'ഓഹരി വിലകള്‍ ഇടിയുന്നു. ഇത് നിക്ഷേപത്തിനുള്ള മികച്ച അവസരം.' ഇതുപോലുള്ള ഉപദേശങ്ങള്‍ പലര്‍ക്കും ഇപ്പോള്‍ ലഭിക്കുന്നുണ്ടാകും. ഓഹരികള്‍ വാങ്ങാനുള്ള സമയമായോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. നിക്ഷേപ തീരുമാനങ്ങള്‍ മാറ്റിവെച്ച് ഇപ്പോള്‍
ചെയ്യേണ്ട കാര്യങ്ങള്‍ ചിലതുണ്ട്.
1. പണം കൈയില്‍ സൂക്ഷിക്കുക: ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രധാനം കൈയിലുള്ള പണം തന്നെയാണ്. ഇപ്പോള്‍, ഓഹരി വിപണിയില്‍ നിക്ഷേപിച്ച പണമോ മറ്റ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതോ വേദനാജനകമായിരിക്കും. നഷ്ടവും സംഭവിക്കാം. എന്നിരുന്നാലും കൈയില്‍ പണമില്ലെങ്കില്‍ കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തും മുമ്പേ ഓഹരികള്‍ വില്‍പ്പന നടത്തുന്നതാണ് നല്ലത്. ഇത് നിക്ഷേപത്തിന് ഒട്ടും അനുയോജ്യമായ സമയമല്ല. ഭാവിയെ കരുതി ഇപ്പോള്‍ നിക്ഷേപിക്കുക എന്നാല്‍ ഇരുണ്ട വഴിയിലേക്ക് വെളിച്ചമില്ലാതെ നടക്കുന്നതിന് സമാനമാണ്. അക്ഷരാര്‍ത്ഥത്തില്‍ നാം എല്ലാവരും യുദ്ധമുഖത്താണ്. അതിജീവനമാണ് പ്രധാനം. ഏറ്റവും കുറഞ്ഞത് മൂന്നുമാസത്തേക്കെങ്കിലും കുടുംബം പുലര്‍ത്താനും ചികിത്സകള്‍ക്കും
മറ്റാവശ്യങ്ങള്‍ക്കുമുള്ള പണം കൈയില്‍ കരുതുക.
2. ഇത് മുന്‍പെങ്ങുമില്ലാത്ത സാഹചര്യം, അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക: കേരളീയര്‍ പ്രളയം രണ്ടെണ്ണം അനുഭവിച്ചു. നിപ്പ ബാധയും കണ്ടു. എന്നാല്‍ കൊറോണ വൈറസ് ബാധ തികച്ചും പുതിയ കാര്യമാണ്. ഇവിടെ മാത്രമല്ല, ലോകത്തെവിടെയും. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദേശങ്ങള്‍ അതേപടി അനുസരിക്കുക. വ്യാജ സന്ദേശങ്ങള്‍ അവഗണിക്കുക. സാമൂഹ്യമാധ്യമങ്ങളിലെ എല്ലാ പ്രചാരണങ്ങളും സത്യമാകണമെന്നില്ല.
3. ആസ്തികള്‍ വില്‍ക്കാനോ വാങ്ങാനോ ഇതല്ല അവസരം: ഏതാണ്ടെല്ലാ ബിസിനസുകളും സ്തംഭനാവസ്ഥയിലാണ്. ഇത് രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ മുതല്‍ ചെറുകിട ഇടത്തരം സ്ഥാപനങ്ങളെ വരെ പ്രതികൂലമായി ബാധിക്കും. ഓഹരി വിലകള്‍ ഇനിയും താഴും. ബിസിനസുകാര്‍ക്ക് ചിലപ്പോള്‍ ഈ സമയത്ത് ഫിനാന്‍സ് സംബന്ധമായ തീരുമാനങ്ങളെടുക്കേണ്ടി വരും. എന്നാല്‍ സാധാരണ നിക്ഷേപകന്‍ ഈ അവസരത്തില്‍ ആസ്തികള്‍ വാങ്ങാനോ വില്‍ക്കാനോ പുനഃക്രമീകരിക്കാനോ പോകാതിരിക്കുന്നതാണ് ഉചിതം.
4. സൂപ്പര്‍മാര്‍ക്കറ്റ് വീട്ടിലെത്തിക്കണ്ട: മാര്‍ക്കറ്റില്‍ സാധനങ്ങള്‍ തീര്‍ന്നുപോയേക്കാമെന്ന കണക്കുകൂട്ടലില്‍ ആവശ്യമുള്ളതും അല്ലാത്തതുമെല്ലാം വീട്ടില്‍ വാങ്ങി സംഭരിക്കേണ്ട. ആവശ്യത്തിന് മാത്രം എല്ലാം കരുതുക. സൂര്യനുദിക്കാത്ത, വെള്ളമോ വായുവോ ഇല്ലാത്ത ദിനങ്ങളിലേക്കൊന്നും നാമിപ്പോള്‍ പോകാന്‍ പോകുന്നില്ല. അതുകൊണ്ട് അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുക.
5. നിക്ഷേപത്തിന്റെ മൂല്യം കുറഞ്ഞതില്‍ ആശങ്കവേണ്ട, വരുമാനം ഉറപ്പാക്കുക: ഓഹരി വിപണിയിലെ തകര്‍ച്ച മൂലം പലരുടെ നിക്ഷേപത്തിന്റെ മൂല്യം കുത്തനെ ഇടിഞ്ഞുകാണും. പക്ഷേ അതിലും നിര്‍ണായകമായ കാര്യമാണ് നിങ്ങളുടെ വരുമാനം. കമ്പനികള്‍ നിര്‍ബന്ധിത അവധി തന്നാലും വേതനം ലഭിക്കാന്‍ സാഹചര്യമുണ്ടോ?
വൈറസ് ബാധ കഴിയുമ്പോള്‍ തിരിച്ചു ചെല്ലാന്‍ നിങ്ങള്‍ക്ക് ജോലിയുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭാഗ്യവാനാണ്. അതുകൊണ്ട് ഓഹരി വില തകര്‍ച്ച മൂലമുള്ള നിക്ഷേപത്തില്‍ വന്ന കുറവിനെ കുറിച്ച് ഓര്‍ക്കണ്ട. പ്രതിസന്ധികള്‍ മാറുമ്പോള്‍ ഓഹരി വിപണികള്‍ തിരിച്ചുകയറും. കാത്തിരിക്കണമെന്ന് മാത്രം.
6. യഥാര്‍ത്ഥ സ്ഥിതി തിരിച്ചറിയുക: യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. അതിനുള്ള പരിഹാരം കണ്ടെത്തിയിട്ടുമില്ല. പേടിയും ആശങ്കയും ഒഴിവാക്കണം. പകരം ഇത് ലോകത്തെ
പുതിയൊരു കാര്യമാണെന്ന് തിരച്ചറിയണം. ഇത്രയേറെ വ്യാപ്തിയുള്ള മഹാമാരി, നാം ഇതിനു മുമ്പ് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാനുള്ള ആഹ്വാനം കൂടിയാണ് നമുക്ക് നല്‍കുന്നത്. അതുകൊണ്ട് തന്ത്രപരമായി ചിന്തിക്കുക. തയ്യാറായി ഇരിക്കുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline