എന്തുകൊണ്ട് ഇപ്പോള്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കരുത്? സൂരജ് നായര്‍ എഴുതുന്നു

Update:2020-06-02 13:38 IST

സ്വര്‍ണ്ണത്തിന്റെ വില ഇത്തരത്തില്‍ കൂടുന്നത് കണ്ട് പല നിക്ഷേപകരും അതിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. എന്നാല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് സ്വര്‍ണ്ണത്തിന് ഇപ്പോള്‍ വില കൂടുന്നതെന്ന് നിങ്ങള്‍ അറിയണം. ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ വില കൂടുന്നതിന് കാരണം യുഎസ് ഡോളറിന്റെ മൂല്യം കൂടുന്നതുകൊണ്ടാണ്. ഡോളര്‍ നല്‍കി നാം സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുകയാണ്. രൂപയുടെ മൂല്യം കുറയുകയും യുഎസ് ഡോളറിന്റെ മൂല്യം കൂടുകയും ചെയ്യുന്നതുകൊണ്ട് ഇവിടെ സ്വാഭാവികമായും സ്വര്‍ണ്ണത്തിന് വില കൂടും. യുഎസ് സാമ്പത്തികവ്യവസ്ഥ മോശം രീതിയിലേക്കാണ് പോകുന്നതെന്ന് ആഗോള സാമ്പത്തികവ്യവസ്ഥയ്ക്ക് ഒരു തോന്നലുണ്ടായാലും കൂടുതല്‍ ഫണ്ടുകളും സ്വര്‍ണ്ണത്തിലേക്ക് പോകാം. അതുകൊണ്ട് സ്വര്‍ണ്ണത്തിന്റെ വില കൂടാനുള്ള ചില സാധ്യതകള്‍ കാണുന്നുണ്ടെങ്കിലും സ്വര്‍ണ്ണം ഇപ്പോള്‍ നല്ലൊരു നിക്ഷേപമാണെന്ന് പറയാനാകില്ല.

പണപ്പെരുപ്പം ബാധിക്കാതെ പണം സൂക്ഷിച്ചുവെക്കാനുള്ള ഒരു മാര്‍ഗ്ഗമായി (store of value) സ്വര്‍ണ്ണത്തെ കാണാം എന്നല്ലാതെ അതിനെ ഒരു നിക്ഷേപമായി പരിഗണിക്കരുത്. അതായത് നമുക്ക് ഭാവിയിലേക്ക് പണം സൂക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം കാണുക. സൂക്ഷിക്കേണ്ട പണം ഇത്തരത്തില്‍ സ്വര്‍ണ്ണം ആയി മാറ്റിയെടുത്ത് സൂക്ഷിക്കാം. ഇതിന് കാരണം രൂപയോ ഡോളറോ ആയി പണം സൂക്ഷിച്ചാല്‍ അവയുടെ മൂല്യം ഇടിയുമോ എന്ന് നമുക്കറിയില്ല. എന്നാല്‍ ലോകത്തെല്ലായിടത്തും പരിമിതമായ സ്വര്‍ണ്ണം മാത്രമേയുള്ളു. മൂല്യം കൂടാമെങ്കിലും അത് പ്രതീക്ഷിച്ച് നിക്ഷേപിക്കരുത്. ഡോളറിന്റെ മൂല്യം കുറഞ്ഞാല്‍ സ്വര്‍ണ്ണത്തിന്റെ വിലയും കുറഞ്ഞേക്കാമെങ്കിലും വലിയ ഇടിവൊന്നും ഉണ്ടാകില്ല. ദീര്‍ഘകാലത്തേക്ക് സുരക്ഷിതമായ നിക്ഷേപമാണ്.

സ്വര്‍ണ്ണത്തെ മാത്രമായി നോക്കിക്കാണാതെ, മറ്റു നിക്ഷേപപദ്ധതികളെ താരതമ്യം ചെയ്ത് പറയുമ്പോള്‍ അതൊരു നല്ല നിക്ഷേപമാര്‍ഗമല്ല എന്നാണ് എന്റെ അഭിപ്രായം. പണം സൂക്ഷിക്കാനുള്ള മാര്‍ഗം മാത്രം. സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കണമെങ്കില്‍ തന്നെ ഒരിക്കലും ആഭരണമായി വാങ്ങാതിരിക്കുക. അതിന് 15-20 ശതമാനത്തോളം പണിക്കൂലി കൊടുക്കേണ്ടിവരും. ഗോള്‍ഡ് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം.

ബാങ്ക് നിക്ഷേപങ്ങളും ഈ സാഹചര്യത്തില്‍ ആകര്‍ഷകമല്ല. ബിസിനസുകള്‍ അതിജീവിക്കണമെന്നുണ്ടെങ്കില്‍ പലിശനിരക്ക് കുറയണം. സാമ്പത്തികഞെരുക്കമുള്ള ഈ ഘട്ടത്തില്‍ നിരവധിപ്പേര്‍ക്ക് വായ്പകള്‍ ആവശ്യമാണ്, അതും കുറഞ്ഞ പലിശനിരക്കില്‍. എങ്കില്‍ മാത്രമേ പുതിയ ബിസിനസുകള്‍ക്ക് വരാനും നിലവിലുള്ള ബിസിനസുകള്‍ക്ക് മുന്നോട്ടുപോകാനും സാധിക്കൂ. എങ്കിലേ തൊഴിലവസരങ്ങളുണ്ടാകൂ. അതുകൊണ്ടുതന്നെ പലിശനിരക്ക് കുറയ്ക്കാനുള്ള ഒരു സാധ്യതയുള്ളതിനാല്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് ആകര്‍ഷണീയത കുറയും.

റിയല്‍ എസ്റ്റേറ്റില്‍ പഴയ നേട്ടം കിട്ടില്ല

റിയല്‍ എസ്റ്റേറ്റില്‍ കൂടുതലും റെഡിഡന്‍ഷ്യല്‍ ആണെങ്കില്‍ക്കൂടി വില നിയന്ത്രിക്കുന്നത് കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് ആണ്. ബിസിനസുകള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോഴാണ് റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ കൂടുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വിലകളില്‍ പലയിടത്തും തിരുത്തലുകളുണ്ടായി. റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ അമിതമായി കൂടിനിന്നിരുന്ന സാഹചര്യമായിരുന്നു. ഇതില്‍ തിരുത്തലുണ്ടാകാന്‍ ഒരു കാരണം കാത്തുനില്‍ക്കുകയായിരുന്നു. ആ കാരണമാണ് കോവിഡിന്റെ രൂപത്തില്‍ എത്തി. ഒരു പരിധിക്ക് മുകളില്‍ റിയല്‍ എസ്റ്റേറ്റ് വിലകള്‍ കൂടിയാല്‍ ലോകത്തുള്ള പല ബിസിനസുകള്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അവിടെ ഒരു തിരുത്തലുണ്ടാകും. അത് ആവശ്യവുമാണ്. ഡിമാന്റ് കുറഞ്ഞേക്കും. പക്ഷെ ഒരു നിക്ഷേപം എന്ന രീതിയിലുള്ള നേട്ടം റിയല്‍ എസ്റ്റേറ്റില്‍ നിന്ന് ഇനി കിട്ടില്ല. അതിന്റെ കാലം കഴിഞ്ഞു. 8-10 ശതമാനമൊക്കെ നേട്ടം മാത്രമേ കിട്ടുകയുള്ളു. ഈ സമയത്ത് നിക്ഷേപിക്കാതിരിക്കുന്നതായിരിക്കും ബുദ്ധി.

ഇനി ഓഹരിവിപണിയിലേക്ക് വന്നാല്‍ ലോക്ഡൗണ്‍ സമയത്ത് നമ്മുടെ എക്കൗണ്ടില്‍ പണമില്ല, നമുക്ക് പണം ആവശ്യമാണെങ്കില്‍ ഏത് നിക്ഷപമാര്‍ഗത്തില്‍ നിന്നാണ് പണം ലഭിച്ചത്? റിയല്‍ എസ്റ്റേറ്റ് വില്‍ക്കാനോ സ്വര്‍ണ്ണം പണയം വെക്കാനോ ഒന്നും പറ്റാതിരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചത് ഓഹരിവിപണി മാത്രമായിരുന്നു. ഓഹരിവില ഇടിഞ്ഞെങ്കില്‍കൂടിയും പണം ലഭിക്കുമായിരുന്ന ഓപ്ഷന്‍ അത് മാത്രമായിരുന്നു. ആ ലിക്വിഡിറ്റി ഓഹരിയുടെ മാത്രം സവിശേഷതയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്പനികള്‍ നല്ല വാല്യുവേഷനിലാണ്. നല്ല സാമ്പത്തിക അടിത്തറയും മികച്ച മാനേജ്‌മെന്റും ഉള്ള കമ്പനികളുടെ ഓഹരികള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുത്ത് നിക്ഷേപിക്കാവുന്നതാണ്. അത്തരം കമ്പനികള്‍ നോക്കി തെരഞ്ഞെടുക്കാനുള്ള പ്രാവീണ്യം ഇല്ലാത്ത സാധാരണക്കാര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളോ എസ്.ഐ.പിയോ തെരഞ്ഞെടുക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News