ഫെഡറല്‍ ബാങ്കിന് ശേഷം ജുന്‍ജുന്‍വാല സ്വന്തമാക്കിയ ഈ ബാങ്ക് ഓഹരിയും മെച്ചപ്പെടുമെന്ന് വിദഗ്ധര്‍!
ജുന്‍ജുന്‍വാല പുതുതായി പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ത്ത മൂന്ന് സ്‌റ്റോക്കുകളില്‍ 200 രൂപയില്‍ താഴെ മാത്രം വിലയുള്ള ഈ ബാങ്കിംഗ് സ്‌റ്റോക്ക് ഓഹരിവിപണിയില്‍ ചര്‍ച്ചയാകുന്നതെങ്ങനെ?
റീറ്റെയ്ല്‍ നിക്ഷേപകര്‍ എപ്പോഴുംഉറ്റുനോക്കുന്ന എയ്‌സ് നിക്ഷേപകനാണ് രാകേഷ് ജുന്‍ജുന്‍വാല. വിപണിയില്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യങ്ങള്‍, തെരഞ്ഞെടുക്കുന്ന സ്റ്റോക്കുകള്‍ എന്നിവയെല്ലാം എപ്പോഴും ചര്‍ച്ചാവിഷയമാകാറുമുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ തന്റെ പോര്‍ട്ട് ഫോളിയോയിലേക്ക് ജുന്‍ജുന്‍വാല ചേര്‍ത്ത മൂന്നു സ്‌റ്റോക്കുകള്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(SAIL), ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, കനറാ ബാങ്ക് എന്നിവയാണ്.
ഇതില്‍ കനറാ ബാങ്ക് ആണ് ഓഹരിവിപണിയിലെ വിദഗ്ധര്‍ ഉറ്റുനോക്കുന്ന ഒരു ഓഹരി. ബിഗ് ബുളിന്റെ പോര്‍ട്ട്ഫോളിയോയിലെ കനറാ ബാങ്ക് ഓഹരികള്‍ അടുത്തിടെ ഇന്ത്യന്‍ എക്സ്ചേഞ്ചുകളില്‍ തങ്ങളുടെ പങ്കാളിത്തമറിയിച്ചിരുന്നു.
സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ പുതിയ രാകേഷ് ജുന്‍ജുന്‍വാല സ്റ്റോക്ക് 175 രൂപവരെ ഉടന്‍ എത്തിയേക്കാം.
എംകെ ഗ്ലോബല്‍ സെക്യൂരിറ്റീസിലെ ചില വിദഗ്ധര്‍ വിലയിരുത്തുന്നത്, ഡിസംബര്‍ 2020 ല്‍ 109 രൂപയായിരുന്ന ഷെയര്‍ ഇപ്പോള്‍ 150 ലാണ് ട്രേഡിംഗ് നടത്തുന്നത്. ബാങ്കിന്റെ അടിസ്ഥാനകാര്യങ്ങളും മൂലധന സമാഹരണവും കണക്കിലെടുത്ത് വരും മാസങ്ങളില്‍ സറ്റോക്ക് കയറിയേക്കാമെന്നും ഇവര്‍ പറയുന്നു.
ഓഗസ്റ്റ് 17 മുതല്‍ 24 വരെയുള്ള ക്വാളിഫൈയ്ഡ് ഇൻസ്റ്റിട്യൂഷണല്‍ പ്ലേസ്‌മെന്റിലൂയെ (ക്യുഐപി) 149.35 രൂപയ്ക്ക് 16,73,92,032 ഓഹരികളുടെ അലോട്ട്‌മെന്റ് കനറാബാങ്ക് നടത്തിയിരുന്നു. പിന്നീട് 155.7 രൂപയിലേക്ക് രണ്ട് ശതമാനം ഉയര്‍ച്ചയോടെ കമ്പനി ഷെയറുകള്‍ ട്രേഡിംഗ് നടത്തി.
എല്‍ഐസി, ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജ്, മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ, സൊസൈറ്റ് ജനറല്‍ തുടങ്ങിയ മാര്‍ക്യൂ നിക്ഷേപകര്‍ ഐപിഒ വഴി കനറാ ബാങ്കില്‍ ഓഹരികള്‍ വാങ്ങിയിട്ടുണ്ട്. എല്‍ഐസി 2.66 കോടി ഓഹരികള്‍ അല്ലെങ്കില്‍ മൊത്തം ഇഷ്യു വലുപ്പത്തിന്റെ 15.91% ആണ് സ്വന്തമാക്കിയിട്ടുള്ളത്. ബിഎന്‍പി പാരിബാസ് 2.1 കോടി ഓഹരികളും നേടി.
കനറാ ബാങ്കിന്റെ റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഇപ്പോള്‍ കനറാ ബാങ്കിന്റെ 1.59% അല്ലെങ്കില്‍ 10 രൂപ മുഖവിലയുള്ള 2,88,50,000 ഓഹരികള്‍ കൈവശമുണ്ട്. കാനറാ ബാങ്ക് സ്റ്റോക്ക് പോലെ തന്നെ ഫെഡറല്‍ ബാങ്കിലും കരൂര്‍ വൈശ്യ ബാങ്കിലും ജുന്‍ജുന്‍വാലയ്ക്ക് ഓഹരികളുണ്ട്.