വേദാന്ത് ഫാഷന്‍സ് പുതിയ ഉയരങ്ങളിലേക്കോ? ഒരു മാസത്തിനിടെ ഓഹരി വില 20 ശതമാനം ഉയര്‍ന്നു
52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 2022 ഫെബ്രുവരി 24 ലെ 793 രൂപയില്‍നിന്ന് ഓഹരി വില 34 ശതമാനത്തോളമാണ് വര്‍ധിച്ചത്;
അടുത്തിടെ ലിസ്റ്റ് ചെയ്ത വേദാന്ത് ഫാഷന്‍ ലിമിറ്റഡിന്റെ ഓഹരി വില പുതിയ ഉയരങ്ങള്‍ തൊട്ടു. ഒരു മാസത്തിനിടെ 20 ശതമാനത്തോളം ഉയര്‍ന്ന വേദാന്ത് ഫാഷന്റെ ഓഹരി വില 1012 രൂപയിലാണ് എത്തിനില്‍ക്കുന്നത്. തിങ്കളാഴ്ചത്തെ ഇന്‍ട്രാ-ഡേ ട്രേഡില്‍ ഓഹരി വില ഒരു ഘട്ടത്തില്‍ ബിഎസ്ഇയില്‍ 7 ശതമാനം ഉയര്‍ന്ന് 1,065 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. 2022 ഫെബ്രുവരി 16-ന് ഈ ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച വേദാന്ത് ഫാഷന്റെ ഓഹരി വില മാര്‍ച്ച് 31ന് 1025 രൂപ എന്ന നിലയിലെത്തിയിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്സ് 11 ശതമാനം ഉയര്‍ന്നപ്പോള്‍ വേദാന്ത് ഫാഷന്‍സ് 20 ശതമാനം ഉയര്‍ന്ന് വിപണിയെ മറികടന്നു. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 2022 ഫെബ്രുവരി 24ലെ 793 രൂപയില്‍നിന്ന് 34 ശതമാനത്തോളമാണ് വീണ്ടെടുത്തത്. ഓഹരിയൊന്നിന് 866 രൂപ നിരക്കില്‍ ഓഹരികള്‍ ഇഷ്യൂ ചെയ്ത വേദാന്ത് ഫാഷന്‍ 3,150 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിച്ചത്.
'മാന്യവര്‍' എന്ന ബ്രാന്‍ഡിന് കീഴിലുള്ള ഇന്ത്യന്‍ വിവാഹ, ആഘോഷ വിപണിയിലെ ഒരു വിഭാഗം ലീഡറാണ് വേദാന്ത് ഫാഷന്‍സ്. 2022 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസത്തില്‍ വേദാന്ത് ഫാഷന്‍സ് അതിന്റെ ഏകീകൃത അറ്റാദായത്തില്‍ 165 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി 226 കോടി രൂപയിലെത്തി. ഇക്കാലയളവിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 373 കോടിയില്‍ നിന്ന് 745 കോടി രൂപയായി.