ഇന്ത്യന്‍ ഓഹരി വിപണിയിലെ മുന്നേറ്റം തുടരുമോ, നിക്ഷേപകര്‍ എന്തു ചെയ്യണം?
ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഏതാനും വർഷങ്ങൾക്കുള്ളിൽ 100000 പോയ്ന്റ് തൊടുമെന്നും അതല്ല, താഴാനുള്ള സാഹചര്യമുണ്ടെന്ന് പ്രവചിക്കുന്നവരുമുണ്ട്
നിക്ഷേപകര്‍ക്ക് വന്‍ നേട്ടം നല്‍കി ഇന്ത്യന്‍ ഓഹരി വിപണി കുതിപ്പ് തുടരുകയാണ്. ചരിത്രത്തിലാദ്യമായി 60,000 പോയ്ന്റ് കടന്ന് സെന്‍സെക്‌സ് കരുത്തുകാട്ടിയപ്പോള്‍ സമ്പത്ത് സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ആഗോള തലത്തില്‍ തന്നെ മുന്നിലായി. കഴിഞ്ഞ മാര്‍ച്ച് 23 മുതലുള്ള കണക്കു പ്രകാരം നിഫ്റ്റി നല്‍കിയത് 134.59 ശതമാനം റിട്ടേണ്‍ ആണ്. സെന്‍സെക്‌സ് 131.12 ശതമാനവും. മൂന്നാം സ്ഥാനത്തുള്ള യുഎസ് നാസ്ഡാക് 119.4 ശതമാനം വരുമാനം മാത്രമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. കൊറിയന്‍ വിപണി 110.81 ശതമാനം നേട്ടവും റഷ്യയുടെ ആര്‍ടിഎസ്‌ഐ 97.01 ശതമാനവും റിട്ടേണ്‍ നല്‍കി ആദ്യ അഞ്ചില്‍ സ്ഥാനം പിടിച്ചു.
നിലവില്‍ ഇന്ത്യന്‍ വിപണി 3455 ശതകോടി ഡോളര്‍ മൂലധനവുമായി ലോകത്തെ ഏറ്റവും വലിയ ആറാമത്തെ വിപണിയാണ്. 50733 ശതകോടി ഡോളറുമായി മുന്നില്‍ യുഎസ് ആണ്. ചൈന (12258 ശതകോടി ഡോളര്‍), ജപ്പാന്‍ (7131 ശതകോടി ഡോളര്‍), ഹോംഗ്‌കോംഗ് (6322 ശതകോടി ഡോളര്‍), യുകെ (3650 ശതകോടി ഡോളര്‍) എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. 3324 ശതകോടി ഡോളര്‍ മൂല്യമുള്ള ഫ്രാന്‍സ് പിന്നിലാണ്. ഈ നിലയില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ യുകെയെ പിന്തള്ളുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യന്‍ വിപണിയുടെ കുതിപ്പിന് പല കാരണങ്ങളുണ്ട്. റീറ്റെയ്ല്‍ നിക്ഷേപകരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന, സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്നത്, കോവിഡിനെതിരായ വാക്‌സിന്‍ വിതരണം ലോകവ്യാപകമായി വിജയകരമായി നടന്നു വരുന്നത്, വിദേശ സ്ഥാപക നിക്ഷേപകര്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപിച്ചു തുടങ്ങിയത്, മികച്ച കോര്‍പറേറ്റ് ഫലങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ അതിനു പിന്നിലുണ്ട്.
സെന്‍സെക്‌സ് 50000 പോയ്ന്റില്‍ നിന്ന് 60000 ത്തിലെത്താന്‍ എടുത്തത് കേവലം 166 ട്രേഡിംഗ് സെഷനുകള്‍ മാത്രമാണ്. 40000 ത്തില്‍ നിന്ന് 50000ത്തിലെത്താന്‍ 416 സെഷനുകള്‍ വേണ്ടി വന്നിരുന്നു. അടുത്ത നാലഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി ഒരു ലക്ഷം പോയ്ന്റ് എന്ന സ്വപ്‌നതുല്യ നേട്ടത്തിലെത്തുമെന്ന് മോർഗൻ സ്റ്റാൻലിയിലെ ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് റിഥം ദേശായി അഭിപ്രായപ്പെടുന്നു.
പിന്നോക്കം പോകുമോ?
ഫണ്ടിന്റെ ഒഴുക്കും ഉത്സവ സീസണുമായി ബന്ധപ്പെട്ട വില്‍പ്പനയിലൂടെ ആഭ്യന്തര വിപണി ശക്തമാകുന്നതും വിപണിയുടെ മുന്നേറ്റത്തിനുള്ള സാധ്യതകളാണ്. എന്നാല്‍ പലിശ നിരക്കില്‍ ഉണ്ടാകുന്ന വര്‍ധന വിപണിയെ ദോഷകരമായി ബാധിക്കും. യുഎസ് സെന്‍ട്രല്‍ ബാങ്ക് നിലവിലുള്ള പലിശ കൂട്ടാനാണ് തീരുമാനിക്കുന്നതെങ്കില്‍ ഓഹരി വിലയില്‍ തിരുത്തലിന് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാനായില്ലെങ്കിലും വിപണിക്ക് തിരിച്ചടിയാകും.
നിക്ഷേപകര്‍ എന്തു ചെയ്യണം?
വിപണി വലിയ ഉയരത്തിലെത്തുമ്പോള്‍ ലാഭമെടുപ്പിന് മുതിരാനാകും പല നിക്ഷേപകരുടെയും തീരുമാനം. ഇപ്പോള്‍ നിക്ഷേപം പിന്‍വലിക്കണോ എന്നുള്ളത് വ്യക്തിപരമായ ആവശ്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ നിക്ഷേപം എല്ലാം എല്ലാം ഒരേ ഫണ്ടില്‍ ആകുന്നത് നല്ലതല്ലെന്ന് വിദഗ്ധർ പറയുന്നു. അടിസ്ഥാന പിന്തുണയില്ലാതെ മുന്നേറിക്കൊണ്ടിരിക്കുന്ന ഇടത്തരം ചെറുകിട ഓഹരികളിലെ നിക്ഷേപം കുറയ്ക്കുന്നതാകും നല്ലത്. ഇത്തരം ഓഹരികള്‍ വിറ്റൊഴിയുന്നത് റിസ്‌ക് കുറയ്ക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
വീടോ കാറോ ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തിയതെങ്കിലും അതിനായി എല്ലാം നിക്ഷേപവും പിന്‍വലിക്കാതെ ഭാഗികമായി പിന്‍വലിച്ച് ആവശ്യം നേടാമെന്നു ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് സ്ട്രാറ്റജിസ്റ്റ് ഡോ. വി. കെ. വിജയകുമാർ അഭിപ്രായപ്പെടുന്നു. നിലവിലെ സ്ഥിതിയില്‍ ബാക്കി കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വായ്പ പ്രയോജനപ്പെടുത്തുകയാവും നല്ലത്. ഇന്നത്തേക്കാള്‍ എത്രയോ ഉയരത്തിലാകും കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വിപണിയെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപം കഴിയുന്നതും തുടരുന്നതു തന്നെയാകും അഭികാമ്യം.