കുതിപ്പിനൊടുവില്‍ ഓഹരി വിപണിയില്‍ കിറ്റെക്‌സ് താഴോട്ട്, കാരണമിതാണ്

തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു കിറ്റെക്‌സ് ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്നത്

Update: 2021-07-16 09:57 GMT

വിവാദങ്ങള്‍ക്കിടെ അഞ്ച് ദിവസങ്ങളിലുണ്ടായ കുതിപ്പിനൊടുവില്‍ ഓഹരി വിപണിയില്‍ കിറ്റെക്‌സ് താഴോട്ട്. ജൂലൈ 14 ന് 204 രൂപയിലെത്തിയ ഓഹരി വിലയാണ് ഇന്ന് 174.45 രൂപയിലെത്തി നില്‍ക്കുന്നത്. രണ്ട് ദിവസമായി കിറ്റെക്‌സിന്റെ ഓഹരി വില താഴോട്ടാണ്. സംസ്ഥാന സര്‍ക്കാരുമായുള്ള വിവാദങ്ങള്‍ക്കിടെ കിറ്റെക്‌സ് ഓഹരി വില കുതിച്ചുയര്‍ന്നതിന് പിന്നാലെ നിക്ഷേപകര്‍ ലാഭമെടുക്കാന്‍ തുടങ്ങിയതാണ് ഓഹരി വില കുറയാന്‍ കാരണം.

തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന കിറ്റെക്‌സ് എംഡി സാബു എം ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു കിറ്റെക്‌സ് ഓഹരി വിപണിയില്‍ കുതിച്ചുയര്‍ന്നത്. ജൂലൈ എട്ടിന് 117 ആയിരുന്ന ഓഹരി വില തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളിലെ കുതിപ്പിനൊടുവില്‍ 200 കടക്കുകയായിരുന്നു. അഞ്ച് ദിവസത്തിനിടെ 285 കോടിയുടെ മൂല്യവര്‍ധനയാണ് കമ്പനിക്കുണ്ടായത്. കുതിപ്പ് തുടര്‍ന്നതോടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 2015 ജൂണിലെ 750 രൂപ കടക്കുമെന്നും നിരവധി പേര്‍ പ്രതീക്ഷിച്ചു. അതേസമയം ഇതൊരു സ്വാഭാവിക തിരുത്തലാണെന്ന് കരുതുന്നവരുമുണ്ട്.
നിലവിലൈ സാഹചര്യത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള തീരുമാനങ്ങള്‍ കിറ്റെക്‌സിന്റെ ഓഹരി വിലയെ സ്വാധീനിക്കും. മറ്റ് സംസ്ഥാനങ്ങള്‍ കൂടി കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ച സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ കിറ്റെക്‌സ് വീണ്ടും കുതിക്കുമെന്നാണ് നിക്ഷേപകര്‍ കരുതുന്നത്.


Tags:    

Similar News