തോഷിക്കുക.
* * * * * * * *
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിജിറ്റല്‍ സേവനങ്ങളില്‍ തടസം വന്നതിനാല്‍ ബാങ്കിന്റെ ഡിജിറ്റല്‍ വികസനത്തിന് റിസര്‍വ് ബാങ്ക് താല്‍ക്കാലിക വിലക്ക് പ്രഖ്യാപിച്ചു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് ആയ എസ്ബിഐ യുടെ യോനോ ആപ്പ് തടസപെട്ടു. കുറേ ദിവസങ്ങളായി മിക്കവാറും ഇടപാടുകാര്‍ യോനോയില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നു.
ഇവ ഒറ്റപ്പെട്ട കാര്യങ്ങളല്ല. രാജ്യത്തെ മിക്ക ബാങ്കുകളും ടെക്‌നോളജി പ്രശ്‌നങ്ങള്‍ വിവിധ അളവുകളില്‍ നേരിടുന്നുണ്ട്. ഇടപാടുകാര്‍ സമൂഹമാധ്യമങ്ങളില്‍ കോലാഹലം ഉണ്ടാക്കിയാലേ വലിയ ജനശ്രദ്ധ കിട്ടൂ. അതിനു തുനിയാതെ മറ്റുവഴികളിലൂടെ തങ്ങളുടെ ആവശ്യം നിറവേറ്റുന്നവരാണു ഭൂരിപക്ഷം ഇടപാടുകാരും. അതിനാല്‍ ബാങ്കുകള്‍ വിമര്‍ശനമേല്‍ക്കാതെയും നടപടി ഉണ്ടാകാതെയും പ്രശ്‌നങ്ങള്‍ തീരുന്നു.
ഇതില്‍ നിന്നു വ്യത്യസ്തമായി എച്ച്ഡിഎഫ്‌സി ബാങ്ക് കാര്യത്തിലെ ആര്‍ബിഐ നടപടി. (അതിനു പിന്നില്‍ എന്തു കളികള്‍ ഉണ്ടായാലും ഇല്ലെങ്കിലും). സേവനത്തിലുണ്ടാകുന്നതടസങ്ങളും വീഴ്ചകളും 'ടെക്‌നിക്കല്‍ ഇഷ്യു ' എന്നു പറഞ്ഞുള്ള ലഘൂകരണവും ഒഴിഞ്ഞു മാറലും ഇനി സമ്മതിക്കില്ലെന്നാണ് ആര്‍ബിഐ നടപടി സൂചിപ്പിക്കുന്നതെങ്കില്‍ അതൊരു നല്ല തുടക്കമാകും.
* * * * * * * *
മാസങ്ങളായി ഉണര്‍വില്ലാതിരുന്ന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഓഹരി കഴിഞ്ഞ ഒരു മാസം കൊണ്ട് 20 ശതമാനം കയറി. എന്നാല്‍ ഇന്നലെ അപ്രതീക്ഷിതമായി എസ്ബിഐ ഓഹരിയില്‍ വലിയ കുതിപ്പ് ഉണ്ടായി. വിദേശ ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ ബാങ്കിന്റെ ഓഹരികള്‍ ഇനിയും കയറുമെന്ന് നിരീക്ഷിച്ചതാണു കാരണം.
എസ്ബിഐയുടെ ഈ വര്‍ഷത്തെ പ്രതി ഓഹരി വരുമാനം ആറു മുതല്‍ 12 വരെ ശതമാനം കൂടുമെന്ന് ബ്രോക്കറേജ് വിലയിരുത്തി. ഓഹരി വില 330 രൂപയിലെത്തുമെന്ന മുന്‍ പ്രവചനം തിരുത്തി 360 രൂപയാക്കി. ഇന്നലെ എസ്ബിഐ ഓഹരി 259 രൂപയിലെത്തിയ ശേഷം 3.87 ശതമാനം ഉയര്‍ച്ചയില്‍ 256.35 രൂപയില്‍ ക്ലോസ് ചെയ്തു.
* * * * * * * *
റിസര്‍വ് ബാങ്ക് രണ്ടു മാസം കൂടുമ്പോള്‍ രാജ്യത്തെ സാമ്പത്തികനില വിലയിരുത്തി പണനയത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കും. വിലക്കയറ്റം നാലു ശതമാനത്തില്‍ നിര്‍ത്തുക (കുറഞ്ഞതു രണ്ടു ശതമാനം, കൂടിയത് ആറു ശതമാനം) എന്നതാണു ബാങ്കില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതു പാലിക്കുകയും ജിഡിപി വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള നടപടികളാണു ബാങ്ക് പ്രഖ്യാപിക്കുക. പലിശ നിരക്കും പണലഭ്യതയും ക്രമീകരിക്കുന്നതാണു പണനയത്തില്‍ ചെയ്യുന്നത്. പലിശ കൂടുകയും പണലഭ്യത കുറയുകയും ചെയ്താല്‍ വില കുറയുമെന്നാണു മോണിറ്ററിസ്റ്റ് ധനശാസ്ത്രജ്ഞര്‍ പറയുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine