ലിസ്റ്റിംഗ് തുകയെക്കാള്‍ 34 ശതമാനത്തോളം ഇടിഞ്ഞ് ഈ ജുന്‍ജുന്‍വാല സ്‌റ്റോക്ക്

940 രൂപയെന്ന ഉയരത്തില്‍ നിന്നും 595 രൂപ വരെ ഇടിഞ്ഞ് ഓഹരി

Update:2022-06-23 13:03 IST

എസ് ആന്‍ഡ് പി അഥവാ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ (സ്റ്റാര്‍ ഹെല്‍ത്ത്) ഓഹരികള്‍ ബുധനാഴ്ചത്തെ വ്യാപാരത്തില്‍ ബിഎസ്ഇയില്‍ 2.5 ശതമാനം ഇടിഞ്ഞ് 595 രൂപ എന്ന റെക്കോര്‍ഡ് താഴ്ച്ചയിലേക്ക് എത്തി. 2022 മാര്‍ച്ച് 16-ന് 603 എന്ന താഴ്ന്ന നിലയിലേക്ക് പതിച്ചിരുന്നെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തിയിരുന്നു. സ്റ്റാര്‍ ഹെല്‍ത്ത് 2021 ഡിസംബര്‍ 10-ന് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത് 900 രൂപ നിരക്കിലാണ്. പിന്നീട് ഇത് 940 രൂപയെന്ന ഉയര്‍ന്ന നിലയില്‍ ലിസ്റ്റിംഗും നടത്തി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ബിഎസ്ഇ സെന്‍സെക്സില്‍ ഒരു ശതമാനം ഇടിവുണ്ടായപ്പോള്‍, എസ് ആന്റ് പി ഓഹരി വിപണിയില്‍ 14 ശതമാനവും ഇടക്കാല ഇടിവ് രേഖപ്പെടുത്തി. നിലവില്‍ ലിസ്റ്റിംഗ് വിലയില്‍ നിന്നു നോക്കിയാല്‍ 34-35 ശതമാനത്തോളം ഇടിവ് തുടരുകയാണ്. രാകേഷ് ജുന്‍ജുന്‍വാല പ്രൊമോട്ടറായ കമ്പനി ആരോഗ്യമേഖലയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയാണ്.

ഐപിഒയില്‍ മോശം പ്രതികരണം നേടിയ ഓഹരി നിക്ഷേപകരില്‍ നിന്നും ആകെ 79 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍ മാത്രമാണ് അന്നത്തെ ഓഹരി വില്‍പ്പനയില്‍ നിന്നും നേടിയത്.

കമ്പനി വരുമാനത്തില്‍ കോവിഡ് കാലത്ത് വന്‍ നഷ്ടവും രേഖപ്പെടുത്തിയിരുന്നു. അതേസമയം, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ (FY22) സ്റ്റാര്‍ ഹെല്‍ത്ത് 1,041 കോടി രൂപയുടെ അറ്റനഷ്ടം ആണ് റിപ്പോര്‍ട്ട് ചെയ്തത്.

2021 സാമ്പത്തിക വര്‍ഷത്തിലെ 1,086 കോടി രൂപയുടെ അറ്റനഷ്ടത്തില്‍ നിന്ന് ഇത് അല്‍പ്പം മെച്ചപ്പെട്ട കണക്കാണ്. മൊത്തം വരുമാനം 111 ശതമാനം വര്‍ധിച്ച് 4,877 കോടി രൂപയില്‍ നിന്ന് 10,289 കോടി രൂപയായതായും കാണാം.

നിലവില്‍ 567 രൂപയ്ക്കാണ് ഓഹരി ട്രേഡിംഗ് തുടരുന്നത്. ജുന്‍ജുന്‍വാലയും (14.40 ശതമാനം) ഭാര്യ രേഖ ജുന്‍ജുന്‍വാലയും (3.11 ശതമാനം) 2022 മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് സ്റ്റാര്‍ ഹെല്‍ത്ത് കമ്പനിയില്‍ 17.51 ശതമാനം ഓഹരികള്‍ ആണ് കൈവശം വച്ചിട്ടുള്ളത്.

Tags:    

Similar News