സമാഹരിക്കുന്നത് 2,500 കോടി രൂപ, ഈ ലോജിസ്റ്റിക്‌സ് കമ്പനിയും ലിസ്റ്റിംഗിന്
പുതിയ ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ;
ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ബെയിന്‍ ക്യാപിറ്റല്‍ പിന്തുണയുള്ള ജെഎം ബാക്സി (JM Baxi) പോര്‍ട്ട്സ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ലിമിറ്റഡും. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 2,500 കോടി രൂപ (315 മില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായി രേഖകള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് (SEBI) മുമ്പാകെ ഫയല്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഓഹരികളുടെ വില്‍പ്പനയും ഓഫര്‍ ഫോര്‍ സെയ്‌ലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജെഎം ബാക്സി പോര്‍ട്ട്സ് ആന്‍ഡ് ലോജിസ്റ്റിക്സില്‍ 35 ശതമാനം ഓഹരിയുള്ള ബെയിന്‍ ക്യാപിറ്റലും ഓഫര്‍ ഫോര്‍ സെയ്‌ലില്‍ പങ്കാളിയായേക്കും. കൂടാതെ, ഐപിഒയ്ക്ക് മുന്നോടിയായി ഒരു സ്വകാര്യ പ്ലെയ്സ്മെന്റും നടത്താന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. പ്രാഥമിക ഓഹരി വില്‍പ്പനയില്‍നിന്നുള്ള വരുമാനം കടം തിരിച്ചടയ്ക്കാനും ബിസിനസിലെ നിക്ഷേപങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കുമായാണ് വിനിയോഗിക്കുക.
നേരത്തെ ഇന്റര്‍നാഷണല്‍ കാര്‍ഗോ ടെര്‍മിനല്‍സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ജെ എം ബാക്‌സി പോര്‍ട്ട്സ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ഷിപ്പിംഗ് ലോജിസ്റ്റിക് സേവന രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. 105 വര്‍ഷത്തെ പാരമ്പര്യമുള്ള ജെഎം ബാക്‌സി ഗ്രൂപ്പിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സമുദ്ര, ലോജിസ്റ്റിക് സ്ഥാപനങ്ങളില്‍ ഒന്നാണിത്.