ആറ് ആഴ്ചക്കിടെ 110 ശതമാനം നേട്ടം, ഈ ഓഹരിയുടെ കുതിപ്പിന് പിന്നിലെന്ത്?

ഇന്ന് ഓഹരിവിലയില്‍ ഒമ്പത് ശതമാനത്തിന്റെ ഉയര്‍ച്ചയാണുണ്ടായത്

Update: 2022-06-24 10:15 GMT

ആറ് ആഴ്ചക്കിടെ ഓഹരി വിലയില്‍ 110 ശതമാനത്തിന്റെ നേട്ടവുമായി മിന്നും പ്രകടനം നടത്തി സ്റ്റെര്‍ലിംഗ് ടൂള്‍സ് (എസ്ടിഎല്‍). ഇന്ത്യയിലെ രണ്ടാമത്തെ ഓട്ടോമോട്ടീവ് ഫാസ്റ്റനര്‍ നിര്‍മാതാക്കളായ എസ്ടിഎല്ലിന്റെ ഓഹരി വില ഇന്ന് മാത്രം ഒന്‍പത് ശതമാനത്തോളമാണ് ഉയര്‍ന്നത്. ഇതോടെ ഓഹരി വില മൂന്ന് വര്‍ഷത്തെ ഉയര്‍ന്നനിലയായ 260 രൂപയിലെത്തി. മികച്ച ബിസിനസ് നേടുമെന്ന പ്രതീക്ഷയാണ് എസ്ടിഎല്ലിന്റെ ഓഹരി വില ഉയരാന്‍ കാരണം.

മെയ് 13 മുതല്‍, ഓഹരി വിലയായ 123.20 ല്‍നിന്ന് 260 രൂപയിലേക്കാണ് ഉയര്‍ന്നത്. പിന്നാലെ 2019 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ ഓഹരി വിലയെത്തി. 2017 ഡിസംബര്‍ എട്ടിലെ 478 രൂപയാണ് ഈ ഓഹരിയുടെ എക്കാലത്തെയും ഉയര്‍ന്ന നില.
എസ്ടിഎല്‍ മാരുതി സുസുകി ഇന്ത്യ, ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടേഴ്സ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാന്‍ഡ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് നിര്‍മാതാക്കളുമായി ബിസിനസ് നടത്തുന്നുണ്ട്. കൂടാതെ, ജിയാങ്സു ജിടേക്കുമായുള്ള പങ്കാളിത്തത്തിലൂടെ ഇവികള്‍ക്കായുള്ള മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ (എംസിയു) നിര്‍മാണ രംഗത്തേക്കും എസ്ടിഎല്‍ അടുത്തിടെ പ്രവേശിച്ചു. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ എംസിയു കമ്പനികളിലൊന്നാണിത്.
അതിനിടെ 2021 ജൂലൈയില്‍, ഹൈ-സ്പീഡ് ഇലക്ട്രിക് ടൂവീലര്‍ ആപ്ലിക്കേഷനായി ഒരു പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാവില്‍ നിന്ന് 60 കോടി രൂപയുടെ ഓര്‍ഡര്‍ എസ്ടിഎല്ലിന്റെയും ജിയാങ്സു ജിടേക്കിന്റെയും സംയുക്തസംരംഭമായ സ്റ്റെര്‍ലിംഗ് ജിടേക്ക് ഇ-മൊബിലിറ്റി നേടിയിരുന്നു. അതേ ഉപഭോക്താവില്‍ നിന്ന് 100 കോടി രൂപയുടെ ഫോളോ-അപ്പ് ഓര്‍ഡറും ലഭിച്ചു. മറ്റ് 10 ഇവി ഒഇഎമ്മുകളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.



Similar News