ഇപ്പോള്‍ എവിടെ, എങ്ങനെ നിക്ഷേപിക്കണം?
ഇപ്പോള്‍ നിക്ഷേപിക്കണോ അതോ നിക്ഷേപിക്കാതിരിക്കണോ? നിക്ഷേപിക്കണമെങ്കില്‍ എവിടെ, എങ്ങനെ?
ഓഹരി നിക്ഷേപകര്‍ അത്യാഹ്ലാദത്തിലായിരുന്ന നാളുകള്‍ പോയ്മറഞ്ഞു. വിപണിയിലേക്കുള്ള പണമൊഴുക്കിന് നിയന്ത്രണം വന്നതോടെ ലോകമെമ്പാടുമുള്ള ഓഹരിവിപണികളിലെ ആവേശം കൊടിയിറങ്ങി. ഉയര്‍ന്നുവരുന്ന നാണ്യപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ പലിശ നിരക്ക് (Interest Rate) വര്‍ധനവിനെ കേന്ദ്ര ബാങ്കുകള്‍ ആശ്രയിച്ചതോടെ നിരക്കുകള്‍ ഉയര്‍ന്നുതുടങ്ങി. ഓഹരി വിപണി ക്ഷീണത്തിലായി.
2021 ഒക്ടോബറില്‍ സെന്‍സെക്സ് (Sensex) 62,245.43ലും നിഫ്റ്റി 18,604.45ലും തൊട്ടപ്പോള്‍ ഓഹരി നിക്ഷേപകര്‍ ആഹ്ലാദത്തിന്റെ പരകോടിയിലായിരുന്നു. പിന്നീട് കഥമാറി. വലിയ ചാഞ്ചാട്ടങ്ങള്‍ കണ്ടു. ഇതോടെ സാഹസിക നിക്ഷേപങ്ങള്‍ നടത്തിയവരുടെ കൈയും പൊള്ളി. അമിത വിലക്കയറ്റവും പലിശ വര്‍ധനയും ഇപ്പോള്‍ ഒരേ സമയം ഉണ്ടായിരിക്കുകയാണ്. ഇതുരണ്ടും ചേരുമ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറയും. വ്യാപാര മാന്ദ്യവും നിക്ഷേപ മാന്ദ്യവും സംഭവിക്കും. ഇത് ജിഡിപി കുറയാനും തൊഴിലുകളുടെ ലഭ്യത ചുരുങ്ങാനും ഇടയാക്കും.
സങ്കീര്‍ണമായ ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ എവിടെ, എങ്ങനെയാണ് നിക്ഷേപിക്കേണ്ടത്? സ്ഥിരനിക്ഷേപത്തിലേക്ക് തിരിഞ്ഞാലോ? പരമ്പരാഗത നിക്ഷേപ രീതിയാണ് ബാങ്ക് നിക്ഷേപം. ഓഹരി വിപണിയില്‍അസ്ഥിരതയുണ്ടാകുമ്പോള്‍ സംഭവിക്കുന്ന ഏറ്റവും സങ്കടകരമായ കാര്യം,നിക്ഷേപകര്‍ കൂട്ടത്തോടെ സ്ഥിരനിക്ഷേപങ്ങളെ ആശ്രയിക്കുന്നുവെന്നതാണ്. നാണ്യപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന കാലത്ത് ഈ രീതി സ്വീകരിക്കുന്നത് എന്തുകൊണ്ടും അഭികാമ്യമല്ല, മാഴ്സലെസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി (Saurabh Mukherjea) മുന്നറിയിപ്പ് നല്‍കുന്നു. എന്നിരുന്നാലും നിക്ഷേപകരില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ ബാങ്ക് സ്ഥിരനിക്ഷേപത്തെ തന്നെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍, റിസ്‌ക്കെടുക്കാന്‍ തീരെ താല്‍പ്പര്യമില്ലാത്തവര്‍, ബാങ്ക് സ്ഥിരനിക്ഷേപത്തിനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
ദീര്‍ഘകാല സ്ഥിരനിക്ഷേപത്തിന് ഇപ്പോള്‍ പലിശ നിരക്ക് അല്‍പ്പം കൂടുതലായിരിക്കും. എന്നാല്‍ ആ ആകര്‍ഷണത്തില്‍ വീഴരുത്. കാരണം, വായ്പാ പലിശനിരക്ക് ഉയര്‍ന്നെങ്കിലും ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപ പലിശ നിരക്ക് അതിനനുസൃതമായി കൂട്ടിയിട്ടില്ല. വരുന്ന ആറ് മാസം അല്ലെങ്കില്‍ ഒരു വര്‍ഷത്തിനിടെ നിക്ഷേപ പലിശ നിരക്ക് ഉയരാം. അപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ നടത്തുന്ന നിക്ഷേപത്തിന് ആ നിരക്ക് ലഭിക്കില്ല. അതുകൊണ്ട് ദീര്‍ഘകാല നി ക്ഷേപത്തിന് ഇപ്പോള്‍ മുതിരരുത്. മാത്രമല്ല, നിക്ഷേപം ഒരുമിച്ച് നടത്തുകയും വേണ്ട. നിക്ഷേപത്തുക വിഭജിച്ച്, പല സ്ഥിരനിക്ഷേപങ്ങളാക്കി വേണം നിക്ഷേപിക്കാന്‍.
സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ മറ്റൊരു നിക്ഷേപ മാര്‍ഗവും നോക്കാതിരിക്കരുത്. ഇതാ, രണ്ടു വിദഗ്ധര്‍ ഇപ്പോള്‍ അഭികാമ്യമായതെന്തെന്ന് പറയുന്നു.