അറ്റാദായം ഉയര്‍ന്നത് 1000 ശതമാനം, പിന്നാലെ ഓഹരി വിലയില്‍ 35 ശതമാനത്തിന്റെ കുതിപ്പും; അറിയുമോ ഈ കേരള കമ്പനിയെ

മൊത്തവരുമാനത്തില്‍ 161 ശതമാനത്തിന്റെ വര്‍ധനവാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്

Update:2022-08-05 11:45 IST

Photo : Canva

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഓഹരിവിപണിയില്‍ കുതിച്ചുപാഞ്ഞ് കേരള കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ ലിമിറ്റഡ്. സിന്തറ്റിക് റൂട്ടൈലിന്റെ പ്രമുഖ നിര്‍മാതാക്കളായ കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ ജൂണ്‍ പാദത്തില്‍ 99.17 കോടി രൂപയുടെ മൊത്തവരുമാനമാണ് നേടിയത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 30ന് അവസാനിച്ച പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 161 ശതമാനം വര്‍ധനവാണിത്. കഴിഞ്ഞകാലയളവില്‍ 37.9779 കോടി രൂപയായിരുന്നു മൊത്തം വരുമാനം.

അതേസമയം, അറ്റാദായത്തില്‍ 1018 ശതമാനത്തിന്റെ വര്‍ധനവും കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി നേടി. മുന്‍വര്‍ഷത്തെ കാലയളവില്‍ 0.9186 കോടി രൂപ അറ്റനഷ്ടം രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞപാദത്തില്‍ അറ്റാദായം 8.4386 കോടി രൂപയായി.

മാര്‍ച്ച് പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തവരുമാനത്തില്‍ 29.7 ശതമാനവും അറ്റാദായത്തില്‍ 11 ശതമാനം വര്‍ധനവുമാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ച് പാദത്തില്‍ 76.4 കോടി, 7.58 കോടി എന്നിങ്ങനെയായിരുന്നു യഥാക്രമം മൊത്തം വരുമാനവും അറ്റാദായവും.

ജൂണ്‍ പാദത്തിലെ മികച്ച പ്രവര്‍ത്തനഫലത്തിന് പിന്നാലെ രണ്ട് ദിവസമായി കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ ലിമിറ്റഡിന്റെ ഓഹരി വില കുതിക്കുകയാണ്. ഇന്നലെ 20 ശതമാനം ഉയര്‍ന്ന ഈ ഓഹരി ഇന്ന് രാവിലെ 15 ശതമാനത്തോളം ഉയര്‍ന്നു. അതായത് രണ്ട് ദിവസത്തിനിടെ ഓഹരി വില ഉയര്‍ന്നത് 35 ശതമാനം. ഇന്ന് രാവിലെ 11.30ക്ക് 12 ശതമാനം നേട്ടത്തോടെ 153.45 രൂപയിലാണ് ഈ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നത്. ഒരു മാസത്തിനിടെ 37 ശതമാനത്തിന്റെ നേട്ടവും കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ ലിമിറ്റഡ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

Tags:    

Similar News